ശരീരതാപനില 18ഡിഗ്രിയിലാക്കി ഹൃദയ-ശ്വാസകോശ ശസ്ത്രക്രിയ; നേട്ടം സ്വന്തമാക്കി കോട്ടയം മെഡിക്കൽ കോളേജ്

ഗാന്ധിനഗർ(കോട്ടയം): രോഗിയുടെ ശരീരതാപനില 18 ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ത്തിയ ശേഷം ഹൃദയശസ്ത്രക്രിയ നടത്തി രണ്ട് രോഗികളെ രക്ഷിച്ച് കോട്ടയം മെഡിക്കൽ കോളേജ്. ഹൃദയചികിത്സാ വിഭാഗം മേധാവി ഡോ. ടി.കെ. ജയകുമാറും സംഘവുമാണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. രോഗികൾക്ക് പൂർണ ആരോഗ്യം തിരികെ കിട്ടി. സ്വകാര്യ ആശുപത്രികളിൽ 40 ലക്ഷത്തിലധികം രൂപ ചെലവുവരുന്ന ശസ്ത്രക്രിയയ്ക്ക് ഇവിടെ രണ്ടുലക്ഷത്തോളം രൂപ മാത്രമേ വേണ്ടിവന്നുള്ളൂ.
മഹാധമനിക്ക് കീറലുണ്ടായ രോഗിക്കാണ് ആദ്യം ശസ്ത്രക്രിയ നടത്തിയത്. അമിത രക്തസ്രാവംമൂലം ജീവൻ അപകടത്തിലായിരുന്നു. ശരീരം തണുപ്പിച്ച് ഹൃദയപ്രവർത്തനം മന്ദീഭവിപ്പിക്കുകയാണ് ആദ്യം ചെയ്തത്. ഹാർട്ട്-ലങ് യന്ത്രം ഘടിപ്പിച്ച ശേഷം മഹാധമനിയുടെ തുടക്കഭാഗവും ചേർന്നുള്ള വാൽവും അയോട്ടിക് ആർച്ചും മാറ്റിവെച്ചു. ഇതോടെ ഒറ്റ ശസ്ത്രക്രിയയിൽ മൂന്ന് ഹൃദയഭാഗങ്ങൾ മാറ്റിവെച്ചത് അപൂർവ നേട്ടമായി.
മഹാധമനിയുടെ പ്രധാന ഭാഗമായ അയോട്ടിക്ക് ആർച്ചും ശ്വാസകോശവും ഒട്ടിപ്പിടിച്ചുണ്ടായ രോഗമാണ് കെ.സി. രാജു എന്ന രോഗിക്ക് ഉണ്ടായിരുന്നത്. ഒട്ടിച്ചേർന്നഭാഗം വീർത്തുപൊട്ടുന്ന അനൂറിസം എന്ന അവസ്ഥയിലായിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്നു രോഗി. മഹാരക്തധമനിയുടെ ഭാഗമായ അയോട്ടിക്ക് ആർച്ചും അണുബാധ ഉണ്ടായ ശ്വാസകോശഭാഗവും മാറ്റിവെച്ചു. ഇതും കേരളത്തിൽ അത്യപൂർവമായി ചെയ്യുന്ന ശസ്ത്രക്രിയയാണ്. ഒാരോന്നിനും ആറ് മണിക്കൂർ വീതമെടുത്തു. ഒരുമണിക്കൂർവീതമാണ് ഹൃദയപ്രവർത്തനം മന്ദീഭവിപ്പിച്ചത്.
ഡോ. ടി.കെ. ജയകുമാറിനൊപ്പം ഡോ. സി.എച്ച്. നിധീഷ്, ഡോ. അരവിന്ദ് പി. രാമൻ, ഡോ. സ്മാർട്ടിൻ എബ്രഹാം, ഡോ. ബി. മനൂപ്, ഡോ. ആർ. ശിവ, ഡോ. കിഷോർ, ഡോ. ജീവൻ, ഡോ. ചൈതന്യ കൃഷ്ണ, ഡോ. പി. ജോൺ, ഡോ. ആർ. സജിത്ത്, അനസ്തീസ്യ വിഭാഗത്തിലെ ഡോ. മഞ്ജുഷ എൻ. പിളൈള, ഡോ. സഞ്ജീവ് തമ്പി എന്നിവർ പങ്കാളികളായി.
ശരീരം തണുപ്പിക്കുന്ന രീതി
ഹൈപ്പോതെർമിയ വിത്ത് ടോട്ടൽ സർക്കുലേറ്ററി അറസ്റ്റ് എന്നാണ് ഈ ചികിത്സാരീതിക്ക് പറയുന്ന പേര്. ശരീരം 18 ഡിഗ്രി സെൽഷ്യസിലാക്കും. ഈ സമയം ഹൃദയം, ശ്വാസകോശം എന്നിവ ഏതാണ്ട് പൂർണമായി നിലയ്ക്കും. ഇവയുടെ പ്രവർത്തനം യന്ത്രം ഏറ്റെടുക്കും. പരമാവധി ഒരുമണിക്കൂർവരെ സമയം കിട്ടും. അതിനകം ഹൃദയം, ശ്വാസകോശം എന്നിവയിലെ പ്രധാന പ്രവൃത്തികൾ പൂർത്തിയാക്കണം.
Content Highlights: Kottayam Medical College Performs Rare Hypothermic Heart Surgeries