മദ്യവും മധുരപാനീയങ്ങളും രോഗങ്ങൾ വിളിച്ചുവരുത്തുന്നു, നികുതി കൂട്ടി ഉപയോഗം കുറയ്ക്കണം- WHO

മദ്യത്തിനും മധുര പാനീയങ്ങൾക്കും കുറഞ്ഞ നികുതി ഏർപ്പെടുത്തുന്നത് അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, അർബുദം തുടങ്ങിയവയ്ക്കുള്ള സാധ്യത കൂട്ടുന്നുവെന്ന് ലോകാരോഗ്യസംഘടന. ലോകാരോഗ്യസംഘടന പുറത്തുവിട്ട ഗ്ലോബൽ റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പരാമർശിക്കുന്നത്. ഇത്തരം പാനീയങ്ങൾക്കുമേൽ അതാതു സർക്കാരുകൾ നികുതി കൂട്ടി അവയുടെ ഉപയോഗം കുറയ്ക്കുകയും അതുവഴി ആരോഗ്യപ്രശ്നങ്ങൾ കുറയ്ക്കുകയും ചെയ്യണമെന്നാണ് ലോകാരോഗ്യസംഘടന നിർദേശിക്കുന്നത്.
സോഡ, റെഡി ടു ഡ്രിങ്ക് പാനീയങ്ങൾ, ബിയർ, വൈൻ, സ്പിരിറ്റ് തുടങ്ങിയവ പലരാജ്യങ്ങളിലും എളുപ്പത്തിൽ ലഭ്യമാണെന്നും ഇതിനുകാരണം അവയ്ക്കുമേലുള്ള നികുതി കുറവാണ് എന്നതാണെന്നും ലോകാരോഗ്യസംഘടന പറയുന്നു. ഇതുമൂലം പലരും ഇവ ദിവസവും വാങ്ങി ഉപയോഗിക്കുകയും ആരോഗ്യപ്രശ്നങ്ങൾ വിളിച്ചുവരുത്തുകയുമാണ്. കുറഞ്ഞത് 116 രാജ്യങ്ങളെങ്കിലും മധുര പാനീയങ്ങൾക്ക് നികുതി ഏർപ്പെടുത്തുന്നുണ്ടെങ്കിലും നിരവധി മധുരമടങ്ങിയ ഉത്പന്നങ്ങൾ നികുതിപരിധിയിൽ നിന്ന് പുറത്താണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നു.
ഇതുപോലെതന്നെ 167 രാജ്യങ്ങൾ മദ്യത്തിന് നികുതി ഈടാക്കുന്നുണ്ടെങ്കിലും പണപ്പെരുപ്പത്തിനും വരുമാനം ഉയരുന്നതിനും അനുസരിച്ച് നികുതികൾ ക്രമീകരിക്കാത്തതിനാൽ 2022 മുതൽ മാറ്റമില്ലാതെ തുടരുകയാണെന്നും ലോകാരോഗ്യസംഘടനയുടെ റിപ്പോർട്ടിലുണ്ട്. പല രാജ്യങ്ങളിലും വൈനിനുമേൽ നികുതി ചുമത്തുന്നതേയില്ലെന്നും റിപ്പോർട്ട് പറയുന്നു.
ഇത്തരം പാനീയങ്ങൾക്ക് നികുതി കുറച്ച് അവ വിപണിയിൽ എളുപ്പത്തിൽ ലഭ്യമാകുകവഴി അമിതവണ്ണമുള്ളവർ കൂടുമെന്നും ടൈപ് 2 ഡയബറ്റിസ് കൂടുതൽപേരിലുണ്ടാകുമെന്നും ഹൃദ്രോഗം, കാൻസർ തുടങ്ങിയവയ്ക്കുള്ള സാധ്യത ഇരട്ടിയാകുമെന്നും പറയുന്നുണ്ട്. കൂടാതെ മദ്യപാനശീലം അപകടങ്ങൾക്കും പരിക്കിനും കാരണമാകുമെന്നും റിപ്പോർട്ടിലുണ്ട്.
ആരോഗ്യത്തിന് ദോഷകരമായ പാനീയങ്ങളുടെ ഉപയോഗം കുറച്ചുകൊണ്ടുവരുന്നതിനേക്കാൾ ഹെൽത്ത് ടാക്സുകൾ കൂട്ടുകവഴി നല്ലമാറ്റങ്ങൾ കൊണ്ടുവരാനാകുമെന്നും ലോകാരോഗ്യസംഘടന പറയുന്നുണ്ട്. 3 ബൈ 35 എന്ന പദ്ധതിപ്രകാരം 2035 ആകുമ്പോഴേക്ക് പുകയില, മദ്യം, മധുര പാനീയങ്ങൾ തുടങ്ങിയവയുടെ വില നികുതികൂട്ടിയും മറ്റും രാജ്യങ്ങൾ വർധിപ്പിക്കണമെന്നാണ് ലോകാരോഗ്യസംഘടന ലക്ഷ്യമിടുന്നത്. വിലകൂടുന്നതുവഴി ആളുകൾ ഉപയോഗം കുറയ്ക്കുകയും അതിലൂടെ ആരോഗ്യമുള്ള സമൂഹം വളരുകയും ചെയ്യുമെന്നാണ് ലോകാരോഗ്യസംഘടനയുടെ വിലയിരുത്തൽ.
Content Highlights: WHO report reveals low taxes on sugary drinks & alcohol increase obesity, diabetes, heart disease, & cancer risks