നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണോ? പ്രമേഹം, വിറ്റാമിൻ ഡി കുറവ് എന്നിവ പിന്നാലെ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

നൈറ്റ് ഷിഫ്റ്റുകളിൽ ജോലിചെയ്യുന്നവർക്ക് മുന്നറിയിപ്പുമായി പഠനം. രാത്രികാലങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരിൽ പ്രമേഹം, ഹോർമോൺ അസന്തുലിതാവസ്ഥ, വിറ്റാമിൻ ഡിയുടെ കുറവ് എന്നിവയ്ക്ക് സാധ്യത കൂടുതലാണെന്നാണ് പഠനം പറയുന്നത്. ഇന്ത്യൻ ജേർണൽ ഓഫ് എൻഡ്രോക്രിനോളജി & മെറ്റബോളിസം എന്ന ജേർണലിലാണ് ഇതുസംബന്ധിച്ച പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നൈറ്റ് ഷിഫ്റ്റുകളിൽ ജോലി ചെയ്യുന്നതിലൂടെ ഉറക്കം തടസ്സപ്പെടുകയും ഇത് നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാവുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നത് ജൈവഘടികാരത്തെ ബാധിക്കുകയും ഉറങ്ങുകയും എഴുന്നേൽക്കുകയും ചെയ്യുന്നതിൽ മാറ്റംവരുത്തുകയും ചെയ്യും. ക്രമേണ ഹോർമോൺ അസന്തുലിതാവസ്ഥയ്ക്കും അനുബന്ധ ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും.

പകൽസമയങ്ങളിൽ ജോലിചെയ്യുന്നവരെ അപേക്ഷിച്ച് രാത്രികാലങ്ങളിൽ ജോലിചെയ്യുന്നവരിൽ ഇൻസുലിൻ പ്രതിരോധം, ഉയർന്ന കൊളസ്ട്രോൾ നില എന്നിവയ്ക്കും കാരണമാകുമെന്ന് ഹൈദരാബാദിൽ നിന്നുള്ള ഗാന്ധി മെഡിക്കൽ കോളേജിലെ ഡോക്ടർമാർ നടത്തിയ പഠനത്തിൽ പറയുന്നു.

ഇൻസുലിൻ പ്രതിരോധം ക്രമേണ ടൈപ് 2 ഡയബറ്റിസിലേക്ക് നയിക്കും. രാത്രികാലങ്ങളിൽ ജോലിചെയ്യുന്ന എഴുപത്തിയേഴ് ശതമാനം പേരിൽ ഇൻസുലിൻ പ്രതിരോധത്തിന്റെ ലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് പഠനം പറയുന്നു. കൂടാതെ ഇക്കൂട്ടരിൽ ട്രൈഗ്ലിസറൈഡ്സിന്റെ നിലയും കൂടുതലായിരിക്കും. ഇത് ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള സാധ്യത കൂട്ടും.

പുരുഷന്മാരിൽ ടെസ്റ്റോസ്റ്റിറോൺ എന്ന ഹോർമോണിന്റെ നില കുറയാനും ഇത് പ്രത്യുത്പാദനത്തെ ബാധിക്കുകയും ചെയ്യും. കൂടാതെ വിറ്റാമിൻ ഡിയുടെ നില കുറയാനും ഇത് കാരണമാവുമെന്ന് പഠനത്തിലുണ്ട്. രാത്രികാലത്ത് ജോലിചെയ്യുന്നതുകൊണ്ടും പകൽസമയങ്ങളിൽ ഉറക്കമാവുന്നതുകൊണ്ടും ആണിത്.

നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യുന്നവരാണെങ്കിൽ പകൽസമയത്ത് ഉറങ്ങുമ്പോൾ മുറിയിലെ വെളിച്ചം പൂർണമായും ഒഴിവാകുന്ന രീതിയിൽ ക്രമീകരിക്കണം. ശബ്ദങ്ങളുണ്ടാവാനും പാടില്ല. കൂടാതെ രാത്രികാലങ്ങളിൽ എന്തുകഴിക്കുന്നുവെങ്കിലും അത് ആരോഗ്യകരമായതാവാനും ശ്രദ്ധിക്കണം. കൊഴുപ്പ് കൂടിയ ആഹാരങ്ങളോ, മധുരവും ഉപ്പും കൂടിയവയോ ധാരാളം കഴിക്കരുത്. ഇത് വണ്ണംവെക്കാനും മറ്റു പ്രശ്നങ്ങൾക്കും കാരണമാവും.

ധാരാളം വെള്ളം കുടിക്കാനും കോഫി, ചായ മുതലായവ രാത്രികാലങ്ങളിൽ കുറയ്ക്കാനും ശ്രദ്ധിക്കണം. ഇതിനൊപ്പം വ്യായാമത്തിന് നിർബന്ധമായും സമയം കണ്ടെത്തുകയും സമ്മർദം കുറയ്ക്കാനുള്ള ഹോബികളിൽ ഏർപ്പെടുകയും വേണം.

Content Highlights: Night shifts disrupt the body's biological clock leading to hormonal imbalances., 77% of night workers show signs of insulin resistance, increasing Type 2 diabetes risk.