സ്തനം നീക്കംചെയ്യേണ്ട ആവശ്യമില്ലാതിരുന്നിട്ടും 20-ഓളം പേരിൽ മാസ്റ്റെക്ടമി, എൻഎച്ച്എസിനെതിരെ പരാതി

സ്തനം നീക്കംചെയ്യേണ്ട സാഹചര്യമില്ലാതിരുന്നിട്ടും സ്തനാർബുദ ചികിത്സയ്ക്ക് വിധേയരായ 20 സ്ത്രീകളുടെ സ്തനം നീക്കംചെയ്തതായി പരാതി. വടക്കുകിഴക്കൻ ഇംഗ്ലണ്ടിലെ ഒരു എൻഎച്ച്എസ് ട്രസ്റ്റിൽ കാൻസർ ചികിത്സയ്ക്ക് വിധേയരായ ഇരുപത് സ്ത്രീകളുടെ സ്തനങ്ങളാണ് അനാവശ്യമായി നീക്കം ചെയ്തതായി പരാതിയുയർന്നത്. കൗണ്ടി ഡുറാം ആൻഡ് ഡാർലിംഗ്ടൺ ഫൗണ്ടേഷൻ ട്രസ്റ്റിനെതിരെയാണ് പരാതി.
കഴിഞ്ഞ വർഷം 200-ലധികം രോഗികൾ സമാന പരാതികളുമായി എത്തിയിരുന്നുവെന്ന് ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് അധികൃതർ വീഴ്ചകൾ സമ്മതിച്ചു രംഗത്തെത്തിയത്. തങ്ങളുടെ വീഴ്ചകൾ കാരണം ബുദ്ധിമുട്ടുകൾ നേരിട്ട സ്ത്രീകളോടും കുടുംബങ്ങളോടും ആത്മാർഥമായി ക്ഷമചോദിക്കുന്നുവെന്ന് സിഡിഡിഎഫ്ടിയുടെ ചീഫ് എക്സിക്യൂട്ടീവായ സ്റ്റീവ് റസ്സൽ പറഞ്ഞു. ഒരു ട്രസ്റ്റ് എന്ന നിലയിൽ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കേണ്ടിയിരുന്നു. ആക്ഷേപങ്ങൾക്കു പിന്നാലെ സേവനങ്ങൾ മെച്ചപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
2023 ജനുവരിക്കും 2025 ഫെബ്രുവരിക്കും ഇടയിലുള്ള സ്തനാർബുദ കേസുകളെ അവലോകനം ചെയ്തുവരികയാണെന്നും സിഡിഡിഎഫ്ടി അധികൃതർ അറിയിച്ചു. ഇതുവരെ പരിശോധിച്ച 514 കേസുകളിൽ, 315 രോഗികൾക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടതായി കണ്ടെത്തിയിട്ടുണ്ട്. അതിൽ 77 പേർക്ക് ഗുരുതരമായ പ്രശ്നങ്ങളുണ്ടാവുകയും ഒരു രോഗി മരിക്കുകയും ചെയ്തു. വിലയിരുത്തലിൽ കാൻസർ നിർണയം വൈകുന്ന സാഹചര്യമുണ്ടായെന്നും മറ്റ് ട്രസ്റ്റുകളെ അപേക്ഷിച്ച് ശസ്ത്രക്രിയകൾ വളരെ വേഗത്തിൽ നടത്തുകയും സ്തനം നീക്കം ചെയ്യലിന്റെ നിരക്ക് കൂടുതലായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. നാഷണൽ ക്രൈം ഏജൻസിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
കൂടുതൽ സ്ക്രീനിങ്ങും ബയോപ്സികളും ചെയ്യാതെ തന്റെ സ്തനം നീക്കം ചെയ്യുകയായിരുന്നുവെന്ന് ജോ എന്ന സ്ത്രീ ബിബിസിയോടു പറഞ്ഞു. സ്തനത്തിൽ വളരെ ചെറിയൊരു ഭാഗത്തു മാത്രമേ കാൻസർ ഉണ്ടായിരുന്നുള്ളൂ. തനിക്ക് മാസ്റ്റെക്ടമി (സ്തനാർബുദ ചികിത്സയിൽ പൂർണമായും സ്തനമെടുത്ത് മാറ്റുന്ന ശസ്ത്രക്രിയയാണ് മാസ്റ്റക്ടമി)യുടെ ആവശ്യമേയുണ്ടായിരുന്നില്ലെന്നും ജോ പറഞ്ഞു.
കൗണ്ടി ഡുറാമിലെ കോൺസെറ്റിൽ നിന്നുള്ള 51 കാരിയായ ഡെനിസ് ഹോവാർട്ടിന് 2023 ഫെബ്രുവരിയിലാണ് ഇടത് സ്തനത്തിൽ ഒന്നാംഘട്ട കാൻസർ സ്ഥിരീകരിച്ചത്. ലംപെക്ടമിയും ലിംഫ് നോഡുകൾ നീക്കം ചെയ്യലും നടത്തി. എന്നാൽ തുടർ അവലോകനത്തിൽ സ്തനം നീക്കംചെയ്യണമെന്ന് അറിയിച്ചു. കഴിഞ്ഞ സെപ്റ്റംബറിലാണ് സിഡിഡിഎഫ്ടി അധികൃതർ ബന്ധപ്പെടുകയും മാസ്റ്റെക്ടമി ആവശ്യമില്ലായിരുന്നു എന്ന് അറിയിക്കുകയും ചെയ്തതെന്ന് ഡെനിസ് പറയുന്നു. മാപ്പ് ചോദിക്കുന്നതല്ല പരിഹാരമെന്നും ഇത് ജീവിതം മാറ്റിമറിക്കുന്ന കാര്യമാണെന്നും അവർ പറഞ്ഞു.
യു.കെ.യിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽസ് കവൻട്രി& വാർവിക്ഷെയർ എൻ.എച്ച്.എസിനെതിരെയും സമാനമായ മറ്റൊരു പരാതി ബിബിസി റിപ്പോർട്ട് ചെയ്തിരുന്നു. പതിനൊന്നു വർഷത്തെ കീമോതെറാപ്പിക്കൊടുവിൽ ഇല്ലാത്ത അർബുദത്തിനാണ് ഇത്രയുംനാൾ ചികിത്സ തേടിയതെന്ന് തിരിച്ചറിഞ്ഞ യുവതിയേക്കുറിച്ചായിരുന്നു ആ റിപ്പോർട്ട്. തന്റേത് അർബുദമായിരുന്നില്ലെന്നും മസ്തിഷ്കത്തിലെ വീക്കം മാത്രമായിരുന്നുവെന്നും അടുത്തിടെ മാത്രമാണ് തിരിച്ചറിഞ്ഞതെന്നും യുവതി പറഞ്ഞിരുന്നു. നാൽപതോളംപേർ സമാനമായ പരാതികളുമായി രംഗത്തെത്തിയിട്ടുണ്ടെന്നും ബിബിസി റിപ്പോർട്ടിലുണ്ട്.
Content Highlights: Nhs trust in England accused of unnecessary mastectomy for breast cancer patients, with over 200 complaints reported last year.