ജീവിതശൈലീരോഗം; സാധ്യതാ പട്ടികയിൽ 61.72 ലക്ഷംപേർ, ഭക്ഷണരീതി മുതൽ ഉറക്കക്കുറവുവരെ കാരണം

ആലപ്പുഴ: ജീവിതശൈലീരോഗം പിടിപെടാൻ സാധ്യതയുള്ള 61.72 ലക്ഷം പേർ സംസ്ഥാനത്തുണ്ടെന്ന് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തൽ. 1.44 കോടിയാളുകളിൽ നടത്തിയ സർവേയിൽ 42.88 ശതമാനം പേരും ഏതെങ്കിലുമൊരു ജീവിതശൈലീരോഗം വരാൻ സാധ്യതയുള്ളവരാണ്. 2014 മാർച്ചുമുതൽ 2026 ജനുവരിവരെ 30 വയസ്സിനു മുകളിലുള്ളവരിൽ നടത്തിയ സർവേയിലാണ് ഞെട്ടിപ്പിക്കുന്ന വിവരം.
പ്രമേഹം, രക്തസമ്മർദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം തുടങ്ങിയവയ്ക്കുള്ള സാധ്യതയാണു മിക്കവർക്കും. അനാരോഗ്യ ഭക്ഷണരീതി, വ്യായാമക്കുറവ്, പുകവലിയും മദ്യപാനവും, മാനസികസമ്മർദം, ഉറക്കക്കുറവ്, പൊണ്ണത്തടി തുടങ്ങിയവയാണു കാരണങ്ങൾ.
രോഗസാധ്യത കൂടുതലുള്ളവർ ആലപ്പുഴ ജില്ലയിലാണ്- 51.95 ശതമാനം. കുറവ് ഇടുക്കിയിലും- 33.38 ശതമാനം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂർ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ 40 ശതമാനത്തിനു മുകളിലാളുകളും ജീവിതശൈലീരോഗം പിടിപെടാൻ സാധ്യതയുള്ളവരാണ്.
സർവേക്കായി 1.85 കോടിപ്പേരെയാണു ലക്ഷ്യമിട്ടത്. ആദ്യ രണ്ടു സർവേ കഴിഞ്ഞപ്പോൾ 41 ലക്ഷം പേർ ബാക്കിയായി. അവരെക്കൂടി ഉൾപ്പെടുത്തി പുതിയ സർവേ പുരോഗമിക്കുകയാണ്. അതു തീരുന്നതോടെ രോഗസാധ്യതയുള്ളവരുടെ എണ്ണം ഇനിയും കൂടാം.
രോഗവ്യാപനം തടയാൻ ബോധവത്കരണത്തിനുപുറമേ ആരോഗ്യകേന്ദ്രങ്ങളിൽ യോഗപരിശീലനവും നടക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങളുമായി ചേർന്ന് പലയിടങ്ങളിലും വ്യായാമത്തിനായി ഓപ്പൺ ജിമ്മുകളും ഒരുക്കിയിട്ടുണ്ട്.
കണ്ടെത്തൽ സി.ബി.എ.സി. സ്കോർ വഴി
സാമൂഹികാധിഷ്ഠിത വിലയിരുത്തൽ പരിശോധനയിലൂടെ (സി.ബി.എ.സി.- കമ്മ്യൂണിറ്റി ബേസ്ഡ് അസെസ്മെന്റ് ചെക്ക് ലിസ്റ്റ്) ഓരോരുത്തർക്കും സ്കോർ നിശ്ചയിച്ചാണ് രോഗസാധ്യതയുള്ളവരെ കണ്ടെത്തിയത്. പ്രായം, പുകയില ഉപയോഗം, മദ്യപാനം, ശാരീരിക നിഷ്ക്രിയത്വം, അരക്കെട്ടിന്റെ അളവ്, കുടുംബാംഗങ്ങളുടെ ആരോഗ്യചരിത്രം തുടങ്ങിയ ഘടകങ്ങളാണ് അതിനായി പരിഗണിച്ചത്. സ്കോർ മൂന്നുവരെയെങ്കിൽ അപകടസാധ്യത കുറവാണ്. നാലിനു മുകളിലുള്ളവരെയാണു രോഗസാധ്യതാപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
Content Highlights: Survey conducted from March 2014 to January 2026 identifies 61.72 lakh high-risk individuals., 42.88% of the 1.44 crore surveyed are prone to diabetes, hypertension, and heart disease., Alappuzha district shows the highest risk (51.95%),