'സ്തനാർബുദത്തെ ഒരു ചിരിയോടെ ചെറുത്ത് തോൽപ്പിച്ച് ജീവിതം ആസ്വദിക്കുന്ന അമ്മ വീട്ടിലുണ്ട്' - മഞ്ജു

'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസറിനെതിരെയുള്ള ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയിൽ നിന്ന്
'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസറിനെതിരെയുള്ള ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയിൽ നിന്ന്

കാൻസർ എന്ന രോ​ഗത്തെക്കാൾ കൂടുതൽ അപകടകാരി ആ രോഗത്തെ കുറിച്ചുള്ള തെറ്റായ അറിവുകളാണെന്ന് നടി മഞ്ജു വാര്യർ. കാൻസറിനെ ഭയത്തോടെ അല്ലെങ്കിൽ സംശയത്തോടെ കാണുന്ന കണ്ണുകൾ നമ്മൾ കണ്ടിട്ടുണ്ട്. കാൻസർ എന്നു കേൾക്കുമ്പോൾ അതിനപ്പുറം ജീവിതമൊന്നുമില്ല എന്നു വിചാരിക്കുന്നവരുമുണ്ട്. അറിവും ബോധവത്കരണവും പ്രധാനമാണ്. 'ആരോഗ്യം ആനന്ദം-അകറ്റാം അർബുദം' കാൻസറിനെതിരെയുള്ള ജനകീയ ക്യാമ്പയിന്റെ ഉദ്ഘാടന വേദിയിൽ സംസാരിക്കുകയായിരുന്നു താരം.

സ്തനാർബുദം വന്ന് അതിനെ ധൈര്യത്തോടെ, ഒരു ചിരിയോടെ, ചെറുത്ത് തോൽപ്പിച്ച് വീണ്ടും പഴയതിലും ഭം​ഗിയായി ജീവിതത്തിലേക്ക് തിരിച്ചുവന്ന് കൂടുതൽ സന്തോഷത്തോടെ, കൂടുതൽ സുന്ദരിയായി ജീവിതം ആസ്വദിക്കുന്ന ഒരു അമ്മ എന്റെ വീട്ടിലുണ്ട്. ആ അമ്മയാണ് മുന്നിലേക്ക് നോക്കുമ്പോൾ എന്റെ പ്രതീക്ഷയും പ്രചോദനവും. മഞ്ജു പറഞ്ഞു. 

കൃത്യമായ സമയത്ത് രോ​ഗം കണ്ടെത്തി കൃത്യമായ ചികിത്സ ലഭ്യമാക്കിയതാണ് ഈ ​രോഗത്തെ ചെറുത്ത് തോൽപ്പിക്കാൻ സഹായിച്ച വലിയൊരു ഘടകം.  കാൻസർ രോ​ഗം വരാനുള്ള സാധ്യതയുണ്ടോയെന്ന് മുൻകൂട്ടിയറിയാൻ സാധിക്കുന്ന സംവിധാനങ്ങൾ വരെ ഇപ്പോഴുണ്ട്. രോ​ഗം വരാതിരിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങളെ സംബന്ധിച്ച അറിവും ബോധവത്കരണവും പ്രധാനമാണ്. ആരോ​ഗ്യം ആനന്ദം പദ്ധതിയുടെ പ്രസക്തി അവിടെയാണ്. 

ജീവിതത്തിലെ ഏറ്റവും വലിയ ഊർജവും തെളിച്ചവും ആനന്ദവും നല്ല ആരോ​ഗ്യമാണ്. ജീവിതത്തിലെ ഏറ്റവും വലിയ നിക്ഷേപം ആരോ​ഗ്യമുള്ള ഒരു ശരീരമാണ്. ഒരുപാട് മഹാമാരികളെ നേർക്കുനേർ നോക്കി ഒരുമയോടെ നിന്ന് ചെറുത്ത് തോൽപ്പിച്ച ജനതയാണ് നമ്മുടേത്. മഞ്ജു പറഞ്ഞു. 


 

Content Highlights: Actress Manju Warrier emphasizes the importance of cancer awareness and early detection