30 മിനിറ്റിനുള്ളിൽ ബീജത്തിന്റെ ചലനശേഷിയെ ബാധിക്കും, പുരുഷന്മാർക്കുള്ള ഗർഭനിരോധന ഗുളികകൾ വികസിപ്പിച്ച് ഗവേഷകർ

ഗർഭനിരോധന ഗുളികകൾ ഉൾപ്പെടെ സ്ത്രീകൾക്ക് നിരവധി ഗർഭനിരോധന മാർഗ്ഗങ്ങളുമുണ്ട്. എന്നാൽ പുരുഷന്മാരിൽ കോണ്ടവും വാസെക്ടമിയും മാത്രമാണ് ഗർഭനിരോധന മാർഗങ്ങളായി ഉള്ളത്. പുരുഷന്മാർക്കുള്ള ഗർഭനിരോധന ഗുളികകളിന്മേൽ ധാരാളം ഗവേഷണങ്ങൾ നടക്കുന്നുണ്ട്. ഇപ്പോഴിതാ അമേരിക്കയിലെ വീൽ കോർണൽ മെഡിസിനിലെ ഗവേഷകർ നടത്തിയ പഠനം ശ്രദ്ധനേടുകയാണ്.
കഴിച്ച് ഏകദേശം 30 മിനിറ്റിനുള്ളിൽ ബീജത്തിന്റെ ചലനശേഷിയെ ബാധിക്കുന്ന, ആറ് മുതൽ എട്ട് മണിക്കൂർ വരെ ഫലം നീണ്ടുനിൽക്കാൻ സാധ്യതയുള്ള ഗുളികയിന്മേലാണ് പ്രാഥമിക പഠനങ്ങൾ നടന്നിരിക്കുന്നത്. മരുന്നിന്റെ പ്രഭാവം ഇല്ലാതാകുമ്പോൾ പുരുഷന്മാരുടെ പ്രത്യുൽപാദന ശേഷി സാധാരണ നിലയിലേക്ക് മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യകാല ഗവേഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള കണക്കുകൂട്ടലുകൾ മാത്രമാണിതെന്നും മനുഷ്യനിൽ ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നും ഗവേഷകർ പറയുന്നുണ്ട്.
ഡോ. ജോചൻ ബെക്ക്, ഡോ. ലോണി ലെവിൻ എന്നിവരുൾപ്പെട്ട സംഘമാണ് ഗവേഷണം നടത്തിയത്. സ്ത്രീയുടെ പ്രത്യുൽപാദന വ്യൂഹത്തിലൂടെ മുന്നോട്ട് നീങ്ങാൻ ബീജത്തെ സഹായിക്കുന്ന 'സോലുബിൾ അഡെനൈൽ സൈക്ലേസ്' (sAC) എന്ന എൻസൈമിനെ താൽക്കാലികമായി തടയുകയാണ് ലക്ഷ്യം. sAC-യെ താൽക്കാലികമായി തടയുന്നതിലൂടെ ബീജങ്ങൾക്ക് നീങ്ങാൻ കഴിയാത്ത അവസ്ഥ ഉണ്ടാക്കുമെന്നും അതുവഴി ഗർഭധാരണത്തിനുള്ള സാധ്യത കുറയുമെന്നുമാണ് ഗവേഷകർ കരുതുന്നത്.
പ്രാഥമികമായി മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ വ്യക്തമായ പാർശ്വഫലങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. അടുത്ത രണ്ട് വർഷത്തിനുള്ളിൽ മനുഷ്യരിലെ പ്രാരംഭഘട്ട പരീക്ഷണങ്ങൾ ആരംഭിക്കാമെന്നാണ് ഗവേഷകർ പ്രതീക്ഷിക്കുന്നത്. ഈ പരിശോധനകൾ പൂർത്തിയായിക്കഴിഞ്ഞാൽ, മനുഷ്യരിൽ ഇതിന്റെ സുരക്ഷയും ഫലപ്രാപ്തിയും ഗവേഷകർ വിലയിരുത്തും.
ഗർഭനിരോധന ഗുളികകളെക്കുറിച്ചുള്ള അഞ്ച് തെറ്റിദ്ധാരണകൾ
നേരത്തേ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ യുവർചോയ്സ് തെറാപ്യൂട്ടിക്സും ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയും ചേർന്ന് പുരുഷന്മാരെ ഗർഭനിരോധനത്തിന് സഹായിക്കുന്ന YCT-529 എന്ന ഗുളിക വികസിപ്പിച്ചിരുന്നു. പ്രാരംഭഘട്ടത്തിലെ ക്ലിനിക്കൽ ട്രയലുകളിൽ ഫലപ്രദമാണെന്ന് തെളിഞ്ഞ മരുന്നിനേക്കുരിച്ച് കമ്മ്യൂണിക്കേഷൻസ് മെഡിസിൻ എന്ന ജേണലിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ബീജങ്ങളുടെ വളർച്ചയിലെ പ്രധാനഘടകമായ റെറ്റിനോയിക് ആസിഡ് എന്ന ഒരിനം വിറ്റാമിൻ എയുടെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ് ഗുളിക ചെയ്യുന്നത്. ആരോഗ്യവാന്മാരായ പതിനാറ് പുരുഷന്മാരിലാണ് ക്ലിനിക്കൽ ട്രയൽ നടത്തിയത്. നേരത്തേ എലികളിലും ആൺകുരങ്ങുകളിലും നടത്തിയ ക്ലിനിക്കൽ ട്രയലിൽ ഈ ഗുളിക ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. മരുന്ന് കഴിച്ച എലികളിൽ ആറ് ആഴ്ചകൾക്കുള്ളിലും കുരങ്ങുകളിൽ പത്തു മുതൽ പതിനഞ്ച് ആഴ്ചകൾക്കുള്ളിലും പ്രത്യുത്പാദനക്ഷമത വീണ്ടെടുത്തതായും കണ്ടെത്തിയിരുന്നു.
Content Highlights: Researchers at Weill Cornell Medicine explore a male contraceptive pill affecting sperm motility, with trials expected in the next two years.