പോഷകാഹാര നയം വരുന്നു; പ്രായാധിഷ്ഠിത ഭക്ഷണക്രമം ഉൾപ്പെടുത്തും, വരാൻ പോകുന്നത് വലിയ മാറ്റം- ജി.ആർ. അനിൽ

ആലപ്പുഴ: ഭക്ഷ്യഭദ്രതയിൽനിന്നു പോഷകാഹാര ഭദ്രതയിലേക്ക് സംസ്ഥാനത്തെയെത്തിക്കാൻ നയം രൂപവത്കരിക്കും. ആദിവാസികൾ, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, കുട്ടികൾ, മുതിർന്ന പൗരർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയ വിവിധ വിഭാഗങ്ങൾക്കാവശ്യമായ പോഷാകാഹാരങ്ങളുടെ പട്ടിക തയ്യാറാക്കും. പ്രായത്തിന് അനുസരിച്ചുള്ള ഭക്ഷണക്രമവും നിശ്ചയിക്കും.
സ്കൂൾവിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണപദ്ധതി പോഷക സമൃദ്ധമാക്കും. പാൽ, മുട്ട, ഇറച്ചി, ചെറുധാന്യങ്ങൾ, പയറുവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തി പോഷകഭദ്രത ഉറപ്പാക്കുകയാണു ലക്ഷ്യം. സുഭിക്ഷ ഹോട്ടലുകൾ വിപുലീകരിക്കും. ഭക്ഷണം സൗജന്യമായും ആവശ്യമെങ്കിൽ അർഹരായവരെ കണ്ടെത്തി താമസസ്ഥലത്തു നൽകാൻ സാധിക്കുന്ന രീതിയിലുമാണ് സുഭിക്ഷ ഹോട്ടലുകളെ ഒരുക്കുക.
അരിയാഹാരം മാത്രമാക്കാതെ കൂടുതൽ ആരോഗ്യപ്രദമായ ഭക്ഷണം നൽകുകയാണു ലക്ഷ്യം. ഭക്ഷണം അവകാശമാണ് എന്നതിൽനിന്ന് പോഷകാഹാരം അവകാശമാണ് എന്ന തലത്തിലേക്കാണ് സുഭിക്ഷ ഹോട്ടലുകൾ വിപുലീകരിക്കുന്നത്.
കേരളപ്പിറവിയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി ഭക്ഷ്യ-പൊതുവിതരണ-ഉപഭോക്തൃകാര്യവകുപ്പിന്റെ വിഷൻ-2031 ഭാഗമായാണ് പോഷകാഹാരനയ രൂപവത്കരണം. ഇതിനായി കരടു നിർദേശം സമർപ്പിക്കാൻ മൂന്നംഗ സമിതിയെ ചുമതലപ്പെടുത്തി.
ഭക്ഷ്യകമ്മിഷൻ ചെയർമാൻ, ഭക്ഷ്യ-പൊതുവിതരണ കമ്മിഷണർ, ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ വിസിറ്റിങ് പ്രൊഫസർ തോമസ് ജോസഫ് തൂങ്കുഴി എന്നിവരാണ് സമിതിയിലുള്ളത്. ഒരാഴ്ചയ്ക്കകം കരടു ശുപാർശ നൽകാനാണ് നിർദേശിച്ചിട്ടുള്ളത്.
നയത്തിലേക്കു നയിച്ചത്
- അരിയാഹാരത്തിന്റെ അമിതോപയോഗം മൂലം കലോറി കൂടി അമിതവണ്ണമുള്ളവർ കൂടുന്നു
- സൂക്ഷ്മ പോഷകങ്ങളുടെ കുറവു മൂലം വിളർച്ചയും വളർച്ചമുരടിപ്പുമുണ്ടാകുന്നു.
- മലപ്പുറം, പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലെ ചില പ്രദേശങ്ങളിൽ പോഷകാഹാരക്കുറവു മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾ കൂടുതലാണ്.
വരാൻ പോകുന്നത് വലിയ മാറ്റം
നിലവിൽ ഭക്ഷ്യഭദ്രതയിൽ സംസ്ഥാനം മുന്നിലാണ്. പോഷകഭദ്രതയിലേക്കു കൂടിയെത്തിയാൽ വലിയ മാറ്റമുണ്ടാകും. പോഷകനയ രൂപവ്തകരണം ഏതുരീതിയിൽ നടപ്പാക്കണമെന്ന് സമിതിയുടെ ശുപാർശ ലഭിച്ച ശേഷമേ തീരുമാനിക്കൂ.
ജി.ആർ. അനിൽ, ഭക്ഷ്യമന്ത്രി
Content Highlights: Kerala plans a new nutrition policy to ensure nutrient-rich food for all, focusing on vulnerable groups and improving school meals.