മറ്റൊരു രക്തഗ്രൂപ്പും ചേരില്ല; ലോകത്താദ്യമായി പുതിയ രക്തഗ്രൂപ്പ് ഇന്ത്യക്കാരിയിൽ കണ്ടെത്തി

പ്രതീകാത്മക ചിത്രം | Photo: gettyimages
പ്രതീകാത്മക ചിത്രം | Photo: gettyimages

ബെംഗളൂരു: ലോകത്തൊരിടത്തും മുമ്പ് തിരിച്ചറിയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ രക്തഗ്രൂപ്പ് കര്‍ണാടകയിലെ കോലാര്‍ ജില്ലയില്‍ നിന്നുള്ള ഒരു സ്ത്രീയില്‍ കണ്ടെത്തി. കോലാറിലെ ഒരു ആശുപത്രിയില്‍ ഇവരെ ഹൃദയ ശസ്ത്രക്രിയയ്ക്കായി പ്രവേശിച്ചപ്പോഴാണ് ഇക്കാര്യം കണ്ടെത്തിയത്. സാധാരണമായി കണ്ടുവരുന്ന O Rh+ രക്തഗ്രൂപ്പ് ആയിരുന്നു ഇവരുടേത്. എന്നാല്‍ ലഭ്യമായ ഒ പോസീറ്റീവ് രക്തമൊന്നും ഇവരുടേതുമായി പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. 

തുടര്‍ന്നാണ് കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രി റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് സെന്ററിലെ അഡ്വാന്‍സ്ഡ് ഇമ്മ്യൂണോഹെമറ്റോളജി റഫറന്‍സ് ലബോറട്ടറിയിലേക്ക് കൈമാറി. ഇവിടെ നടത്തിയ അത്യാധുനിക സീറോളജിക്കല്‍ പരിശോധനകളിലാണ് ഇവരുടെ രക്തം പാന്റിയാക്ടീവ് ആണെന്നും ഒരു രക്ത സാമ്പിളുകളോടും പൊരുത്തപ്പെടുന്നില്ലെന്നും കണ്ടെത്തിയത്. അപൂര്‍വ വിഭാഗത്തില്‍ പെട്ടതോ പുതിയതോ ആയ രക്തഗ്രൂപ്പ് ആണെങ്കിലെ ഇത് സംഭവിക്കൂ. സ്ത്രീയുടെ 20 ഓളം ബന്ധുക്കളുടെ രക്ത സാമ്പിളുകള്‍ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും ഒന്നും യോജിക്കുന്നതായിരുന്നില്ല. 

ഇതേ തുടര്‍ന്ന് വളരെ ശ്രദ്ധയോടെയാണ് ആശുപത്രി അധികൃതര്‍ ഈ കേസ് കൈകാര്യം ചെയ്തത്. രക്തത്തിന്റെ ആവശ്യമില്ലാതെ തന്നെ അവരുടെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. 

രോഗിയുടെയും കുടുംബത്തിന്റെയും രക്തസാമ്പിളുകള്‍ യുകെയിലെ ബ്രിസ്റ്റലിലുള്ള ഇന്റര്‍നാഷണല്‍ ബ്ലഡ് ഗ്രൂപ്പ് റഫറന്‍സ് ലബോറട്ടറിയിലേക്ക് (IBGRL) വിശദപരിശോധനയ്ക്കായി അയച്ചു. പത്ത് മാസം നീണ്ട വിപുലമായ ഗവേഷണത്തിലൂടെയും തന്മാത്രാ പരിശോധനയിലൂടെയുമാണ് ഇത് പുതിയ തരം രക്തഗ്രൂപ്പ് ആന്റിജനാണെന്ന് കണ്ടെത്തിയതെന്ന് റോട്ടറി ബാംഗ്ലൂർ ടിടികെ ബ്ലഡ് ഗ്രൂപ്പ് സെന്ററിലെ ഡോ. അങ്കിത് മാഥൂര്‍ പറഞ്ഞു. 

ക്രിബ് (CRIB) ആന്റിജന്‍ രക്തഗ്രൂപ്പില്‍ പെടുന്ന ലോകത്തിലെ ആദ്യ വ്യക്തിയാണ് കോലാറില്‍ ചികിത്സയ്‌ക്കെത്തിയ സ്ത്രീ. 2025 ജൂണില്‍ ഇറ്റലിയിലെ മിലാനില്‍ നടന്ന ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്റെ (ISBT) 35-ാമത് റീജിയണല്‍ കോണ്‍ഗ്രസിലാണ് ഈ പ്രഖ്യാപനം നടത്തിയത്. ക്രോമര്‍ ബ്ലഡ് ഗ്രൂപ്പ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ രക്തഗ്രൂപ്പ്. പേരിലെ CR എന്നത് ക്രോമറിനെ പ്രതിനിധീകരിക്കുന്നു. I എന്നത് ഇന്ത്യയും B എന്നത് ബംഗളുരുവിനെയും പ്രതിനിധീകരിക്കുന്നു. 

അപൂര്‍വ രക്തഗ്രൂപ്പുകളിലുള്ളവരെ കണ്ടെത്തുന്നതിനും അവര്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനുമായി കര്‍ണാടക സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍, ഐഐഎച്ച്, മുംബൈയിലെ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ എന്നിവയുടെ പങ്കാളിത്തത്തില്‍ റോട്ടറി ബാംഗളുര്‍ ടിടികെ ബ്ലഡ് സെന്റര്‍ സന്നദ്ധ രക്തദാതാക്കളുടെ റെയര്‍ ഡോണര്‍ രജിസ്ട്രി ആരംഭിച്ചിട്ടുണ്ട്. 

Content Highlights: A woman in Karnataka, India, was found to have a previously unknown blood group, CRIB antigen