വൃക്കയിലെ കല്ല് ചെറുപ്പക്കാരെയും ബാധിക്കുന്നു; എന്താണ് കാരണം?, ഈ ലക്ഷണങ്ങളിൽ ശ്രദ്ധവേണം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

ശരീരത്തിലെ മാലിന്യം നീക്കുന്ന അരിപ്പകളാണ് വൃക്കകൾ. ശരീരത്തിലെ രക്തം ശുദ്ധീകരിക്കുന്നതും ജലാംശത്തിന്റെയും ധാതുലവണങ്ങളുടെയും അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. ഇപ്പോഴിതാ, മുമ്പ് മധ്യവയസ്കരെ മാത്രം ബാധിച്ചിരുന്ന വൃക്കയിലെ കല്ലുകൾ ഇപ്പോൾ ചെറുപ്പക്കാരിലും വർധിച്ചുവരുന്നുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നകത്. ജീവിതശൈലിയിലെ മാറ്റങ്ങൾ, ആവശ്യത്തിന് വെള്ളം കുടിക്കാത്തത്, തെറ്റായ ഭക്ഷണക്രമം എന്നിവയെല്ലാമാണ് ഈ മാറ്റത്തിന് കാരണം.

1. നിർജ്ജലീകരണം
വൃക്കയിൽ കല്ലുകൾ ഉണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം നിർജ്ജലീകരണമാണ്. യുവാക്കളിൽ, വലിയൊരു വിഭാ​ഗവും സ്ക്രീനുകൾക്ക് മുന്നിൽ സ്ഥിരമായി ഇരിക്കുന്നവരോ തുടർച്ചയായി ജോലികൾ ചെയ്യുന്നവരോ ആണ്. അതിനിടെ, വെള്ളം കുടിക്കുന്നത് ഇവർ അ​വ​ഗണിക്കുന്നു. ഇത്, കാൽസ്യം, ഓക്സലേറ്റ് തുടങ്ങിയ ധാതുക്കൾ വൃക്കകളിൽ അടിഞ്ഞുകൂടി കട്ടിയായി കല്ലുകളായി മാറാറുന്നതിന് കാരണമാകും. താപനില വർധിക്കുകയും വെള്ളം കുടിക്കുന്ന ശീലം കുറയുകയും ചെയ്യുന്നതോടെ ഈ പ്രശ്നം കൂടുതൽ രൂക്ഷമാകുന്നു.

2. ഭക്ഷണം
ഫാസ്റ്റ് ഫുഡ്, അമിതമായ ഉപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ, മധുരം ചേർത്ത പാനീയങ്ങൾ എന്നിവ കഴിക്കുന്നത് മൂത്രത്തിൽ കാൽസ്യത്തിന്റെയും ഓക്‌സലേറ്റിന്റെയും അളവ് കൂടാൻ ഇടയാക്കുന്നു. അമിതമായി റെഡ് മീറ്റ് കഴിക്കുന്നതുവഴി ശരീരത്തിലെത്തുന്ന പ്രോട്ടീനും ആരോ​ഗ്യത്തെ ബാധിക്കും. ഉയർന്ന പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളിലും ശ്രദ്ധവേണം. നിർഭാഗ്യവശാൽ, ഈ ദൈനംദിന ശീലങ്ങൾ വൃക്കകളുടെ പ്രവർത്തനത്തെ നേരിട്ട് ബാധിക്കുമെന്ന് പലരും തിരിച്ചറിയുന്നില്ല.

3. സപ്ലിമെന്റുകളുടെ ഉപയോഗം
ഡോക്ടറുടെ നിർദേശമില്ലാതെ ജിം സപ്ലിമെന്റുകളുടെ ഉപയോ​ഗം ഇന്ന് ഒരു നിശബ്ദ വില്ലനായി മാറിയിരിക്കുകയാണ്. ആരോ​ഗ്യകരമെന്ന് പലരും തെറ്റിദ്ധരിക്കുന്ന ഈ സപ്ലിമെന്റുകൾ ഇന്ന് ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ ലഭ്യമാണ്. എന്നാൽ, ഡോക്ടറുടെ ഉപദേശമില്ലാതെ അവ അമിതമായി ഉപയോഗിക്കുന്നത് മൂത്രത്തിൻ്റെ രാസഘടനയിൽ മാറ്റം വരുത്തുന്നതിന് കാരണമാകും. ഇത് കല്ലുകൾ രൂപപ്പെടുന്നതിന് അനുകൂലമായ സാഹചര്യമൊരുക്കുന്നു. വളരെ കുറച്ച് വെള്ളം മാത്രം കുടിച്ച് സപ്ലിമെന്റുകൾ കഴിക്കുന്നത് ഈ അപകടസാധ്യത വളരെയധികം വർധിപ്പിക്കുകയും ചെയ്യും. 

എന്താണ് വൃക്കയിലെ കല്ലുകൾ ?
ശരീരത്തിന് വളരെ അത്യാവശ്യം വേണ്ട ഘടകങ്ങളാണ് ധാതുക്കളും ലവണങ്ങളുമൊക്കെ. ഇവ ശരീരത്തിന് ആവശ്യമുള്ള അളവിൽ ഉപയോഗിച്ച് ബാക്കിയുള്ളത് വൃക്കകൾ അരിച്ചുമാറ്റി മൂത്രത്തിലൂടെ ശരീരത്തിന്റെ പുറത്തേക്ക് പോകുകയാണ് പതിവ്. ഈ സമയത്ത് കാൽസ്യം, ഫോസ്‌ഫേറ്റ്, ഓക്‌സലേറ്റ്, യൂറിക് ആസിഡ് തുടങ്ങിയ ലവണങ്ങളുടെ ചെറിയ തരികൾ വൃക്കയിൽ പരലുകളായി രൂപപ്പെടും. ഇത്തരം പരലുകൾ കൂടുതൽ എണ്ണം ഒന്നിച്ച് ചേർന്ന് പതുക്കെ വലുപ്പം കൂടി കട്ടിയേറിയ വസ്തുവായി മാറും. ഇവ വൃക്കകളിൽ രൂപപ്പെട്ട് മൂത്രവാഹിനിക്കുഴലിലേക്കും മൂത്രസഞ്ചിയിലേക്കുമൊക്കെ എത്താൻ സാധ്യതയുണ്ട്. ഇത്തരത്തിൽ വൃക്കകളിലോ മൂത്രവാഹിനിക്കുഴലിലോ മൂത്രസഞ്ചിയിലോ കാണപ്പെടുന്ന കട്ടിയേറിയ വസ്തുക്കളെയാണ് കല്ലുകൾ എന്ന് പൊതുവേ പറയുന്നത്. ചെറിയ പരലുകൾ ആണെങ്കിൽ അവ മൂത്രത്തിലൂടെ പുറത്തേക്ക് പോകും. എന്നാൽ ഈ പരലുകൾക്ക് വലുപ്പം കൂടുമ്പോൾ അവ കുടുങ്ങിക്കിടക്കും. അപ്പോഴാണ് രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങുക.
 
ഈ ലക്ഷണങ്ങൾ ശ്രദ്ധിക്കാം
ശരീരത്തിന്റെ വശങ്ങളിലുള്ള വേദന, മൂത്രമൊഴിക്കുമ്പോഴുള്ള പുകച്ചിൽ, മൂത്രത്തിൽ രക്തം കാണപ്പെടുന്നത്, അല്ലെങ്കിൽ മൂത്രനാളിയിലുണ്ടാകുന്ന അണുബാധ എന്നിവയെ നിസ്സാരമായി കാണരുത്. പല ആളുകളും പ്രാരംഭ ലക്ഷണങ്ങളെ പേശിവലിവ് ആണെന്ന് തെറ്റിദ്ധരിക്കും. അതിനാൽ, രോഗനിർണയവും സമയബന്ധിതമായ ചികിത്സയും വൈകുന്നു. 

തെറ്റിദ്ധാരണ അകറ്റാം
പാൽ കുടിക്കുന്നത് വൃക്കയിൽ കല്ലുണ്ടാകാൻ കാരണമാകുമെന്നത് തെറ്റിദ്ധാരണയാണ്. പാൽ പോലുള്ള പ്രകൃതിദത്ത ഉത്പ്പന്നങ്ങളിൽ നിന്നുള്ള കാൽസ്യത്തിന്റെ മിതമായ ഉപയോഗം വൃക്കയിൽ കല്ലുണ്ടാകാനുള്ള സാധ്യതയെ യഥാർഥത്തിൽ കുറയ്ക്കുന്നു. വൃക്കയിലെ കല്ലുകൾ പ്രായമായവർക്കോ പാരമ്പര്യമായി ഈ രോഗമുള്ളവർക്കോ മാത്രമേ ഉണ്ടാകൂ എന്നതും തെറ്റിദ്ധാരണയാണ്.

Content Highlights: Kidney Stones on the Rise: Understanding the Causes and Prevention in Young Adults