‘പാൽ ഉത്പന്നങ്ങൾ കഴിക്കാനാവില്ല’; ലാക്ടോസ് ഇൻടോളറൻസ് അവസ്ഥയേക്കുറിച്ച് തുറന്നുപറഞ്ഞ് സെയ്ഫ് അലി ഖാൻ

#Health Desk
സെയ്ഫ് അലി ഖാൻ | ഫോട്ടോ: AFP
സെയ്ഫ് അലി ഖാൻ | ഫോട്ടോ: AFP

ചിലർക്ക് പാലോ, പാലുത്പന്നങ്ങളോ കഴിച്ചാൽ വയറുവേദന, ഗ്യാസ്ട്രിക് പ്രശ്നങ്ങൾ, ദഹനസംബന്ധമായ പ്രശ്നങ്ങൾ തുട‌ങ്ങിയവ അനുഭവപ്പെടാറുണ്ട്. ലാക്ടോസ് ഇൻടോളറൻസ് എന്ന അവസ്ഥയാണ് ഇതിനു പിന്നിൽ. പാലിലെയും പാലുത്പ്പന്നങ്ങളിലെയും ലാക്ടോസ് എന്ന് വിളിക്കുന്ന പഞ്ചസാര ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണിത്. തനിക്കും ഈ അവസ്ഥയുണ്ടെന്നു വ്യക്തമാക്കുകയാണ് ബോളിവു‍ഡ‍് നടൻ സെയ്ഫ് അലി ഖാൻ.

ടി.വി. അവതാരകനും കൊമേഡിയനുമായ കപിൽ ശർമയുമായുള്ള അഭിമുഖത്തിനിടെയാണ് ഇതേക്കുറിച്ച് നടൻ തുറന്നുപറഞ്ഞത്. അലർജിക്കുള്ള ടെസ്റ്റുകൾ ചെയ്തപ്പോഴാണ് തനിക്ക് പാൽ അലർജിയാണെന്നും ഉപയോഗിക്കാനാവില്ലെന്നും മനസ്സിലായതെന്ന് സെയ്ഫ് പറയുന്നു. അതിനുശേഷം താൻ പാലുപയോഗിക്കുന്നത് നിർത്തിയെന്നും സെയ്ഫ് പറഞ്ഞു.

എന്താണ് ലാക്ടോസ് ഇൻടോളറൻസ്?

പാൽ, പാലുത്പ്പന്നങ്ങൾ എന്നിവയിലെ ലാക്ടോസ് എന്ന് വിളിക്കുന്ന പഞ്ചസാര ദഹിക്കാൻ ബുദ്ധിമുട്ടുണ്ടാകുന്ന അവസ്ഥയാണിത്. ലാക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയോ കുടിക്കുകയോ ചെയ്തതിനു ശേഷം വയറിളക്കം, ഗ്യാസ്ട്രബിൾ, വയറു വീർക്കുക തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ചെറുകുടലിൽ ഉത്പ്പാദിപ്പിക്കപ്പെടുന്ന ലാക്ടേസ് എന്ന് വിളിക്കുന്ന എൻസൈമിന്റെ കുറവാണ് സാധാരണയായി ലാക്ടോസ് ഇൻടോളറൻസിനു കാരണമാകുന്നത്. ചിലരിൽ ലാക്ടേസിന്റെ അളവ് കുറവാണെങ്കിലും പാലുത്പ്പന്നങ്ങൾ ദഹിപ്പിക്കാൻ കഴിഞ്ഞേക്കാം. എന്നാൽ അളവ് വളരെ കുറവാണെങ്കിൽ ലാക്ടോസ് ഇൻടോളറൻസ് എന്ന അവസ്ഥയാകാം.

ലക്ഷണങ്ങൾ

ലാക്ടോസ് അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയോ കുടിക്കുകയോ ചെയ്തതിനുശേഷം ഏതാനും മണിക്കൂറുകൾക്കുള്ളിലാണ് ലാക്ടോസ് ഇൻടോളറൻസിന്റെ ലക്ഷണങ്ങൾ പ്രകടമാവുക. വയറിളക്കം, ഓക്കാനം, ഛർദ്ദി, വയറുവേദന, വയറു വീർക്കുക, ഗ്യാസ്ട്രബിൾ തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. 

പാലുത്പ്പന്നങ്ങൾ കഴിച്ചതിനു ശേഷം പതിവായി ലാക്ടോസ് ഇൻടോളറൻസിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടുകയാണെങ്കിൽ വിദഗ്ധചികിത്സ തേടേണ്ടതാണ്.

Content Highlights: Learn about lactose intolerance, its symptoms like stomach pain and bloating, and the causes behind this common digestive issue affecting many people.