കുഷ്ഠരോഗം : പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പ്

നെടുങ്കണ്ടം: കരുണാപുരം പഞ്ചായത്ത് പരിധിയിൽ മൂന്നുവർഷത്തിലധികമായി താമസിക്കുന്ന ജാർഖണ്ഡ് സ്വദേശിക്ക് കുഷ്ഠ രോഗം സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി. നിർമാർജനം ചെയ്ത രോഗമല്ലെങ്കിലും മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് രോഗബാധിതർ അത്യപൂർവമാണ് സംസ്ഥാനത്ത് എന്നതിനാൽ ഗൗരവത്തോടെയാണ് ആരോഗ്യവകുപ്പ് രോഗബാധയെ കാണുന്നത്.
തോട്ടംതൊഴിലാളിയായ വ്യക്തിക്ക് കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുമായി ഇടപഴകിയ മറ്റൊരു സ്ത്രീയിലും രോഗലക്ഷണങ്ങൾ കണ്ടെത്തിയതോടെ ഇവരെയും പരിശോധനയ്ക്ക് വിധേയമാക്കും.
സമ്പർക്ക സർവേ
രോഗിയുടെ വീടിന് ചുറ്റുമുള്ള നൂറുവീടുകളിൽ സമ്പർക്ക സർവേ നടത്താനുള്ള നീക്കത്തിലാണ് ആരോഗ്യവകുപ്പ്. രോഗിയുമായി ഇടപഴകിയവരെ കർശന നിരീക്ഷണത്തിനും പരിശോധനകൾക്കും വിധേയമാക്കും. സാധാരണയായി കുട്ടികളിലുള്ള രോഗലക്ഷണങ്ങൾ കണ്ടെത്താൻ ‘ബാലമിത്ര പദ്ധതി’യിൽ ഉൾപ്പെടുത്തി സ്‌കൂളുകളിൽ ആരോഗ്യവകുപ്പ് പരിശോധന നടത്താറുണ്ട്.
മുതിർന്നവരിലെ കുഷ്ഠ രോഗം കണ്ടെത്താനുള്ള ‘അശ്വമേധം’ പദ്ധതിക്ക് മഴക്കാലം കഴിയുന്നതോടെ തുടക്കമാകും.
ചർമ പരിശോധനകളിലൂടെ രോഗം തിരിച്ചറിയാൻ സാധിക്കും. സ്ഥിരീകരണത്തിനായി ബയോപ്‌സി(ബയോസ്മിയർ) പരിശോധനയും നടത്താറുണ്ട്.
രോഗം പകരുന്നത്
മൈക്രോബാക്ടീരിയം ലെപ്ര എന്ന ബാക്ടീരിയയാണ് കുഷ്ഠരോഗത്തിന് കാരണമാകുന്നത്. രോഗിയുമായുള്ള സമ്പർക്കത്തിൽ ശ്വാസത്തിലൂടെയാണ് രോഗം പകരുക. രോഗി തുമ്മുമ്പോഴും മറ്റും പുറത്തുവരുന്ന വായു ശ്വസിച്ചാൽ രോഗം പകരാം. രോഗാണു ശരീരത്തിലെത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടമാകാൻ നാലുമുതൽ ഏഴുവർഷംവരെയെടുക്കാം എന്നത് ഗൗരവം വർധിപ്പിക്കുന്നു.
രോഗലക്ഷണങ്ങൾ
ചർമത്തിൽ നിറം മങ്ങിയതും ചുവന്നതുമായ സ്പർശനശേഷി കുറഞ്ഞ പാടുകൾ, കട്ടിയുള്ള തിളങ്ങുന്ന ചർമം, കൈകാലുകളിലെ മരവിപ്പ്, ബലക്ഷയം, വൈകല്യങ്ങൾ, വേദനയില്ലാത്ത മാറാത്ത വൃണങ്ങൾ, ചുവന്ന് തടിച്ച ചെവി, തടിച്ച നാഡികൾ, ചർമത്തിലുണ്ടാകുന്ന കലകൾ, ചൂടും തണുപ്പും, മർദവും തിരിച്ചറിയാനാകാത്ത അവസ്ഥ, കാലുകളിലെ രോമംകൊഴിച്ചിൽ തുടങ്ങിയവ കുഷ്ഠരോഗ ലക്ഷണങ്ങളാകാം.
Content Highlights: leprosy reported in karunapuram