വിഷാംശ സാന്നിധ്യം: ബേബി ഫോർമുല തിരിച്ചുവിളിച്ച് നെസ്‌ലെ; ഇന്ത്യയിലെ മാതാപിതാക്കൾ ആശങ്കപ്പെടണോ?

കുഞ്ഞുങ്ങളുടെ പോഷകാഹാര ഉത്പ്പന്നങ്ങളിൽ ചിലത് തിരിച്ചുവിളിച്ച് നെസ്‌ലെ. ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്ന വിഷാംശം ഇവയിൽ കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. NAN, SMA, BEBA എന്നീ ഉത്പ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. ജനുവരി ആറിന് പുറത്തുവിട്ട പ്രസ്താവനയിൽ കമ്പനി തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബേബി ഫോർമുല ഉത്പ്പന്നത്തിന്റെ ചില ബാച്ചുകൾ കുട്ടികൾക്ക് സുരക്ഷിതമല്ലെന്ന് കമ്പനി അറിയിച്ചു.
ലോകമെമ്പാടും വിറ്റഴിക്കപ്പെട്ട ഈ ബാച്ചുകളിൽ cereulide എന്ന വിഷാംശം അടങ്ങിയിട്ടുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇത് കഴിക്കുന്നത് ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കും. യൂറോപ്പിലെ 31 രാജ്യങ്ങളിലും ലാറ്റിൻ അമേരിക്കയിലെ മൂന്ന് രാജ്യങ്ങളിലും ഏഷ്യയിലെ ഹോങ്കോങ്ങിൽ നിന്നുമാണ് ഉത്പ്പന്നം തിരികെവിളിച്ചത്. ഇന്ത്യ നിലവിൽ ഈ പട്ടികയിലില്ല. എന്നാൽ, ഈ പട്ടിക പൂർണമല്ലെന്നും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് പട്ടിക പുതുക്കാൻ സാധ്യതയുണ്ടെന്നും കമ്പനി വ്യക്തമാക്കി.
ആരോഗ്യപ്രശ്നങ്ങൾ എന്ത്?
Cereulide കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിച്ചേക്കുമെന്ന് വിദഗ്ധരെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. വിഷാംശം അടങ്ങിയ ഫോർമുല കഴിച്ചാൽ മണിക്കൂറുകൾക്കുള്ളിൽ ഛർദ്ദി, ഭക്ഷണം കഴിക്കാനുള്ള മടുപ്പ്, നിർജ്ജലീകരണം എന്നിവ അനുഭവപ്പെട്ടേക്കാം. അപൂർവ്വം കേസുകളിൽ ഗുരുതരമാകാൻ സാധ്യതയുണ്ടെന്നും ഡോക്ടർമാർ പറയുന്നു.
Content Highlights: Nestle recalls specific batches of SMA infant formula globally due to potential toxin contamination and food poisoning risks.