സംസ്ഥാനത്തെ എലിപ്പനിമരണം; മൂന്നിലൊന്നും കൂലിപ്പണിക്കാർ, അപകടസാധ്യതയുള്ളവർ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി ബാധിച്ച് മരിക്കുന്നവരിൽ ഏറ്റവും കൂടുതൽപ്പേർ കൂലിത്തൊഴിലാളികൾ. ആരോഗ്യവകുപ്പിന്റെ 2025-ലെ തൊഴിൽവിഭാഗം തിരിച്ചുള്ള വിശകലനത്തിലാണ് ഈ വിവരം. എലിപ്പനിബാധിച്ച് മരിച്ചവരിൽ 36.72 ശതമാനമാണ് കൂലിത്തൊഴിലാളികൾ. മഴക്കാലത്ത് ചെളിവെള്ളത്തിലും വെള്ളക്കെട്ടിലും ജോലിചെയ്യുന്നവരാണ് രോഗത്തിന്റെ ഏറ്റവും വലിയ ഇരകൾ.
കൃഷിയും അനുബന്ധജോലികളും ചെയ്യുന്നവർ (10.94%), വീട്ടുവളപ്പിൽ കൃഷിയിലും ഗാർഡനിങ്ങിലും ഏർപ്പെടുന്നവർ (10.16%), നിർമാണത്തൊഴിലാളികൾ (9.38%), തൊഴിലുറപ്പ് തൊഴിലാളികൾ (7.81%) എന്നിങ്ങനെയാണ് തുടർന്നുള്ള മരണക്കണക്ക്. എലി, അണ്ണാൻ, പൂച്ച, പട്ടി, കന്നുകാലി എന്നിവയുടെ വിസർജ്യത്താൽ മലിനമായ വെള്ളവും മണ്ണുമായി സമ്പർക്കത്തിൽ വരുന്നതിലൂടെയാണ് എലിപ്പനി പ്രധാനമായും പകരുന്നത്.
മറ്റ് തൊഴിൽവിഭാഗങ്ങൾ(ശതമാനത്തിൽ)
- പെയിന്റർ - 4.69
- മത്സ്യത്തൊഴിലാളി, കന്നുകാലി വളർത്തൽ, ഡ്രൈവർ - 3.13 വീതം
- ടൈൽ തൊഴിലാളി, തുന്നൽ തൊഴിലാളി - 2.34 വീതം
- പ്ലംബർ, സെക്യൂരിറ്റി ജീവനക്കാരൻ, തൊഴിലില്ലാത്തവർ - 1.56 വീതം
- ചുമട്ടുതൊഴിലാളി, ഇറച്ചിവെട്ടുകാർ - 0.78 വീതം
പ്രതിരോധമരുന്ന് ഡോക്‌സിസൈക്ലിൻ
ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ആഴ്ചയിൽ ഒരിക്കൽ 200 മില്ലിഗ്രാം ഡോക്‌സിസൈക്ലിൻ ഡോക്ടറുടെ നിർദേശപ്രകാരം പ്രതിരോധമരുന്നായി കഴിക്കാം.
ശ്രദ്ധിക്കുക
- വെള്ളക്കെട്ടിൽ അനാവശ്യമായി ഇറങ്ങരുത്
- മുറിവുകളോടെ ചെളിവെള്ളത്തിൽ ജോലിചെയ്യരുത്
- വെള്ളത്തിൽ ഇറങ്ങിയാൽ സോപ്പുപയോഗിച്ച് ശരീരം കഴുകുക
- രോഗസാധ്യതയുള്ള ജോലി ചെയ്യുമ്പോൾ കൈയുറയും കാലുറയും ധരിക്കുക
|
Content Highlights: 36.72% of 2025 leptospirosis deaths involved daily wage workers., High-risk groups include agricultural, construction, and MGNREGA workers., Infection spreads via contact with contaminated soil or water., Doxycycline (200mg) recommended as prophylactic treatment under medical supervision., Thiruvananthapuram recorded the highest number of deaths in 2025.