എച്ച്.പി.വി. പ്രതിരോധ വാക്‌സിനേഷനിൽ കേരളം പിന്നിൽ, ജില്ലകളിൽ പിന്നിൽ മലപ്പുറം

#സൂര്യഗായത്രി
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കോഴിക്കോട്: ആരോഗ്യ മേഖലയിൽ മുന്നിലെന്ന് അവകാശപ്പെടുന്ന കേരളം സെർവിക്കൽ കാൻസർ (ഗർഭാശയമുഖ കാൻസർ) പ്രതിരോധത്തിനുള്ള എച്ച്.പി.വി. വാക്‌സിനേഷനിൽ ഏറെ പിന്നിൽ. അവബോധമില്ലായ്മയും വാക്സിൻ എടുക്കാനുള്ള ഭയവുമാണ് കാരണം.

രാജ്യത്തെ 14 വയസ്സുള്ള പെൺകുട്ടികൾക്ക് സൗജന്യ എച്ച്.പി.വി. വാക്‌സിൻ നൽകുന്ന ദേശീയ കാമ്പയിനിലാണ് കേരളം ഏറ്റവും പിന്നിലായത്. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, മിസോറം സംസ്ഥാനങ്ങൾ നൂറു ശതമാനം മികവു നേടി. ബിഹാർ, ആന്ധ്രപ്രദേശ്, അസം സംസ്ഥാനങ്ങൾ 90 ശതമാനവും പിന്നിട്ടു. കർണാടക 85 ശതമാനവും കൈവരിച്ചു. കേരളമുൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ വാക്‌സിനേഷൻ ശരാശരി 60 ശതമാനം മാത്രം.

കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുപ്രകാരം രാജ്യത്ത് 80 ലക്ഷത്തിലേറെ എച്ച്.പി.വി. വാക്‌സിൻ ഡോസുകളാണ് നൽകിയത്. ഇതുപ്രകാരം സംസ്ഥാനത്ത് ലക്ഷ്യമിട്ട 2,68,864 പെൺകുട്ടികളിൽ 1,72,747 പേരാണ് വാക്‌സിനെടുത്തത്. 64.25 ശതമാനം. 97.08 ശതമാനം പെൺകുട്ടികൾ കുത്തിവെപ്പെടുത്ത പത്തനംതിട്ടയാണ് മുന്നിൽ. 31.20 ശതമാനം മാത്രമുള്ള മലപ്പുറമാണ് ഏറ്റവും പിന്നിൽ. ജില്ലയിൽ ലക്ഷ്യമിട്ട 44,929 പെൺകുട്ടികളിൽ 14,017 പേർ മാത്രമാണ് വാക്‌സിനെടുത്തത്. സെർവിക്കൽ കാൻസറിന് കാരണമാകുന്ന ഹ്യൂമൺ പാപ്പിലോമ വൈറസിനെതിരായ പ്രതിരോധമാണ് വാക്‌സിനിലൂടെ ലക്ഷ്യമിടുന്നത്.

ജില്ല ആകെ പെൺകുട്ടികൾ എടുത്തവർ ശതമാനം
പത്തനംതിട്ട 7,288 7075 97.08
കൊല്ലം 19,375 17,074 88.12
കോട്ടയം 12,734 10,992 86.32
ആലപ്പുഴ 14,352 12327 85.89
തിരുവനന്തപുരം 23,352 20,014 85.71
ഇടുക്കി 8,187 6,689 81.70
എറണാകുളം 22,358 16,844 75.34
തൃശ്ശൂർ 22,852 16,755 73.32
വയനാട് 7,267 5,326 73.29
കണ്ണൂർ 23,512 13,332 56.70
പാലക്കാട് 23,427 13,261 56.61
കോഴിക്കോട് 4 26,342 13,128 9.84
കാസർകോട് 12,889 5,913 45.88
മലപ്പുറം 44,929 14,017 31.20

Content Highlights: Kerala falls behind in national HPV vaccine campaign, with only 64.25% coverage against cervical cancer, compared to other leading states.