ഡാർക്ക് സർക്കിൾസ് മാത്രമല്ല; ഉറക്കക്കുറവ് കാഴ്ചയേയും ബാധിക്കും, ഡോക്ടറുടെ മുന്നറിയിപ്പ്

ഇന്നത്തെ കാലത്ത് ഉറക്കത്തിന്റെ ആരോഗ്യഗുണങ്ങളെ വിലകുറച്ച് കാണുന്നവരാണ് നമ്മളിൽ പലരും. തിരക്കേറിയ ജീവിതം തുടരുന്നതിനിടെ നാം അവഗണിക്കുന്ന ഉറക്കമാണ് നമ്മുടെ ആരോഗ്യത്തിന്റെയും ശരീര പ്രവർത്തനങ്ങളുടെയും അടിത്തറയെന്ന് പറയുകയാണ് മുംബൈയിലെ സൈഫി ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധൻ ഡോ. മുസ്തഫ പരേഖ്. ഉറക്കമില്ലാത്ത ഒരു രാത്രി മതിയാകും നമ്മുടെ ശരീരത്തിൻ്റെയാകെ താളം തെറ്റിക്കാനെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു.
ഉറക്കത്തെ തലച്ചോറിനും ശരീരത്തിനുമുള്ള ഇന്ധനമായാണ് കണക്കാക്കുന്നത്. എന്നാൽ, കണ്ണുകളും ഉറക്കത്തെ ആശ്രയിക്കുന്നുണ്ട്. കണ്ണുകൾക്കുള്ള ഭക്ഷണം പോലെയാണ് ഉറക്കം. പ്രത്യേകിച്ച് കോർണിയയെ സംബന്ധിച്ച്. ഉറക്കത്തിനിടെ ഓക്സിജനും അവശ്യ പോഷകങ്ങളും അടങ്ങിയ കണ്ണുനീർ പാളിയിൽ കോർണിയ മുങ്ങിക്കിടക്കുന്നു. ഈ പ്രക്രിയ കോർണിയയുടെ ആരോഗ്യം നിലനിർത്തുകയും സൂക്ഷ്മമായ കേടുപാടുകൾ പരിഹരിക്കുകയും ചെയ്യുന്നു.
പൊതുവായ ആരോഗ്യത്തിന് ഏഴ് മുതൽ എട്ട് മണിക്കൂർ ഉറക്കമാണ് വിദഗ്ധർ നിർദേശിക്കാറുള്ളത്. എന്നാൽ, കോർണിയയുടെ ആരോഗ്യത്തിന് നാല് മണിക്കൂർ തടസ്സമില്ലാത്ത ഉറക്കം കണ്ണുകൾക്ക് ആവശ്യമാണെന്ന് പഠനങ്ങൾ വ്യക്തമാക്കിയ കാര്യമാണ്. ഉറക്കം തടസ്സപ്പെടുന്നതോടെ പ്രശ്നങ്ങൾ ഉടലെടുക്കുന്നു, ഡോക്ടർ പറഞ്ഞു.
കോർണിയയുടെ പ്രതലത്തിൽ ആവർത്തിച്ചുണ്ടാകുന്ന ചെറുതും വേദനയേറിയതുമായ മുറിവുകളെയാണ് റെക്കറൻ്റ് കോർണിയൽ ഇറോഷൻ(Recurrent corneal erosion) എന്ന് പറയുന്നത്. ഉറക്കക്കുറവുള്ളവരിലാണ് ഇത് സാധാരണയായി കാണപ്പെടുന്നത്.
ആളുകൾ ഉറക്കമുണരുമ്പോൾ കണ്ണുകൾക്ക് വേദന, കരട് പോയതുപോലുള്ള അസ്വസ്ഥത, അല്ലെങ്കിൽ പ്രകാശത്തോട് സംവേദനക്ഷമത എന്നിവ അനുഭവപ്പെടുന്നെങ്കിൽ ശ്രദ്ധവേണം. കോർണിയൽ അൾസർ അല്ലെങ്കിൽ keratopathy പോലുള്ള കൂടുതൽ ഗുരുതരമായ പ്രശ്നങ്ങളിലേക്ക് ഈ വിഷയം നയിക്കാനും സാധ്യതയുണ്ട്. ഇവ രണ്ടും ദീർഘകാല കാഴ്ചയ്ക്ക് ഭീഷണിയാകാം, ഡോ. പരേഖ് കൂട്ടിച്ചേർത്തു.
ആരോഗ്യകരമായ ഉറക്കത്തിനായി ചില ടിപ്സ്
- പ്രകാശം ഉറക്കത്തെ വിപരീതമായി ബാധിക്കും. ഉറക്കത്തിന് സഹായകമാകുന്ന മെലാടോണിൻ എന്ന രാസപദാർഥം ശരീരത്തിൽ ഉത്‌പാദിപ്പിക്കുവാൻ പ്രകാശം തടസ്സമാകും എന്ന് മറക്കരുത്.
- ലൈറ്റ് ഓഫ് ചെയ്തുവെങ്കിലും ഉറങ്ങാൻ കിടക്കുന്നതിനു തൊട്ടുമുൻപ് വരെയുള്ള മൊബൈൽ ഫോണിന്റെ ഉപയോഗം കൊണ്ടും നേരത്തെ സൂചിപ്പിച്ച പ്രശ്നം ഉണ്ടാകാം. ഉറങ്ങുന്നതിന് ചുരുങ്ങിയത് മുക്കാൽ മണിക്കൂർ മുൻപെങ്കിലും ഫോൺ ഉപയോഗം അവസാനിപ്പിക്കുക.
- ചായ, കാപ്പി, കോള എന്നിവ ഉത്തേജന സ്വഭാവമുള്ള പാനീയങ്ങളാണ്. ഉറക്കത്തെ തടസ്സപ്പെടുത്തുന്നത് കൊണ്ട് രാത്രി ഉപയോഗം ഒഴിവാക്കുക. പകരം ആവശ്യത്തിന് മധുരം ചേർത്ത് ഇളം ചൂടുള്ള പാലിൻ വെള്ളം ഉപയോഗിക്കാം.
- ഉറങ്ങുന്നതിന് തൊട്ടുമുൻപ് ഒരുപാട് വെള്ളം കുടിക്കരുത്. ഉറക്കം മുറിഞ്ഞു പോകുന്നത് ഒഴിവാക്കാം.
- രാത്രി ഭക്ഷണം നേരത്തെ കഴിക്കുക. ഉറങ്ങുന്നതിന് രണ്ടു മണിക്കൂർ മുൻപ് അത്താഴം കഴിക്കുന്നു എന്ന് ഉറപ്പുവരുത്തുക. പുളിച്ചുതികട്ടൽ, അസിഡിറ്റി എന്നിവ മൂലം ഉറക്കം നഷ്ടപ്പെടാതിരിക്കാൻ ഇത് പ്രയോജനപ്പെടും.
- ദഹിക്കാൻ എളുപ്പമുള്ള ലഘുവായ ആഹാരം അത്താഴത്തിന് തിരഞ്ഞെടുക്കാം. വറുത്തതും, പൊരിച്ചതും, മസാല ചേർത്ത് അളവിൽ കൂടുതലും, ദഹിക്കാൻ ബുദ്ധിമുട്ടുള്ളതുമായ ആഹാരം അത്താഴത്തിന് ഉപയോഗിക്കരുത്.
- തൈര്, പുളിയുള്ള പഴങ്ങൾ (ഓറഞ്ച്, മുസംബി, മുന്തിരി, പൈനാപ്പിൾ) പപ്പടം, കോഴിമുട്ട, മത്സ്യം, മാംസം, അച്ചാർ, കിഴങ്ങുവർഗങ്ങൾ എന്നിവ രാത്രി ഭക്ഷണത്തിൽ ഉൾപ്പെടുത്താതിരിക്കുക.
- ഉറങ്ങുന്നതിനു മുൻപ് ഇഷ്ടമുള്ള മൃദുവായ സംഗീതം കേൾക്കുകയോ ഇഷ്ടമുള്ള പുസ്തകം വായിക്കുകയോ ചെയ്ത് മനസ്സിനെ ശാന്തമാക്കാൻ ശ്രമിക്കുക.
Content Highlights: Sleep Deprivation: Its Impact Extends Beyond Dark Circles to Eyesight, Warns Doctor