കൃത്രിമ ഗർഭധാരണം: ഭർത്താവിന് പ്രായപരിധി കഴിഞ്ഞെന്നപേരിൽ ഭാര്യക്ക് ചികിത്സ നിഷേധിക്കരുത്- ഹൈക്കോടതി

കൊച്ചി: ഭർത്താവിന് നിശ്ചിതപ്രായപരിധി കഴിഞ്ഞെന്നതിന്റെപേരിൽ ഭാര്യക്ക് കൃത്രിമഗർഭധാരണ ചികിത്സ നിഷേധിക്കുന്നത് വിവേചനമാണെന്ന് ഹൈക്കോടതി. മലപ്പുറം സ്വദേശിയായ നൽപ്പത്തിയാറുകാരിക്ക് ദാതാവിന്റെ ബീജകോശങ്ങൾ ഉപയോഗിച്ച് ഗർഭധാരണചികിത്സ തുടരാൻ കോടതി അനുമതിനൽകി. ജസ്റ്റിസ് സി.എസ്. ഡയസിന്റേതാണ് ഉത്തരവ്.
സ്വകാര്യ ആശുപത്രി ചികിത്സ നിഷേധിച്ചതിനെതിരേയാണ് ഹർജിക്കാരി കോടതിയെ സമീപിച്ചത്. ഭർത്താവിന്റെ സമ്മതപത്രം വാങ്ങി ഹർജിക്കാരിക്ക് ചികിത്സനൽകണമെന്ന് കോടതി നിർദേശിച്ചു. അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി ആക്ട് പ്രകാരം കൃത്രിമ ഗർഭധാരണ ചികിത്സയ്ക്ക് നിയമാനുസൃത പ്രായപരിധി പുരുഷന് 55 വയസ്സും സ്ത്രീക്ക് 50 വയസ്സുമാണ്. ഭർത്താവിന് 57 വയസ്സുണ്ടെന്ന കാരണത്താലാണ് ചികിത്സ നിഷേധിച്ചത്.
നിയമവ്യവസ്ഥയിൽ പറയുന്ന പ്രായനിയന്ത്രണം വ്യക്തി അധിഷ്ഠിതമാണ്. ദമ്പതിമാരെ ഒന്നിച്ചു പരിഗണിച്ച് പ്രായം വിലയിരുത്തേണ്ടതില്ല. സ്ത്രീയുടെ കാര്യത്തിലും പുരുഷന്റെ കാര്യത്തിലും ഇത് ബാധകമാണ്. ദമ്പതികളിൽ ഒരാളുടെ പ്രായപരിധിയുടെപേരിൽ പങ്കാളിക്ക് അവസരം നിഷേധിക്കുന്നത് വിവേചനമാണ്.
വിവാഹബന്ധം നിലവിലില്ലാത്ത വ്യക്തിക്കും ചികിത്സതേടാം. നിശ്ചിത പ്രായപരിധിക്ക് താഴെയുള്ള ഹർജിക്കാരിക്ക് ചികിത്സ നിഷേധിച്ചത് ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. കുട്ടികളില്ലാത്തവർക്ക് മാത്രമേ അത്തരക്കാർ കടന്നുപോകുന്ന വേദനയുടെ തീവ്രത മനസ്സിലാകൂയെന്നും കോടതി ചൂണ്ടിക്കാട്ടി.
Content Highlights: High Court rules denying IVF treatment based solely on husband`s age above 55 is discriminatory