മുട്ടത്തോടിൽ പോലും ഈഡിസ് വളരും, മലിനവെള്ളത്തിൽ ക്യൂലക്സ്; രോഗം പരത്താൻ കൊതുകുപട, വേണം അതീവ ജാഗ്രത

കണ്ണൂർ: കൊതുക് പരത്തുന്ന രോഗങ്ങൾ പ്രത്യേകിച്ചും ഡെങ്കിപ്പനി സംസ്ഥാനത്താകെ വ്യാപകമാകുകയാണ്. കൊതുകുകളുടെ സാന്ദ്രതയും പ്രജനനത്തോതും വളരെ കൂടുതലാണെന്നാണ് ജില്ലയിലെ വെക്ടർ കൺട്രോൾ വിഭാഗം നടത്തുന്ന ഫീൽഡ് സർവേ റിപ്പോർട്ട്. രോഗം പരത്തുന്ന കൊതുകിനെ തുരത്താൻ അധികൃതരും ജനങ്ങളും ഒന്നിച്ചിറങ്ങുക എന്നത് മാത്രമാണ് മുന്നിലുള്ള വഴി.
ഈഡിസ് ഈജിപ്റ്റി, ഈഡിസ് ആൽബോപിക്റ്റസ് എന്നീ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മലയോരത്തും ഇടനാടുകളിലും തീരദേശത്തുമെല്ലാം ഇവയുടെ സാന്ദ്രത വളരെ കൂടുതലാണ്. ഇതിനുപുറമേ, മലമ്പനി പരത്തുന്ന അനൊഫിലസ്, വെസ്റ്റ്നൈൽ പനി, ജപ്പാൻ ജ്വരം എന്നിവ പരത്തുന്ന ക്യൂലക്സ് കൊതുകുകളും ധാരാളം. രോഗാണു എത്തിയാൽ രോഗം പരത്താൻ കൊതുകുപട തന്നെ ഉണ്ടെന്നത് മുന്നറിയിപ്പാണ്. മറ്റ് സംസ്ഥാനങ്ങളിൽനിന്ന് മലമ്പനിയുമായി എത്തിയാൽ തദ്ദേശീയമായി വ്യാപിക്കാനും സാധ്യത ഒരുങ്ങും. അതിനാൽ, അതീവ ജാഗ്രത പുലർത്തേണ്ട സമയമാണിത്.
മുട്ടത്തോടിൽ പോലും ഈഡിസ് വളരും
കൊതുക് വളരുന്ന സാഹചര്യങ്ങൾ ചുറ്റുപാടിൽ ഇല്ലാതാക്കുക എന്നുള്ളതാണ് കൊതുകുജന്യ രോഗങ്ങൾക്കെതിരെയുള്ള പ്രധാന പ്രതിരോധമാർഗം. മുട്ടത്തോടിൽ പോലും കൊതുക് വളരും. പ്രത്യേകിച്ചും ഈഡിസ് വിഭാഗം. ചിരട്ട, വിറകുകൾ മൂടിവെക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ എന്നിവിടങ്ങളിൽ കൊതുക് വളരുന്നില്ലെന്ന് ഉറപ്പാക്കുക. ഇൻഡോർ ചെടികളിലെയും ഫ്രിഡ്ജിന്റെ ട്രേ തുടങ്ങിയയിൽ കെട്ടിക്കിടക്കുന്നതുമായ വെള്ളം ആഴ്ചയിൽ ഒരിക്കൽ ശുചിയാക്കുക.
ചിരട്ടകൾ, കപ്പുകൾ, ടയറുകൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ അലക്ഷ്യമായി പരിസരങ്ങളിലേക്ക് വലിച്ചെറിയാതിരിക്കുക. വെള്ളം സംഭരിക്കുന്ന ടാങ്കുകളും പത്രങ്ങളും ആഴ്ചയിൽ ഒരു ദിവസം കഴുകി വൃത്തിയാക്കുക. വീടിന്റെ ടെറസും സൺഷേഡും വെള്ളം കെട്ടിനിൽക്കാതെ സൂക്ഷിക്കുക. പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുക.
മലയോരത്ത് ചിരട്ടകൾ
റബ്ബർതോട്ടങ്ങളിലെ ചിരട്ടകളിൽ വെള്ളം കെട്ടിക്കിടക്കുന്നത് കൊതുകുകളുടെ വ്യാപനത്തിന് പ്രധാന കാരണമാകുന്നു. ജില്ലയിലെ മലയോരമേഖലകളിൽ ഈഡിസ് കൊതുക് സാന്നിധ്യം ഏറ്റവും കൂടുതൽ കാണുന്നത് റബ്ബർതോട്ടങ്ങളോട് ചേർന്ന പ്രദേശങ്ങളിലാണെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. കവുങ്ങിൻ തോട്ടങ്ങളിൽ തറയിൽ വീഴുന്ന പാളകളിലും ഈഡിസ് കൊതുക് മുട്ടയിട്ട് പെരുകുന്നു.
‘അനൊഫിലസ് ഫാക്ടറി’കൾ
നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങൾക്കുള്ളിൽ കെട്ടിക്കിടക്കുന്ന വെള്ളം, ടാങ്കുകൾ, താഴ്ചയില്ലാത്ത കിണറുകൾ, ആൾത്താമസമില്ലാത്ത വീടുകളിലെ കിണറുകൾ, സ്ഥാപനങ്ങളുടെ ടെറസ് തുടങ്ങിയ ഇടങ്ങളിലാണ് അനൊഫിലസ് സ്റ്റിഫൻസി വളരുന്നത്.
ക്യൂലക്സ് മലിനവെള്ളത്തിലും
മലിനവെള്ളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും പ്രജനനം നടത്തുന്ന കൊതുക് വിഭാഗമാണ് ക്യൂലക്സ്. പ്രധാനമായും തുറന്ന അഴുക്കുചാലുകൾ, സെപ്റ്റിക് ടാങ്കുകൾ, മലിനമായ കുളങ്ങൾ, നെൽവയലുകൾ എന്നിവയിലാണ് ഇവ മുട്ടയിടുന്നത്.
ഇന്ന് മുതൽ ഡ്രൈഡേ, പൊതുജനങ്ങൾ സഹകരിക്കണം
കൊതുകിനെ തുരത്താൻ ഉറവിടനശീകരണമാണ് ഏറ്റവും ഫലപ്രദമായ മാർഗം. ഇക്കാര്യത്തിൽ അധികൃതരെ മാത്രം ആശ്രയിക്കാതെ ഒരോരുത്തരും പങ്കാളിയായാൽ മാത്രമേ ഉദ്യമത്തിൽ വിജയിക്കാനാകൂ. വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കുകയാണ്. ഇതിൽ മുഴുവനാളുകളും പങ്കാളികളാകുയാണ് രോഗങ്ങളിൽനിന്ന് രക്ഷനേടാനുള്ള വഴി. വെള്ളം കെട്ടിനിൽക്കാനിടയുള്ള സാഹചര്യങ്ങളില്ലെന്ന് ആഴ്ചയിലൊരിക്കൽ ഉറപ്പുവരുത്തുകയും വേണം.
Content Highlights: Identify and eliminate stagnant water in household items like eggshells, tires, and coconut shells., Aedes, Anopheles, and Culex mosquitoes pose distinct health risks including Dengue, Malaria, and West Nile fever., Regular cleaning of indoor plant trays, fridge trays, and water storage tanks is essential.