രാവിലെ ഉണരുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാറുണ്ടോ?; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം, എങ്ങിനെ ആശ്വാസംനേടാം?

രാവിലെ ഉണരുമ്പോൾ മൂക്കടപ്പ് കാരണം ദിവസത്തിന്റെ തുടക്കം തന്നെ അസുഖകരമായി മാറുന്ന ഒട്ടേറെപ്പേർ നമുക്ക് ചുറ്റുമുണ്ട്. തുടർച്ചയായ തുമ്മലും അസ്വസ്ഥതയും കാരണം ദിവസം തുടങ്ങുന്നത് മുമ്പേ നമ്മൾ ക്ഷീണിതരാകുന്നു. എന്നാൽ, ഇതൊരു സാധാരണ പ്രശ്നം മാത്രമാണെന്ന് കൺസൾട്ടൻ്റ് ഇഎൻടി ഡോക്ടർ മനുസ്രുതിനെ ഉദ്ധരിച്ചുകൊണ്ട് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ, ഇത് കൂടെക്കൂടെ സംഭവിക്കുന്നുണ്ടെങ്കിൽ ശ്രദ്ധവേണമെന്നും ഒരു ഡോക്ടറുടെ സഹായം തേടേണ്ടതാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
അലർജി, മൂക്കിൽ ഡ്രൈനെസ്സ്, സൈനസൈറ്റിസ്, അല്ലെങ്കിൽ മൂക്കിന്റെ പാലം വളഞ്ഞിരിക്കുന്നത് എന്നിവ കാരണം രാവിലെ മൂക്കടപ്പുണ്ടാകാം. നമ്മൾ ഉറങ്ങുമ്പോൾ കഫം അടിഞ്ഞുകൂടാൻ സാധ്യതയുണ്ട്. ഒരാൾ കിടക്കുമ്പോൾ രക്തയോട്ടം കൂടുന്നതിനാൽ മൂക്കിനുള്ളിലെ ഭാഗങ്ങളിൽ വീക്കമുണ്ടാകുകയും ഇത് ഉണരുമ്പോൾ മൂക്കടപ്പ് അനുഭവപ്പെടാൻ കാരണമാകുകയും ചെയ്യുന്നു. അതായത്, രാത്രി നിവർന്നു കിടക്കുമ്പോൾ മൂക്കിനുള്ളിലെ ഭാഗങ്ങൾ വികസിക്കുകയും കഫം അവിടേക്ക് എത്തുകയും ചെയ്യുന്നു. അതിനാലാണ്, തലേദിവസം ഉറങ്ങുന്നതിന് മുമ്പ് പ്രശ്നമൊന്നുമില്ലെങ്കിലും രാവിലെ അസ്വസ്ഥതയുണ്ടാകുന്നത്.
കാരണം എന്ത്?
- കിടപ്പുമുറിയിലെ ചെള്ളുകൾ, വളർത്തുമൃഗങ്ങളുടെ രോമം, അല്ലെങ്കിൽ പൂപ്പൽ എന്നിവയുമായുള്ള സമ്പർക്കം.
- വായുവിനെ വരണ്ടതാക്കുന്ന എയർ കണ്ടീഷണറുകൾ അല്ലെങ്കിൽ ഹീറ്ററുകൾ ഉപയോഗിക്കുന്നത്.
- ഫാനിന് നേരെ താഴെ ഉറങ്ങുന്നത്.
ആശ്വാസം നേടാം
- ഉറങ്ങുന്നതിനുമുമ്പും ഉണർന്നതിനുശേഷവും സലൈൻ നേസൽ സ്പ്രേ ഉപയോഗിക്കാം. ഉപ്പുവെള്ളം കൊണ്ട് മൂക്ക് കഴുകുന്നതും നല്ലതാണ്.
- കിടപ്പുമുറിയിൽ ശുചിത്വം പാലിക്കുക. ആഴ്ചയിലൊരിക്കൽ ബെഡ് ഷീറ്റുകളും മറ്റും ചൂടുവെള്ളത്തിൽ കഴുകുക.
- വളർത്തുമൃഗങ്ങളെ ഉറങ്ങുന്ന സ്ഥലത്ത് നിന്ന് അകറ്റി നിർത്താം.
- അന്തരീക്ഷ വായു വരണ്ടതാണെങ്കിൽ ഒരു ഹ്യുമിഡിഫയർ ഉപയോഗിക്കാം.
- റൂമിൽ ശക്തിയേറിയ റൂം ഫ്രെഷ്നറുകളും ചന്ദനത്തിരികളും ഒഴിവാക്കുന്നത് അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കും.
- രാവിലെ 5-10 മിനിറ്റ് ആവി പിടിക്കുന്നത് മൂക്കിലെ തടസ്സങ്ങൾ മാറ്റാൻ സഹായിക്കും.
Content Highlights: Wake up with a stuffy nose? Discover common causes like allergies, dryness, and sinusitis. Learn simple home remedies and when to see an ENT doctor for relief.