കേരളത്തിലെ വലിയ കൊലയാളി എലിപ്പനിതന്നെ, ഈ വർഷം മാത്രം 391 മരണങ്ങൾ

#രൺജിത്ത് ചാത്തോത്ത്
Representational Image| Photo: Canva.com
Representational Image| Photo: Canva.com

കണ്ണൂർ: തുടർച്ചയായി മൂന്നാംവർഷവും സംസ്ഥാനത്ത് ഏറ്റവുമധികം മരണത്തിനിടയാക്കിയ പകർച്ചവ്യാധിയായി എലിപ്പനി എന്നുവിളിക്കുന്ന ലെപ്റ്റോസ്പൈറോസിസ് മാറി. ഈവർഷം ഇതുവരെ 391 മരണങ്ങൾക്ക് ഈ രോഗം വഴിവെച്ചു. 6.8 ശതമാനം മരണനിരക്കുണ്ട് എന്നത്‌ ഗൗരവമായി കാണണമെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. 2024-ൽ 394 മരണങ്ങളായിരുന്നു. മെഡിക്കൽ കോളേജുകൾ ഉൾപ്പെടെയുള്ള ആശുപത്രികളിൽ വിദഗ്ധചികിത്സ ലഭ്യമാകുന്നത് കൊണ്ടുമാത്രമാണ് പലരും രക്ഷപ്പെടുന്നത്.

മഴയത്തും വെയിലത്തും

രോഗവ്യാപനത്തിന്റെ കാര്യത്തിൽ കേരളത്തിൽ നാലുവർഷത്തിനിടെ പ്രകടമായ രണ്ട് മാറ്റങ്ങളുമുണ്ടായി. ചില പ്രദേശങ്ങളിൽ മാത്രം കണ്ടിരുന്ന രോഗം സംസ്ഥാനത്ത് എല്ലായിടത്തും വ്യാപിച്ചു. പ്രധാനമായും മഴക്കാലത്ത് വന്നിരുന്നത് എല്ലാ കാലാവസ്ഥകളിലും കാണുന്ന സ്ഥിരംരോഗമായി മാറി.

മരുന്നുണ്ട് പക്ഷേ...

പ്രതിരോധിക്കാനും ചികിത്സിച്ച് ഭേദമാക്കാനും കഴിയുന്നതാണ് മലിനവെള്ളവുമായുള്ള സമ്പർക്കത്തിലൂടെ പകരുന്ന ഈ രോഗം. ഫലപ്രദമായ മരുന്നുണ്ട്.

രോഗം പരത്തുന്ന ലെപ്റ്റോസ്പൈറ എന്ന ബാക്ടീരിയയെ ഡോക്സിസൈക്ലിൻ, പെൻസിലിൻ തുടങ്ങിയ ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ച് നശിപ്പിക്കാനാകും. ഡോക്സിസൈക്ലിൻ വഴി പ്രതിരോധിക്കാനുമാകും. രോഗം പെട്ടെന്ന്‌ നിർണയിക്കാൻ പിസിആർ പരിശോധനകളുമുണ്ട്.

എന്നിട്ടും ആളുകൾ മരിക്കുന്നു. രോഗനിർണയത്തിലും ചികിത്സയിലും വരുന്ന കാലതാമസമാണ് എലിപ്പനി മരണത്തിന് പ്രധാന കാരണം. 90 ശതമാനമാളുകളിലും എലിപ്പനി ലഘുവായി വന്നുമാറും. 10 ശതമാനമാളുകളിലാണ് തീവ്രമാകുന്നത്. രോഗം സങ്കീർണമായാൽ കരൾ, വൃക്കകൾ, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളെ ബാധിക്കും.

Content Highlights: Leptospirosis, or rat fever, remains Kerala`s deadliest infectious disease for the third consecutive year.