എലിപ്പനി: 11 മാസത്തിനിടെ രോഗബാധിതർ 5308, മരണം 356; വെള്ളക്കെട്ടും മലിനജലവും പ്രധാനകാരണം

#സ്വന്തം ലേഖകൻ
Representational Image| Photo: Canva.com
Representational Image| Photo: Canva.com

തിരുവനന്തപുരം: സംസ്ഥാനത്ത് 11 മാസത്തിനിടെ എലിപ്പനിബാധിച്ച് മരിച്ചവരുടെ എണ്ണം 356 ആയി. മഴക്കാലത്തും അല്ലാതെയുമുള്ള ഇടവിട്ടുള്ള മഴകാരണമുണ്ടാവുന്ന വെള്ളക്കെട്ടും മലിനജല സമ്പർക്കവുമാണ് എലിപ്പനിയടക്കമുള്ള രോഗങ്ങൾ കൂടാൻ കാരണമെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. എലിപ്പനി ബാധിക്കുന്നവരുടെയും അതുമൂലം ജീവൻ നഷ്ടമാകുന്നവരുടെയും എണ്ണം കൂടിവരുകയാണ്.

എലിപ്പനിക്ക് പ്രതിരോധമരുന്നും ചികിത്സയും ലഭ്യമാണെങ്കിലും രോഗം തിരിച്ചറിഞ്ഞുള്ള ചികിത്സ വൈകുന്നതും പെട്ടെന്ന് ഗുരുതരമാവുന്നതുമാണ് പലരുടെയും ജീവൻ അപകടത്തിലാക്കുന്നത്.

പനി, ശരീരവേദന തുടങ്ങിയ സാധാരണ പനി ലക്ഷണങ്ങളോടെ ആരംഭിക്കുന്ന രോഗം ആദ്യ ആഴ്ചയിൽത്തന്നെ ഗുരുതരമാവുന്ന സ്ഥിതിയും ഇപ്പോൾ കണ്ടുവരുന്നുണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

മലിനജലസമ്പർക്കത്തിലൂടെ പകരുന്നുവെന്ന് കരുതുന്ന അമീബിക് മസ്തിഷ്കജ്വരം 11 മാസത്തിനിടെ ബാധിച്ചത് 172 പേർക്കാണ്. 42 പേർ മരിച്ചു. ഡെങ്കിപ്പനി മരണം 71-ഉം. ചെള്ളുപനി പിടിപെട്ട 887 പേരിൽ 14 പേർ മരിച്ചു.

ദ്രവമാലിന്യസംസ്കരണ സംവിധാനം കുറവ്

ജലാശയങ്ങളും ജലസ്രോതസ്സുകളും മാലിന്യക്കൂമ്പാരമായി മാറിയതാണ് ഏറ്റവും വലിയ ആരോഗ്യപ്രശ്നമെന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. എ. അൽത്താഫ് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് ദ്രവമാലിന്യസംസ്കരണ സംവിധാനങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. 16 ശതമാനം ദ്രവമാലിന്യങ്ങൾമാത്രമാണ് സംസ്കരിക്കുന്നത്.

ബാക്കി അശാസ്ത്രീയമായി ഭൂമിയിലേക്ക് ഒഴുക്കുന്നു. ദ്രവമാലിന്യ സംസ്കരണത്തിന് തദ്ദേശസ്ഥാപനങ്ങൾ പ്രത്യേക ഊന്നൽ നൽകേണ്ടതുണ്ട്. മലിനജലസമ്പർക്കമുള്ളവർ ഡോക്സിസൈക്ലിൻ എന്ന പ്രതിരോധഗുളിക കഴിക്കണം. എലിയുടെ മാത്രമല്ല, നായ അടക്കമുള്ള ജീവികളുടെ മൂത്രത്തിലൂടെയും രോഗാണുക്കൾ ജലത്തിലെത്തുന്നുണ്ട്.

എലിപ്പനി ബാധിതരും മരണവും

വർഷം രോഗികൾ മരണം
2021 1745 97
2022 5315 290
2023 5186 282
2024 5980 394
2025(നവംബർ വരെ) 5308 356

Content Highlights: Kerala sees a surge in Leptospirosis cases and deaths. Experts link it to waterlogging and contaminated water.