‘ലക്ഷണങ്ങൾ കണ്ടാൽ പരിശോധന വൈകരുത്’, എൻഡോമെട്രിയോസിസ് സ്ഥിരികരിച്ചതിനേക്കുറിച്ച് നടി

ലിലി റീൻഹാർട്ട്
ലിലി റീൻഹാർട്ട്

എൻഡോമെട്രിയോസിസ് എന്ന രോഗാവസ്ഥയുമായുള്ള പോരാട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞ് ഹോളിവുഡ് നടി ലിലി റീൻഹാർട്ട്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ദീർഘനാളായി എൻഡോമെട്രിയോസിസ് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്നതിനേക്കുറിച്ച് ലിലി തുറന്നുപറഞ്ഞത്. വർഷങ്ങളോളം താൻ അനുഭവിച്ച വേദനയും മറ്റ് ലക്ഷണങ്ങളും എൻഡോമെട്രിയോസിസിന്റേത് ആണെന്ന് വൈകിയാണ് തിരിച്ചറിഞ്ഞതെന്നും ലിലി പറയുന്നു.

ആശുപത്രിക്കിടക്കയിൽ നിന്നുള്ള ചിത്രംസഹിതമാണ് ലിലിയുടെ പോസ്റ്റ്. കഴിഞ്ഞയാഴ്ച്ച ലാപ്രോസ്കോപ്പിക് സർജറിക്ക് പിന്നാലെ എനിക്ക് എൻഡോമെട്രിയോസിസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു എന്ന ആമുഖത്തോടെയാണ് പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. കഴിഞ്ഞവർഷം ഗൈനക്കോളജിസ്റ്റിനെ കണ്ടപ്പോൾ ഇന്റർസിറ്റീഷ്യൽ സിസ്റ്റൈറ്റിസ് ആണെന്നും ഇതിന് കൃത്യമായ ചികിത്സയില്ലെന്നുമാണ് പറഞ്ഞതെന്ന് ലിലി കുറിക്കുന്നു. ഒട്ടേറെ തവണ ആശുപത്രിയിൽ പോവുകയും യൂറോളജിസ്റ്റുകളെയും ഗൈനക്കോളജിസ്റ്റുകളെയുമൊക്കെ കാണുകയും ചെയ്തെങ്കിലും ആർക്കും താൻ യഥാർഥത്തിൽ എന്താണ് അനുഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്ന് ലിലി പറയുന്നു.

പിന്നീട് സ്വന്തം നിർബന്ധത്തിന് എംആർഐ എടുത്തപ്പോൾ അഡിനോമയോസിസ് ആണെന്ന് സ്ഥിരീകരിക്കുകയും അവിടെനിന്ന് എൻഡോമെട്രിയോസിസ് സ്പെഷലിസ്റ്റിനെ കാണുകയും എൻഡോമെട്രിയോസിസ് സ്ഥിരീകരിക്കുകയുമാണെന്ന് ലിലി പറയുന്നു. തന്റെ ശരീരം പ്രകടിപ്പിച്ച അസ്വാഭാവിക ലക്ഷണങ്ങളിൽ സംശയം തോന്നി മുന്നോട്ടുപോയതുകൊണ്ടു മാത്രമാണ് രോഗം സ്ഥിരീകരിക്കാനായതെന്നും എല്ലാവരും അത്തരത്തിൽ ചെയ്യണമെന്നും ലിലി പറയുന്നുണ്ട്.

അടുത്തിടെ നടിയും മോഡലുമായ ബാർബറ പൽവിനും എൻഡോമെട്രിയോസിസ് വൈകി സ്ഥിരീകരിച്ചതിനേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. ക്രമരഹിതമായ ആർത്തവം, ക്ഷീണം, കടുത്ത വേദന തുടങ്ങിയവയൊക്കെ ആർത്തവസംബന്ധമായ പ്രശ്നങ്ങളാകാം എന്നാണ് കരുതിയതെന്നും വിദഗ്ധ പരിശോധനയിലാണ് എൻഡോമെട്രിയോസിസ് സ്ഥിരീകരിച്ചതെന്നും ബാർബറ പറഞ്ഞിരുന്നു.

എന്താണ് എൻഡോമെട്രിയോസിസ്?

ആർത്തവ സമയത്തുണ്ടാവുന്ന നടുവേദന, വയറുവേദന എന്നിവ സാധാരണമാണ്. എന്നാൽ ഈ വേദനകൾ കഠിനമാവുകയാണെങ്കിൽ എൻഡോമെട്രിയോസിസ് എന്ന രോഗമാകാം.

ഗർഭാശയത്തിന്റെ ഉൾപ്പാടയാണ് എൻഡോമെട്രിയം. ഗർഭധാരണം നടക്കാത്ത മാസങ്ങളിൽ ആർത്തവരക്തത്തോടൊപ്പം എൻഡോമെട്രിയം കൊഴിഞ്ഞുപോവുകയും അടുത്ത ആർത്തവചക്രത്തിൽ പുതിയ ഉൾപ്പാട രൂപപ്പെടുകയും ചെയ്യും.

എന്നാൽ ഗർഭപാത്രത്തിലല്ലാതെ മറ്റ് ശരീരഭാഗങ്ങളിൽ എൻഡോമെട്രിയം കോശങ്ങൾ കാണപ്പെടുന്നതാണ് എൻഡോമെട്രിയോസിസ് എന്ന അവസ്ഥ. അണ്ഡാശയം, അണ്ഡവാഹിനിക്കുഴൽ, ഉദരത്തിന്റെ ഉൾഭാഗം, ഗർഭാശയത്തിന്റെ പിറകിലുള്ള പൗച്ച് ഓഫ് ഡഗ്ലസ്, കുടൽ എന്നീഭാഗങ്ങളിലാണ് സാധാരണ ഈ കോശങ്ങൾ കാണുന്നത്.

ലോകത്ത് പത്തുശതമാനം സ്ത്രീകളിൽ ഈ രോഗം വരാറുണ്ട്. ഇപ്പോഴും വൈദ്യശാസ്ത്രം ഇതിന്റെ കാരണം കണ്ടെത്തിയിട്ടില്ല. ഈസ്ട്രജൻ ഹോർമോണിന്റെ പ്രവർത്തനം ഒരു കാരണമാണ് എന്ന് കരുതുന്നു.

ലക്ഷണങ്ങൾ

ആർത്തവം വരുന്നതിന് മുൻപുള്ള ദിവസങ്ങളിലും ആർത്തവത്തോട് കൂടിയും വരുന്ന കഠിനമായ വയറുവേദന, നടുവേദന, ലൈംഗികബന്ധത്തിലേര്‍പ്പെടുന്ന സമയത്തുണ്ടാവുന്ന വേദന, വന്ധ്യത, മാറാതെ നിൽക്കുന്ന അടിവയറുവേദന ഇവയൊക്കെ പ്രധാനലക്ഷണങ്ങളാണ്.

ഈ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ഡോക്ടറെ സമീപിച്ച് പരിശോധനകൾ നടത്തണം. അൾട്രാസൗണ്ട് സ്‌കാൻ, സി.ടി, എം.ആർ.ഐ സ്‌കാനുകൾ എന്നിവ വഴി രോഗം കണ്ടെത്താം. ഏറ്റവും നല്ലത് ലാപ്രോസ്‌കോപി പരിശോധനയാണ്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് സമാനമാണ് ഈ പരിശോധന.

ചികിത്സ

രോഗത്തിന്റെ തീവ്രതയെയും രോഗലക്ഷണങ്ങളെയും രോഗിയുടെ പ്രായത്തെയും ആശ്രയിച്ചാണ് ചികിത്സ. വേദനസംഹാരി ഉപയോഗിച്ച് വേദനകുറച്ച് ലാപ്രോസ്‌കോപ്പി വഴി എൻഡോമെട്രിയോസിസ് കോശങ്ങളെ നീക്കം ചെയ്യാം. ചിലർക്ക് ഹോർമോൺ ചികിത്സ ആവശ്യമായി വരാറുണ്ട്. അപൂർവസാഹചര്യങ്ങളിൽ ഗർഭപാത്രവും അണ്ഡാശയവും നീക്കം ചെയ്യേണ്ടിയും വന്നേക്കാം.

Content Highlights: Hollywood actress Lili Reinhart bravely shares her long battle with endometriosis