കോട്ടയം മെഡിക്കൽകോളേജ്‌ വെന്റിലേറ്ററിൽ പ്രസവം; അമ്മയ്ക്കും കുഞ്ഞിനും നൂറുദിവസം ചികിത്സ

ഗാന്ധിനഗർ: ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ യുവതി പ്രസവിച്ചത് വെന്റിലേറ്ററിൽ കഴിയുമ്പോൾ. തുടർന്നും ദിവസങ്ങളോളം വെന്റിലേറ്ററിലും തീവ്രപരിചരണ യൂണിറ്റുകളിലും കഴിഞ്ഞ അമ്മയുടെയും കുട്ടിയുടെയും ജീവൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ക്രിട്ടിക്കൽ കെയർ വിഭാഗം ഏറെ പണിപ്പെട്ടാണ് ‌തിരിച്ചുപിടിച്ചത്. അമ്മയും കുട്ടിയും ബന്ധുക്കൾക്കൊപ്പം ഒന്നാം പിറന്നാൾ ആഘോഷിച്ചത് ജീവൻ രക്ഷപ്പെടുത്തിയവർക്കൊപ്പം.

രക്തത്തിലെ ഓക്സിജന്റെ കുറവും ശ്വാസതടസ്സവുംമൂലം, ചങ്ങനാശ്ശേരി സ്വദേശി ശ്രീജിത്തിന്റെ ഭാര്യ വിഷ്ണുപ്രിയയെ 2025 ജൂലായിലാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമായതോടെ വെന്റിലേറ്ററിലേക്ക് മാറ്റി. വെന്റിലേറ്ററിൽ കഴിയുമ്പോൾ അഞ്ചാംദിവസം പ്രസവം. വിഷ്ണുപ്രിയ 1.75 കിലോഗ്രാം തൂക്കമുള്ള ആൺകുട്ടിക്ക് ജന്മം നൽകി. എട്ട് ദിവസത്തെ വെന്റിലേറ്റർ ചികിത്സയിൽ ആരോഗ്യം മെച്ചപ്പെട്ട വിഷ്ണുപ്രിയ ഗൈനക്കോളജി വിഭാഗത്തിലേക്ക്. ഈസമയം കുട്ടിയുടെ ആരോഗ്യനിലയും മെച്ചപ്പെട്ടു.

എന്നാൽ വീണ്ടും വിഷ്ണുപ്രിയയ്ക്ക് ശ്വാസതടസ്സം ഉണ്ടായതിനെത്തുടർന്ന് തീവ്രപരിചരണവിഭാഗത്തിലും ഹൃദ്രോഗവിഭാഗത്തിലും ചികിത്സ തുടർന്നു. ഹൃദ്രോഗ വിഭാഗം മേധാവി ഡോ. റഹിയാനത്തുൽ മിസ്രിയയുടേയും പകർച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. നെറ്റോ മുണ്ടാടന്റെയും പരിചരണത്തിൽ തുടർന്നുള്ള ദിവസങ്ങൾ. 100 ദിവസത്തെ ആശുപത്രി വാസത്തിനുശേഷം സെപ്റ്റംബർ ഒന്നിന് വിഷ്ണുപ്രിയയും കുടുംബവും കുട്ടിയുമായി വീട്ടിലേക്ക്.

കോട്ടയം മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗവുമാണ് ഇവർ കൂടുതൽ തവണ ബന്ധപ്പെട്ടത്. ഗൈനക്കോളജി, നിയോനാറ്റോളജി, ഹൃദ്രോഗം, പകർച്ചവ്യാധിചികിത്സ എന്നീ വിഭാഗങ്ങളും ഒപ്പം ചേർന്നു

Content Highlights: Kottayam Medical College Saves Mother and Newborn After ICU Delivery 2025