എല്ലാ പാടും ചുണങ്ങല്ല, ചികിത്സ വൈകിയാൽ ഞരമ്പുകളെ ബാധിച്ച് ഗുരുതരമാവും; കരുതണം കുഷ്ഠരോഗത്തെ

#ഒ. രാധിക
Representative Image| Photo: Canva.com
Representative Image| Photo: Canva.com

തൃശ്ശൂർ: ശരീരത്തിലെ എല്ലാ പാടുകളും ചുണങ്ങെന്ന് കരുതി അവഗണിക്കരുതെന്ന് ആരോഗ്യവകുപ്പ്. സംസ്ഥാനത്ത് കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്‌റ്റംബർ വരെ 11 കുട്ടികളിൽ കുഷ്ഠരോഗം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വന്തം ശരീരം സൂക്ഷ്മമായി പരിശോധിക്കാൻ ആവശ്യപ്പെടുന്നത്. 179 പേർക്കാണ് കുഷ്ഠരോഗബാധ പുതുതായി സ്ഥിരീകരിച്ചത്. 

സാമ്പത്തികശേഷിയോ വിദ്യാഭ്യാസനിലവാരമോ ഉന്നതജോലിയോ തുടങ്ങി ഒരു വിവേചനവുമില്ലാതെ എല്ലാവരിലും രോഗബാധ കാണുന്നതിനാൽ തങ്ങൾക്ക് ഇതുവരില്ലെന്ന വിശ്വാസം മാറ്റിവയ്ക്കണമെന്നാണ് ആരോഗ്യപ്രവർത്തകർ മുന്നോട്ടുവയ്ക്കുന്നത്. തുടക്കത്തിൽ ദൃശ്യമാവുന്ന പാട് ദൈനംദിനജീവിതത്തെ ബാധിക്കില്ലെന്നതുകൊണ്ട് ചികിത്സ തേടാത്തതാണ് ഞരമ്പുകളെ ബാധിച്ച് അവയവങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിലേക്ക് എത്തിക്കുന്നത്. ശരീരത്തിന്റെ പിറകുവശങ്ങളിൽ അവരവർക്ക് കാണാനാവാത്ത ഭാഗത്തും പാടുകൾ വരുമ്പോൾ ശ്രദ്ധിക്കപ്പെടാത്ത സാഹചര്യവും ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.

പുറംലോകവുമായി കുറച്ച് ഇടപഴകുന്ന കുട്ടികളിൽ രോഗം വരുന്നത് സമൂഹത്തിൽ രോഗവാഹകരുടെ സാന്നിധ്യമുണ്ടെന്ന സൂചനയാണ്. സ്ഥിരീകരിച്ച കേസുകളിൽ നാലിലൊന്ന് ഇതര സംസ്ഥാനക്കാരിലാണ്. പാലക്കാട്, തിരുവനന്തപുരം, കാസർകോട്‌ ജില്ലകളിലാണ് രോഗബാധ കൂടുതൽ. അഞ്ചുമുതൽ പത്തുവർഷം വരെ ഉറങ്ങിക്കിടക്കാൻ ശേഷിയുള്ള (സുഷുപ്താവസ്ഥ) താണ് ഈ ബാക്ടീരിയ.

പാട് കണ്ടെത്താം, തുടക്കം തന്നെ

ത്വക്കിനോട് ചേർന്ന് കാണുന്ന പാട് കുഷ്ഠരോഗമല്ലെന്ന് ഉറപ്പിക്കുന്നതാണ് ആദ്യപടി. കുടുംബാരോഗ്യത്തിൽ കാണിച്ചാൽ സ്ഥിരീകരിക്കാൻ കഴിയും. ചികിത്സ സൗജന്യമാണ്. തീവ്രത കുറഞ്ഞത്, കൂടിയത് എന്നിങ്ങനെ രണ്ട് വിഭാഗങ്ങളായി തിരിച്ചാണ് ചികിത്സ. ആദ്യവിഭാഗത്തിലുള്ളവർക്ക് ഒറ്റ ഡോസ് ഗുളിക മതിയാവും.

ആറുമുതൽ ഒമ്പതുമാസം വരെ നീണ്ട ചികിത്സ കൊണ്ട് പൂർണമായും ഭേദമാക്കാനാവും. ഇതര സംസ്ഥാനക്കാരിൽ രോഗം സ്ഥിരീകരിച്ചാൽ തൊഴിലുടമകൾ ഇവരെ ഒഴിവാക്കുന്നത് തുടർചികിത്സയ്ക്കും രോഗനിയന്ത്രണത്തിനും തടസ്സമാവുന്നു.

ആരിൽനിന്നെന്ന് വ്യക്തതയില്ല, പക്ഷേ രഹസ്യമായിരിക്കും...

തൃശ്ശൂരിൽ പുതുതായി രോഗം കണ്ടെത്തിയ കുട്ടികളിൽ രണ്ടുപേരുടെ അച്ഛന്മാർക്ക് മുൻപ്‌ വന്നിട്ടുണ്ടായിരുന്നു. ബാക്കി മൂന്നുപേർക്ക് എവിടെനിന്നാണ് ബാധിച്ചതെന്ന് കണ്ടെത്താനായില്ല. ഇതിൽ ഒരു കുട്ടി അഞ്ചുവയസ്സിനും താഴെ പ്രായമുള്ളയാളാണ്. മുത്തശ്ശി ജോലിക്ക് പോകുന്ന ഹോട്ടലിൽ ഈ കുട്ടിയേയും കൊണ്ടുപോകാറുണ്ട്. ഇതരസംസ്ഥാനക്കാർ ഉൾപ്പെടെ ജോലിക്കാരുള്ള ഇവിടെ കൊച്ചുകുട്ടിയെ എല്ലാവരും മാറിമാറി എടുക്കാറുണ്ട്. ഇങ്ങനെ ആരിൽനിന്നെങ്കിലും ആവാമെന്നാണ് ഊഹം.

രോഗബാധ സ്ഥിരീകരിച്ചാൽ അടുത്ത് ഇടപഴകിയവരെ കണ്ടെത്തും. തീവ്രത കുറഞ്ഞതാണെങ്കിൽ ചുറ്റുമുള്ള 50 വീടുകളിലുള്ളവർ മരുന്ന് കഴിക്കണം. തീവ്രത കൂടുതലെങ്കിൽ 100 കുടുംബങ്ങളും. തൃശ്ശൂരിൽ മികച്ച സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഒരാളിൽ സ്ഥിരീകരിച്ചപ്പോൾ ആ സ്ഥാപനത്തിൽ നാലു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന നൂറിലേറെപേർക്ക് പ്രതിരോധമരുന്ന് നൽകി.

കുഷ്ഠരോഗബാധിതരെ കണ്ടെത്താനുള്ള സർവേ നടക്കുകയാണ്. ആശവർക്കർക്ക് പുറമേ പരിശീലനം സിദ്ധിച്ച പുരുഷവൊളന്റിയറും കൂടെ വീടുകളിലെത്തുന്നു. രോഗം ബാധിച്ചവർക്ക് സെൽഫ് കെയർ കിറ്റുകൾ, ഷൂസുകൾ എന്നിവ സർക്കാർ സൗജന്യമായി നൽകും.

Content Highlights: Beware of skin spots! Kerala confirms 179 leprosy cases, including 11 kids. Don`t ignore symptoms. E