ബാഡ്മിന്റൺ കളിക്കിടെ ഹൃദയാഘാതം, സമീപത്തുണ്ടായിരുന്ന ഡോക്ടർമാർ CPR നൽകി; യുവാവ് ജീവിതത്തിലേക്ക്

ഹൃദയാഘാതം ജീവനെടുക്കാതിരിക്കാൻ കൃത്യസമയത്ത് സിപിആർ കൊടുക്കേണ്ടത് പ്രധാനമാണ്. അത്തരത്തിൽ സമയമൊട്ടും പാഴാക്കാതെ സിപിആർ ലഭിച്ചതുകൊണ്ടുമാത്രം ജീവിതത്തിലേക്കു തിരിച്ചുവന്ന യുവാവിന്റെ വാർത്തയാണ് പുറത്തവരുന്നത്. ബാഡ്മിന്റൺ കളിക്കുന്നതിനിടെ ഹൃദയാഘാതത്താൽ കുഴഞ്ഞുവീണ യുവാവിന് സമീപത്തുണ്ടായിരുന്ന ഡോക്ടർമാർ സിപിആർ നൽകിയാണ് രക്ഷപ്പെടുത്തിയത്. പഞ്ചാബിലെ ജലന്ധറിൽനിന്നുള്ള സംഭവത്തിന്റെ വീഡിയോയും പുറത്തുവന്നിട്ടുണ്ട്
റായ്സാദാ ഹൻസ്രാജ് സ്റ്റേഡിയത്തിൽ ബാഡ്മിന്റൺ കളിക്കുന്നതിനിടെയാണ് 45-കാരനായ ദീപക് പൂജാര എന്ന യുവാവ് കുഴഞ്ഞുവീണത്. ജീവനക്കാർ ഉടൻതന്നെ മെഡിക്കൽ സംഘത്തെ വിളിച്ചുവെങ്കിലും സമീപത്തുണ്ടായിരുന്ന ഡോ. നിതീഷ് ഗാർഗ്, ഡോ. പിയൂഷ് ശർമ്മ എന്നീ രണ്ട് ഡോക്ടർമാർ സംഭവസ്ഥലത്തേക്ക് ഓടിയെത്തുകയായിരുന്നു. വൈകാതെ അടിയന്തര മെഡിക്കൽ കിറ്റും ഉപകരണങ്ങളും എത്തിക്കാൻ സ്റ്റേഡിയം ജീവനക്കാരോട് നിർദേശിക്കുകയും ചെയ്തു. മെഡിക്കൽ ടീം എത്താൻ കാത്തുനിൽക്കാതെ അവർ അടിയന്തര പരിചരണം നൽകുകയും ചെയ്തു.
മെഡിക്കൽ ടീം സംഭവസ്ഥലത്ത് എത്തിയതിന് ശേഷവും ഇരുവരും ദീപക്കിന്റെ ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടർന്നുകൊണ്ടിരുന്നു. ഡോ. നിതീഷ് ദീപക്കിന് സിപിആർ നൽകുകയും പുരോഗതി കാണാതിരുന്നതോടെ ഡിഫിബ്രിലേഷൻ രീതി സ്വീകരിക്കുകയും ചെയ്തു. ഡോ. പീയൂഷിന്റെയും മെഡിക്കൽ സംഘത്തിന്റെയും സഹായത്തോടെ ഡിഫിബ്രിലേറ്റർ ഉപയോഗിച്ച് ഹൃദയത്തിലേക്ക് ഇലക്ട്രിക്കൽ ഷോക്ക് നൽകുകയാണ് ചെയ്തത്. ഇതിനു പിന്നാലെ ദീപക്കിന്റെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തു. ഉടനടി അദ്ദേഹത്തെ ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
എന്താണ് സി.പി.ആർ. ?
എന്താണ് സി.പി.ആർ. എന്നും അത് എങ്ങനെ ചെയ്യാം എന്നും ഓരോരുത്തരും അറിഞ്ഞിരിക്കേണ്ടതുണ്ട്. അടിയന്തര ഘട്ടങ്ങളിൽ ഒരാളുടെ ജീവൻ രക്ഷിക്കാൻ ഇത് സഹായിച്ചേക്കും.
ഹൃദയത്തിന്റെ സ്പന്ദനം നിലച്ചുപോകുന്ന അവസ്ഥയാണ് കാർഡിയാക് അറസ്റ്റ് അഥവാ ഹൃദയസ്തംഭനം. ഹൃദയസ്തംഭനം സംഭവിച്ചാൽ ആ വ്യക്തി തളർന്നുവീഴും. ബോധം കെടും. ഓഫീസിലോ വീട്ടിലോ റോഡിലോ ഒക്കെ ആളുകൾ ബോധംകെട്ടു വീഴാറുണ്ട്. ഇങ്ങനെ കുഴഞ്ഞുവീഴുന്നവർക്ക് അടിയന്തര ചികിത്സ കിട്ടിയില്ലെങ്കിൽ രോഗിയുടെ ജീവൻ നഷ്ടമാകും. രോഗിയെ ആശുപത്രിയിൽ എത്തിക്കാനും ഡോക്ടർ വരുന്നതുവരെ കാത്തിരിക്കാനുമൊന്നും സമയം കിട്ടില്ല. രോഗിയുടെ ജീവൻ രക്ഷിക്കാൻ വെറും അഞ്ച് മിനിറ്റ് സമയം മാത്രമേ ഉണ്ടാവൂ. ഇതിനിടയിൽ പരിചരണം കിട്ടിയില്ലെങ്കിൽ ആളുടെ ജീവൻ നഷ്ടപ്പെടും. ഹൃദയസ്തംഭനത്താൽ ഒരാൾ ബോധം കെട്ടു വീണ സമയത്ത് നിങ്ങളുടെ മനസ്സും കൈകളും പ്രവർത്തിച്ചാൽ ഒരു ജീവൻ രക്ഷിക്കാനാകും. കാഴ്ചക്കാരായി നിൽക്കാതെ ഉടൻ പ്രവർത്തിക്കുകയാണ് വേണ്ടത്. കുഴഞ്ഞുവീണ രോഗിക്ക് പുനരുജ്ജീവന ചികിത്സ നൽകുകയാണ് ഇതിനുള്ള പ്രതിവിധി. ഇത് ആർക്കും എവിടെ വെച്ചും ചെയ്യാൻ കഴിയുന്നതുമാണ്. ഇതെങ്ങനെ ചെയ്യാമെന്ന് അറിയാം.
അപകട സ്ഥലത്ത് ചെയ്യേണ്ടത്
ബോധം കെട്ടുവീണയാളെ ഒരിക്കലും ഇരുത്താൻ ശ്രമിക്കരുത്. ബോധം കെട്ടുവീണയാളുടെ തലച്ചോറിലേക്ക് രക്തപ്രവാഹം കൂട്ടുകയാണ് വേണ്ടത്. ഇതിനായി രോഗിയെ ഉറപ്പുള്ള പ്രതലത്തിൽ മലർത്തിക്കിടത്തണം. തലഭാഗം ഉയർത്തി വെക്കരുത്.
ചുമലിൽ തട്ടിവിളിച്ചിട്ടും ബോധം കെട്ടു വീണയാൾ പ്രതികരിക്കുന്നില്ലെങ്കിൽ സ്ഥിതി അപകടകരമാണെന്ന് വിലയിരുത്തണം. രോഗി പ്രതികരിക്കാതിരിക്കുന്നതിന്റെ കാരണം പലതാവാം. വിവേകപൂർവം അടിയന്തിരമായി പ്രഥമ ശുശ്രൂഷ നൽകേണ്ട ഘട്ടമാണിത്. പുനരുജ്ജീവന ചികിത്സ നൽകുന്നതിനൊപ്പം രോഗിയെ എത്രയും പെട്ടെന്ന് ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കണം. ആംബുലൻസ് ഏർപ്പാട് ചെയ്യാം. രോഗിയെ കൊണ്ടുവരുന്നതായി ആശുപത്രിയിൽ അറിയിക്കുന്നതും നല്ലതാണ്.
പുനരുജ്ജീവന ചികിത്സ
മൃതാവസ്ഥയിലുള്ള രോഗിയെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള സുപ്രധാന വഴികളാണ് പുനരുജ്ജീവന ചികിത്സയിൽ ചെയ്യുന്നത്.
ബോധം കെട്ടു കിടക്കുന്ന രോഗി ശ്വാസം എടുക്കുന്നുണ്ടോ എന്ന് നോക്കുക. പത്ത് സെക്കൻഡ് മാത്രം നിരീക്ഷിച്ചാൽ മതി. വയറും നെഞ്ചും ചലിക്കുന്നില്ലെങ്കിൽ ഹൃദയസ്തംഭനം സംഭവിച്ചതായി കരുതി ഉടൻ പുനരുജ്ജീവന ചികിത്സ ആരംഭിക്കണം. നെഞ്ചിൽ മർദം ഏൽപിച്ചുള്ള എക്‌സ്റ്റേണൽ കാർഡിയാക് കംപ്രഷൻ, ശ്വാസവഴി ശുദ്ധിയാക്കൽ, വായോട് വായ് ചേർത്ത് ശ്വാസം നൽകൽ, ഡീ ഫീബ്രിലേഷൻ എന്നിങ്ങനെ പല ഘടകങ്ങൾ ഇതിലുണ്ട്.
നെഞ്ചിൽ മർദം ഏൽപിക്കൽ (എക്‌സ്റ്റേണൽ കാർഡിയാക് കംപ്രഷൻ)
ഹൃദയസ്തംഭനം വന്നവരുടെ പുനരുജ്ജീവന ചികിത്സയിലെ പ്രധാന ഭാഗമാണിത്. നെഞ്ചിൽ എവിടെ, എങ്ങനെ, എത്രതവണയാണ് മർദം ഏൽപിക്കേണ്ടതെന്ന കാര്യം മനസ്സിലാക്കിയാൽ ആർക്കും ഇത് ചെയ്യാനാകും.
- ബോധംകെട്ടയാളുടെ നെഞ്ചിൽ മർദം നൽകുന്നയാൾ മുട്ടുകുത്തി ഇരിക്കുക. കൈപ്പത്തിയുടെ അടിഭാഗം (കൈപ്പത്തി മണിബന്ധവുമായി ചേരുന്ന ഭാഗം) രോഗിയുടെ നെഞ്ചിൽ അമർത്തിവെക്കുക.
- നെഞ്ചിൽ മുലക്കണ്ണുകൾ മുട്ടുന്ന തരത്തിൽ ഒരു വരയും അതിന് ലംബമായി മറ്റൊരു വരയും വരച്ചാൽ കൂട്ടിമുട്ടുന്ന സ്ഥലത്താണ് മർദം നൽകേണ്ടത്. നെഞ്ചിൽ കൈപ്പത്തിയുടെ അടിഭാഗം അമർത്തിയ ശേഷം മറ്റേ കൈ അതിന് മേലെ വെക്കുക. എന്നിട്ട് മുകളിലെ കൈവിരലുകൾ കീഴിലെ കൈവിരലുകളുമായി കോർത്തുവെക്കുക.
- കൈമുട്ട് നിവർത്തിപ്പിടിച്ചിരിക്കണം.
- ഈ അവസ്ഥയിൽ നെഞ്ചിൽ ശക്തിയായി മർദം നൽകാം. മർദം നൽകുമ്പോൾ നമ്മുടെ ശരീരഭാരം കൈപ്പത്തിയിലൂടെ രോഗിയുടെ നെഞ്ചിലേക്ക് പകരുകയാണ് ചെയ്യുന്നത്.
- ഒരു മിനിറ്റിൽ 100 തവണയെങ്കിലും ഇങ്ങനെ മർദം നൽകണം.
- ഓരോ തവണ അമർത്തുമ്പോഴും നെഞ്ച് അഞ്ചു സെന്റിമീറ്റർ താഴണം.
- ബോധംകെട്ടയാൾ കണ്ണ് തുറന്ന് സംസാരിക്കുന്നത് വരെയോ ഡോക്ടറുടെ സേവനം ലഭ്യമാവുന്നത് വരെയോ ഇത് തുടരാം.
ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫിബ്രില്ലേറ്ററുകൾ
സാധാരണക്കാർക്ക് ഉപയോഗിക്കാൻ വേണ്ടി രൂപകൽപ്പന ചെയ്തിട്ടുള്ള ജീവൻ രക്ഷാ ഉപകരണങ്ങളാണ് ഓട്ടോമേറ്റഡ് എക്‌സ്റ്റേണൽ ഡിഫിബ്രില്ലേറ്ററുകൾ. സിപിആർ നൽകിക്കൊണ്ടിരിക്കുമ്പോൾ, ഈ ഉപകരണം ലഭ്യമാണെങ്കിൽ അത് രോഗിയുടെ അരികിൽ വയ്ക്കുകയും ഓണാക്കുകയും ചെയ്യണം. വോയ്‌സ് പ്രോംപ്റ്റുകളിലൂടെ ഉപയോക്താവിനെ നയിക്കുന്ന ഒരു ഉപകരണമാണിത്. ഉപകരണം ഓണാക്കിയാലുടൻ അത് എന്താണ് പറയുന്നതെന്ന് ശ്രദ്ധിക്കുകയുംകമാൻഡുകൾ പാലിക്കുകയും ചെയ്യണം. നിർദേശിച്ചിരിക്കുന്നതുപോലെ പാഡുകൾ ഘടിപ്പിച്ച് വോയ്സ് പ്രോംപ്റ്റുകൾ പിന്തുടരണം. ഷോക്ക് നൽകാൻ AED ആവശ്യപ്പെടുകയാണെങ്കിൽ, രോഗിയെ ആരും തൊടുന്നില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മിന്നുന്ന ലൈറ്റ് അമർത്തുക. സഹായം എത്തുന്നതുവരെ CPR തുടരുക.
Content Highlights: CPR Saved His Life: How Doctors Rescued a Man After Cardiac Arrest