പകർച്ചവ്യാധിവിവരങ്ങൾ ജില്ലതലങ്ങളിൽ നൽകുന്നതിന് വിലക്ക്; മുൻസർക്കാർ നയം പിന്തുടർന്ന് ആരോഗ്യവകുപ്പ്

#രാജേഷ് രവീന്ദ്രൻ
Representative Image | Photo: Gettyimages.in
Representative Image | Photo: Gettyimages.in

ആലപ്പുഴ: ആരോഗ്യവകുപ്പിൽ ഇടതുനയം പിന്തുടർന്ന് യു.ഡി.എഫ്. സർക്കാർ. പകർച്ചവ്യാധിവിവരങ്ങൾ ജില്ലതലങ്ങളിൽ നൽകുന്നതിനു മുൻ സർക്കാർ ഏർപ്പെടുത്തിയ വിലക്ക് അതേപടി തുടരുകയാണ്. വിവാദമൊഴിവാക്കാൻ, ഉത്തരവിറക്കാതെ ജില്ല മെഡിക്കൽ ഓഫീസർമാർക്ക് വാക്കാലാണ് പകർച്ചവ്യാധിവിവരം കൈമാറരുതെന്ന നിർദേശമുള്ളത്.

ജില്ലകളിൽനിന്നു വാങ്ങുന്ന റിപ്പോർട്ട് സംസ്ഥാനതലത്തിൽ ക്രോഡീകരിച്ച് ആരോഗ്യവകുപ്പ് ദിവസവും വൈകീട്ടോടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നുണ്ട്. ജില്ലകളിൽ നേരിട്ടു വിവരം കൈമാറുന്നതിനാണു വിലക്ക്. അടുത്തകാലത്തായി അമീബിക് മസ്തിഷ്കജ്ജ്വരം, ഇൻഫ്ലുവൻസ, ഡെങ്കിപ്പനി, എലിപ്പനി എന്നിവ സംസ്ഥാനത്ത് വ്യാപകമായിരുന്നു. മുൻപത്തെക്കാൾ കൂടുതൽ മരണവുമുണ്ടായി.

ജില്ലതലത്തിൽ വിവരം കൈമാറിയാൽ വ്യത്യസ്ത കണക്ക് പുറത്തുവരാൻ സാധ്യതയുള്ളതിനാലാണ് വിലക്കെന്നാണു വിവരം. ഇടതുസർക്കാരിന്റെ കാലത്ത് കോവിഡുൾപ്പെടെയുള്ള പകർച്ചവ്യാധിമരണങ്ങൾ മറച്ചുവെക്കുന്നതായി ആക്ഷേപമുയർന്നിരുന്നു. യു.ഡി.എഫ്. സർക്കാരും അതിനുള്ള നീക്കമാണു നടത്തുന്നതെന്നാണ് ആക്ഷേപം.

പകർച്ചവ്യാധി റിപ്പോർട്ട് രണ്ടും മൂന്നും ദിവസം കഴിഞ്ഞാണ് എൽ.ഡി.എഫ്. സർക്കാർ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തിയിരുന്നത്. യു.ഡി.എഫ്. സർക്കാർ അന്നന്ന് വൈകീട്ടോ രാത്രിയോ പ്രസിദ്ധപ്പെടുത്താറുണ്ടെങ്കിലും സ്ക്രീനിങ്ങിനുശേഷമാണിതെന്നാണ് വിവരം.

അറിയാനാകില്ല; രോഗങ്ങളുടെ കൃത്യമായ വിവരം

ആരോഗ്യവകുപ്പ് പ്രസിദ്ധപ്പെടുത്തുന്ന കണക്കിൽ 25 പകർച്ചവ്യാധികളുടെ വിവരമാണ് ഉൾപ്പെടുത്തുന്നത്. ഇതിൽ പലതിന്റെയും പൊതുവായ വിവരമാണു നൽകുന്നത്. എച്ച്1 എൻ1, എച്ച്3 എൻ2 എന്നിവയുടെ വിവരം പട്ടികയിൽ പ്രത്യേകമുണ്ടാകില്ല. ഇൻഫ്ലുവൻസ വിഭാഗത്തിലാണ് ഇവ രണ്ടും. എല്ലാത്തരം മഞ്ഞപ്പിത്തത്തിന്റെ (ഹെപ്പറ്റൈറ്റിസ്) കണക്കും ദിവസേനയുള്ള റിപ്പോർട്ടിലില്ല. ഹെപ്പറ്റൈറ്റിസ് എ, ഇ വിഭാഗങ്ങൾ മാത്രമാണ് പട്ടികയിൽ. ബി, സി, ഡി വിഭാഗങ്ങൾ ഒഴിവാക്കി. അതുകൊണ്ട് രോഗങ്ങളുടെ കൃത്യമായ വിവരം അറിയാനാകില്ല.

ശരിക്കുള്ള കണക്ക് ഡെത്ത് ഓഡിറ്റിനുശേഷം

ദിവസേനയുള്ള പകർച്ചവ്യാധി റിപ്പോർട്ട് വാർഷിക റിപ്പോർട്ടാകുമ്പോൾ കണക്കിൽ വ്യത്യാസമുണ്ടാകാറുണ്ട്. ഡെത്ത് ഓഡിറ്റിനുശേഷം മരണത്തിന്റെ യഥാർഥ കാരണം വ്യക്തമാകുമ്പോഴാണിത്. പകർച്ചവ്യാധി മരണങ്ങളുടെ പട്ടികയിൽ ആദ്യം കടന്നുകൂടിയവ പിന്നീട് ഇല്ലാതാകുന്നത് ഓഡിറ്റിനുശേഷമാണ്. ഇതിനായി പ്രത്യേക സമിതിയുണ്ട്.

Content Highlights: District-level communicable disease data sharing is restricted by the health department., Verbal orders are given to District Medical Officers to prevent data leaks and controversies., Critical diseases like Influenza, Dengue, and Leptospirosis have seen a rise., Official reports omit specific data for certain hepatitis and influenza strains.