ഭക്ഷണശേഷം 10മിനിറ്റ് നടത്തം,വൈറ്റ് റൈസും വൈറ്റ് ബ്രെഡും കുറയ്ക്കാം; കാൻസർ പ്രതിരോധത്തിന് ചില ശീലങ്ങൾ

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കാൻസറിലേക്ക് നയിക്കുന്ന കാരണങ്ങളിൽ ജനിതകഘടകങ്ങൾക്കും പ്രാധാന്യമുണ്ടെങ്കിലും ജീവിത ശൈലിയും അനാരോഗ്യകരമായ ശീലങ്ങളുമൊക്കെ കാരണമുണ്ടാകുന്ന അർബുദങ്ങളും നിരവധിയാണ്. അമിതവണ്ണം, സ്ഥിരമായി വറുത്തതും പൊരിച്ചതുമായ ആഹാരപദാർഥങ്ങൾ കഴിക്കുക, പുകവലി, മദ്യപാനം തുടങ്ങിയവയൊക്കെ കാൻസർ സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. കാൻസറിനെ പൂർണമായും ഇല്ലാതാക്കാൻ കവിയില്ലെങ്കിലും ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ കാൻസർ സാധ്യത കുറയ്ക്കാനാവുമെന്നു പറയുകയാണ് ഇന്റേർണൽ മെഡിസിൻ വിദഗ്ധനായ ഡോ.പ്രിയം ബൊർദൊലോയ്.

എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പ്രിയം ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. അതിൽ ആദ്യത്തേതായി അദ്ദേഹം പറയുന്നത് ഭക്ഷണം കഴിച്ചതിനുശേഷം പത്തുമിനിറ്റ് നടക്കുക എന്നതാണ്. ഇതിലൂടെ ഗ്ലൂക്കോസ് നില ഉയരുന്നത് തടയാനാവും. ഗ്ലൂക്കോസ് നില അമിതമായി ഉയരുന്നത് ഡിഎൻഎ തകരാറിലാവാനും പ്രതിരോധശേഷി കുറയ്ക്കാനും കാൻസർ സാധ്യത കൂട്ടാനും കാരണമാകും. മറ്റൊന്ന് ചൂടുചായയും കോഫിയും കുടിക്കുന്ന ശീലം ഒഴിവാക്കുക എന്നതാണ്. തുടർച്ചയായി അമിതമായി ചൂ‌ടുള്ള ആഹാരപദാർഥങ്ങൾ കഴിക്കുന്നത് അന്നനാളത്തെ തകരാറിലാക്കും. 65ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ളവ കഴിക്കുന്നത് കാൻസറിനു കാരണമാകുമെന്നും അദ്ദേഹം പറയുന്നു.

മറ്റൊന്ന് സംസ്കരിച്ച മാംസങ്ങളുടെ ഉപയോഗം ഒഴിവാക്കണമെന്നതാണ്. ദിവസവും ഇവ അമ്പതുഗ്രാം വീതം കഴിക്കുന്നതോ, അല്ലെങ്കിൽ ഒരു ഹോട്ട് ഡോഗ് കഴിക്കുന്നതോ ഒക്കെ കുടലിലെ കാൻസറിനുള്ള സാധ്യത പതിനെട്ടുശതമാനം കൂട്ടും. ഇതിനു പകരം മുട്ട, മീൻ, ഫ്രഷ് ചിക്കൻ, പയർവർഗങ്ങൾ തു‌ടങ്ങിയവ ഉൾപ്പെടുത്താം.

മൈദ കൊണ്ടുള്ള ഭക്ഷണപദാർഥങ്ങളും കുറയ്ക്കണമെന്ന് ഡോ.പ്രിയം പറയുന്നു. ഇതിനുപകരം മുഴുധാന്യങ്ങൾ കൂടുതൽ ഉൾപ്പെടുത്താം. വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, മധുരമുള്ള സിറിയൽ എന്നിവയ്ക്കുപകരം ഓട്സ്, ബ്രൗൺ റൈസ്, ഗോതമ്പുബ്രെഡ് എന്നിവ ഉൾക്കൊള്ളിക്കാം. ഭക്ഷണത്തിൽ പതിനേഴുശതമാനം മുഴുധാന്യങ്ങൾ ചേർക്കുകവഴി കുടലിലെ കാൻസർ സാധ്യത പതിനേഴുശതമാനം കുറയ്ക്കാമെന്നും അദ്ദേഹം പറയുന്നു.

പൂപ്പൽ പിടിച്ച ധാന്യങ്ങളോ, നട്സോ കഴിക്കരുതെന്നതും പ്രധാനമാണെനന് ഡോക്ടർ പറയുന്നു. പൂപ്പലുള്ള പീനട്സ്, ചോളം, അരി തുടങ്ങിയവ ആൽഫടോക്സിൻ എന്ന ഘടകം ഉത്പാദിപ്പിക്കും. ഇവ ഡിഎൻഎയ്ക്കു തകരാറുണ്ടാക്കുകയും ദീർഘനാളത്തെ ഉപയോഗം കരളിലെ കാൻസറിനുള്ള സാധ്യത കൂട്ടുകയും ചെയ്യും. പൂപ്പൽബാധയോ, നിറവ്യത്യാസമോ ഉള്ള ഉപയോഗിക്കരുതെന്നും ഡോ.പ്രിയം കൂട്ടിച്ചേർത്തു.

Content Highlights: Discover simple lifestyle changes to reduce cancer risk.