രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യാറുണ്ടോ? വൃക്കയുടെ ആരോഗ്യം അപകടത്തിൽ, കല്ലുകളുണ്ടാകാനുള്ള സാധ്യത ഉയരും– പഠനം

ഇന്ന് പല തൊഴിൽ വിഭാഗങ്ങളിലും രാത്രി ഷിഫ്റ്റുകൾ നിലവിലുണ്ട്. സാധാരണ രാവിലെ ജോലിചെയ്യുന്നതുപോലെ, ഇവർ രാത്രിയിൽ ജോലി ചെയ്യുന്നു. പകൽസമയം ജോലിചെയ്യാൻ തുടങ്ങിയും രാത്രിയിൽ വളരെ വൈകീട്ട് വരെ തുടരുന്നവരും ഇതിൽ ഉൾപ്പെടുന്നു. ഇത്തരം തൊഴിൽ ശൈലിയിൽ ദീർഘകാലം ഏർപ്പെടുന്നത് ശരീരത്തിന്റെ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയും ഊർജ്ജം, ഭക്ഷണശീലങ്ങൾ, മാനസികാവസ്ഥ എന്നിവയെ ബാധിക്കുകയും ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു.
എന്നാൽ, ഈ ശൈലി വൃക്കകൾക്ക് ദോഷകരമാണെന്നാണ് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നത്. രാത്രി ഷിഫ്റ്റിൽ ജോലി ചെയ്യുന്നവർക്ക്, പ്രത്യേകിച്ച് ചെറുപ്പക്കാർക്കും അധിക കായികാധ്വാനമില്ലാത്ത ജോലികളിലേർപ്പെടുന്നവരും വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് പഠനം കണ്ടെത്തി. മയോ ക്ലിനിക്ക് പ്രൊസീഡിംഗ്സിൽ ആണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഏകദേശം 14 വർഷങ്ങൾക്കുള്ളിൽ രണ്ട് ലക്ഷത്തിലധികം ആളുകളെ നിരീക്ഷിച്ചതിന് ശേഷമാണ് ഗവേഷകർ പഠനം പ്രസിദ്ധീകരിച്ചത്. ആരൊക്കെ രാത്രിയിൽ ജോലി ചെയ്തു, എത്ര തവണ, എത്രകാലം എന്നിവ പരിശോധിച്ചു. സാധാരണ പകൽ ജോലിക്കാരെ അപേക്ഷിച്ച് ഷിഫ്റ്റ് ജോലിക്കാരുടെ വൃക്കയിൽ കല്ലുകൾ ഉണ്ടാകാനുള്ള അപകടസാധ്യത 15% കൂടുതലായിരിക്കുമെന്ന് പഠനഫലം തെളിയിക്കുന്നു..
ഇത് പ്രായമായ തൊഴിലാളികളെ മാത്രമല്ല ബാധിച്ചത്. പകരം, രാത്രി ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്ന ചെറുപ്പക്കാരായ ജീവനക്കാരെയാണ് ഏറ്റവും മോശമായി ബാധിച്ചത്. അധികം കായികാധ്വാനം ആവശ്യമില്ലാത്ത (ഡെസ്ക് ജോലി പോലുള്ള) ജോലികൾ ചെയ്യുന്നവരും കൂടുതൽ അപകടസാധ്യതയിലായിരുന്നു.
എന്താണ് വൃക്കയിലെ കല്ലുകൾ ?
ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ഇത്തരം പരലുകൾ കൂടുതൽ എണ്ണം ഒന്നിച്ച് ചേർന്ന് പതുക്കെ വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും. ഇവ വൃക്കകളിൽ രൂപപ്പെട്ട് മൂത്രവാഹിനിക്കുഴലിലേക്കും മൂത്രസഞ്ചിയിലേക്കുമൊക്കെ എത്താൻ സാധ്യതയുണ്ട്.
ഇത്തരത്തിൽ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകൾ എന്ന് പൊതുവേ പറയുന്നത്. ചെറിയ പരലുകൾ ആണെങ്കിൽ അവ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. എന്നാൽ ഈ പരലുകൾക്ക് വലുപ്പം കൂടുമ്പോൾ അവ കുടുങ്ങിക്കിടക്കും. അപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
ലക്ഷണങ്ങൾ
വേദനയാണ് പ്രധാന ലക്ഷണം. പെട്ടെന്ന് പിൻ ഭാഗത്ത് വാരിയെല്ലുകളുടെ താഴെ നിന്ന് അടിവയറ്റിലേക്ക് വേദന പടർന്ന് കയറും. മൂത്രത്തിന്റെ അളവ് കുറയൽ, കല്ല് മൂത്രവാഹിനിക്കുഴലിലും മറ്റും ഉരയുന്നതുമൂലം മുറിവുണ്ടാകുമ്പോൾ മൂത്രത്തിൽ രക്തം കലരുക എന്നിവ പ്രധാന ലക്ഷണങ്ങളാണ്. മൂത്രാണുബാധയ്ക്കും അപൂർവമായി വൃക്കകളുടെ പ്രവർത്തനത്തകരാറിനും കല്ലുകൾ കാരണമാകാറുണ്ട്. കൃത്യസമയത്ത് ചികിത്സ ലഭിക്കാതെ രോഗം ഗുരുതരമായി അണുബാധയായി മാറിയാൽ പനിയും വിറയലുമൊക്കെ ഉണ്ടാകാം. കല്ലിന്റെ വലുപ്പം, ആകൃതി, കല്ല് സ്ഥിതി ചെയ്യുന്ന സ്ഥലം എന്നിവയ്ക്കനുസരിച്ച് ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ കാണാറുണ്ട്.
Content Highlights: New study reveals night shift work significantly increases the risk of kidney stones, especially for young, sedentary workers. Learn more about the potential health impacts and symptoms.