കേരളത്തിൽ ആദ്യമായി സമ്പൂർണ്ണ സെറാമിക് മുട്ടുമാറ്റൽ ശസ്ത്രക്രിയ വിജയകരമായി നടത്തി ആസ്റ്റർ മെഡ്‌സിറ്റി

കൊച്ചി: കേരളത്തിൽ ആദ്യമായി ടോട്ടൽ സെറാമിക് ക്നീ ഇംപ്ലാന്റ് ഉപയോഗിച്ചുള്ള സമ്പൂർണ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആസ്റ്റർ മെഡ്‌സിറ്റിയിൽ വിജയകരമായി പൂർത്തിയാക്കി. എറണാകുളം സ്വദേശിയായ 53 വയസ്സുകാരനിലാണ് ഈ ശസ്ത്രക്രിയ നടത്തിയത്. പ്രായം കുറഞ്ഞ രോഗികൾക്ക് ദീർഘകാലം നിലനിൽക്കുന്ന സന്ധിമാറ്റിവയ്ക്കൽ ചികിത്സ ലഭ്യമാക്കുന്നതിൽ ഈ പുതിയ സാങ്കേതികവിദ്യ നിർണായക വഴിത്തിരിവാകും.
കഴിഞ്ഞ മൂന്ന് വർഷമായി കടുത്ത കാൽമുട്ട് വേദന അനുഭവിച്ചിരുന്ന രോഗിയുടെ ദൈനംദിന പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും മുട്ടിന് വളവ് രൂപപ്പെടുകയും ചെയ്തതിനെത്തുടർന്നാണ് അദ്ദേഹം ആസ്റ്റർ മെഡ്‌സിറ്റിയിലെത്തിയത്. വേദനയിൽ നിന്ന് ആശ്വാസം നൽകാനും സജീവമായ ജീവിതശൈലിയിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാനുമായി മുട്ടുമാറ്റൽ ശസ്ത്രക്രിയ നിർദേശിക്കുകയായിരുന്നു.
രോഗിയുടെ പ്രായം പരിഗണിച്ചാണ് ഏറ്റവും പുതിയ ഇംപ്ലാന്റ് സാങ്കേതികവിദ്യകളിലൊന്നായ ടോട്ടൽ സെറാമിക് ക്നീ ഇംപ്ലാന്റ് തിരഞ്ഞെടുത്തത്. തേയ്മാനനിരക്ക് വളരെ കുറവാണെന്നതാണ് ഇതിന്റെ പ്രധാന മേന്മ. അതിനാൽ രോഗിയുടെ ജീവിതകാലം മുഴുവൻ തന്നെ കേടുപാടുകൾ കൂടാതെ നിലനിൽക്കാൻ ഇതിന് സാധിക്കുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
“പ്രായം കുറഞ്ഞ രോഗികളിൽ മുട്ടുമാറ്റിവയ്ക്കൽ ശസ്ത്രക്രിയ ചെയ്യുമ്പോൾ ഇംപ്ലാന്റിന്റെ ദീർഘകാല നിലനിൽപ്പാണ് പ്രധാന ആശങ്ക. മുട്ടുമാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മറ്റ് വസ്തുക്കളെ അപേക്ഷിച്ച് ഏറ്റവും കുറഞ്ഞ തേയ്മാനനിരക്കുള്ളത് ടോട്ടൽ സെറാമിക് ഇംപ്ലാന്റിനാണ്. അതുകൊണ്ടുതന്നെ ഇത് ആയുഷ്കാലം മുഴുവൻ നിലനിൽക്കാനുള്ള സാധ്യത വളരെ കൂടുതലാണ്,”- ആസ്റ്റർ മെഡ്‌സിറ്റിയിലെ ഓർത്തോപീഡിക് സർജറി വിഭാഗം സീനിയർ കൺസൾട്ടന്റും മേധാവിയുമായ ഡോ. വിജയ മോഹൻ എസ്. പറഞ്ഞു.
മികച്ച സെറാമിക് മെറ്റീരിയലിനൊപ്പം ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന അത്യാധുനിക ഉപകരണങ്ങൾ ഇംപ്ലാന്റിന്റെ കൃത്യമായ അലൈൻമെന്റും ബാലൻസിംഗും ഉറപ്പാക്കുന്നു. ലോഹ അലർജിക്കുള്ള സാധ്യത ഇത് പൂർണ്ണമായും ഇല്ലാതാക്കുന്നു. ഭാരം കുറഞ്ഞതും കൃത്യമായി അലൈൻ ചെയ്തതുമായതിനാൽ മുട്ടിന്റെ ചലനശേഷി വേഗത്തിൽ വീണ്ടെടുക്കാൻ രോഗിയെ സഹായിക്കും.
Content Highlights: Kerala's First Total Ceramic Knee Replacement at Aster Medcity