ആർത്തവവിരാമത്തിൽ വേണം കരുതൽ, രാജ്യത്താദ്യമായി മെനോപോസ് ക്ലിനിക്കുകൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര

മുംബൈ: രാജ്യത്താദ്യമായി മെനോപോസ് ക്ലിനിക്കുകൾക്ക് തുടക്കമിട്ട് മഹാരാഷ്ട്ര. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലാണ് മെനോപോസ് ക്ലിനിക്കുകൾ ആരംഭിച്ചിരിക്കുന്നത്. ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീകളുടെ മാനസിക-ശാരീരികാരോഗ്യത്തിന് കരുതലേകുക ലക്ഷ്യമിട്ടാണിത്.
മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള കൗൺസിലിങ്, അസ്ഥിയുടെ ആരോഗ്യം, ഹൃദയാരോഗ്യം, ഹോർമോൺ വ്യതിയാനം തുടങ്ങിയവയ്ക്കുള്ള പരിശോധനകൾ, മരുന്നുകൾ എന്നിവ ഒരൊറ്റ കുടക്കീഴിൽ ലഭ്യമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ശാരീരിക മാറ്റങ്ങൾ, മാനസിക സമ്മർദം, ഹോർമോൺ അസന്തുലിതാവസ്ഥ, അസ്ഥി സംബന്ധമായ പ്രശ്നങ്ങൾ, ഉറക്കക്കുറവ്, വിഷാദരോഗം എന്നുതുടങ്ങി നിരവധി പ്രശ്നങ്ങളിലൂടെ കടന്നുപോകുന്ന ഘട്ടമാണ് മെനോപോസ്. ഈ സാഹചര്യം കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ സ്ത്രീകൾക്കായി പ്രത്യേക മെനോപോസ് ക്ലിനിക്കുകൾക്ക് തുടക്കമിട്ടത്- ആരോഗ്യവകുപ്പ് ചൊവ്വാഴ്ച്ച പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കി.
മെനോപോസ് ഒരു രോഗമല്ല, മറിച്ച് എല്ലാ സ്ത്രീകളുടെയും ജീവിതത്തിലുള്ള ഒരു സ്വാഭാവിക ഘട്ടമാണെന്നും ഈ സമയത്ത് സ്ത്രീകൾക്ക് ശാരീരികവും വൈകാരികവുമായ പിന്തുണ ആവശ്യമാണെന്നും ഇതുലക്ഷ്യമിട്ടാണ് മെനോപോസ് ക്ലിനിക്കുകൾ ആരംഭിച്ചതെന്നും ആരോഗ്യവകുപ്പ് മന്ത്രി മേഘ്ന ബോർദികാർ പറഞ്ഞു.
ആർത്തവവിരാമം
45-50 വയസ്സോടടുപ്പിച്ച് സ്ത്രീകളിൽ ആർത്തവം പൂർണമായും നിൽക്കുന്ന അവസ്ഥയാണ് ആർത്തവവിരാമം. അണ്ഡാശയങ്ങളുടെ പ്രവർത്തന ശേഷി കുറയുകയും ഹോർമോൺ ഉൽപാദനം നിൽക്കുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രധാന കാരണം. മാസമുറ ക്രമം തെറ്റി വരികയും ക്രമേണ ഇല്ലാതാവുകയും ചെയ്യും. ഈ അവസ്ഥയിലൂടെ കടന്നുപോകുന്ന 50 ശതമാനം സ്ത്രീകളിലും ശരീരത്തിന് ചൂട് കൂടുതലായി അനുഭവപ്പെടുന്ന ഹോട്ട ഫ്‌ളഷസ് (hot flashes) ഉണ്ടാകാറുണ്ട്. ക്ഷീണം, ദേഷ്യം, ഉറക്കക്കുറവ്, ഓർമ്മക്കുറവ്, വിഷാദം, മാനസിക പിരിമുറുക്കങ്ങൾ എന്നിവ അനുഭവപ്പെടാം. മൂത്രം പിടിച്ചു നിർത്താനുള്ള ശേഷി കുറയുക, കാൽസ്യത്തിന്റെ അളവ് കുറയുകയും കാണാറുണ്ട്. ഇതുമൂലം എല്ലുതേയ്മാനം അഥവാ ഓസ്റ്റിയോപൊറോസിസ് എന്ന അസുഖമായി മാറാനുള്ള സാധ്യതയുമുണ്ട്.
Content Highlights: Maharashtra launches India`s first government-run Menopause Clinics, offering comprehensive physical and mental health support for women.