ആരോഗ്യപ്രവർത്തകരുടെ ശാരീരിക-മാനസിക ആരോഗ്യത്തിനായി സർക്കാർ പദ്ധതി വരുന്നു

#ഉണ്ണി ശുകപുരം
പ്രതീകാത്മക ചിത്രം | Photo: Canva.com
പ്രതീകാത്മക ചിത്രം | Photo: Canva.com

എടപ്പാള്‍: ആരോഗ്യപ്രവര്‍ത്തകരുടെ ശാരീരിക-മാനസികാരോഗ്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പദ്ധതി വരുന്നു. ആരോഗ്യപ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ തുടങ്ങിയവരുടെ ജീവിതശൈലീരോഗം, മാനസികാവസ്ഥ, വ്യായാമത്തിന്റെ അഭാവം തുടങ്ങിയവ കണ്ടെത്തിയും നിരന്തരം നിരീക്ഷിച്ചും പരിഹാരംകാണാനായി സ്വാസ്ഥ്യം, സ്‌നേഹിത എന്നീ പേരുകളിലാണ് ആരോഗ്യവകുപ്പ് പദ്ധതികള്‍ തയ്യാറാക്കുന്നത്.

വര്‍ഷംതോറും ഇവരുടെ ഉയരം, ഭാരം, പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ്, യൂറിക് ആസിഡ്, ഇ.സി.ജി. തുടങ്ങിയവ പരിശോധിച്ച് പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്താനുള്ള നിര്‍ദേശം സ്ഥാപനമേധാവികള്‍ക്കു ലഭിച്ചു.

സ്വാസ്ഥ്യം പദ്ധതിപ്രകാരം യോഗ, സൂംബ ഡാന്‍സ്, ഷട്ടില്‍, ടേബിള്‍ ടെന്നിസ് തുടങ്ങിയവ ജോലിസമയത്തിനുശേഷം നടത്താനുള്ള സംവിധാനമേര്‍പ്പെടുത്തും. ഡയറ്റീഷ്യന്‍മാരുടെ സഹായത്തോടെ ബോധവത്കരണവും പരിശീലനവും നല്‍കും. ദിവസവും വ്യായാമം ചെയ്യാന്‍ ജീവനക്കാരെ പ്രേരിപ്പിക്കും.

സ്‌നേഹിത പദ്ധതിയില്‍ 30 വയസ്സ് കഴിഞ്ഞ സ്ത്രീജീവനക്കാര്‍ക്ക് സ്തനാര്‍ബുദം, ഗര്‍ഭാശയ അര്‍ബുദം എന്നിവയ്ക്കുള്ള പരിശോധനകള്‍ നടത്തും. ചികിത്സയ്ക്കുള്ള നടപടിയുമുണ്ടാകും. നേത്രപരിശോധനയ്ക്ക് സൗകര്യമൊരുക്കും. രോഗസാധ്യത കണ്ടെത്തുന്നവര്‍ക്ക് ജീവിതശൈലിയില്‍ മാറ്റങ്ങള്‍ക്കുള്ള നിര്‍ദേശവും രോഗമുള്ളവര്‍ക്ക് തുടര്‍ചികിത്സകളും നല്‍കും. ഇതിനുള്ള ചെലവ് സ്റ്റാഫ് ഫണ്ടില്‍നിന്നോ ആശുപത്രി വികസനസമിതി ഫണ്ടില്‍നിന്നോ നല്‍കാമെന്നാണ് നിര്‍ദേശം.

മാനസികാരോഗ്യവും ഉറപ്പാക്കും

ജീവനക്കാരുടെ മാനസികാരോഗ്യം വര്‍ധിപ്പിച്ച് ഇവര്‍ക്കിടയില്‍ ആരോഗ്യകരമായ ആശയവിനിമയം സാധ്യമാക്കാനുള്ള പരിപാടികള്‍ക്കും മുന്‍ഗണന നല്‍കും. പ്രശ്നങ്ങള്‍ പങ്കുവെക്കാനും പരിഹാരം സാധ്യമാക്കാനും, വിഷാദംപോലുള്ള മാനസികപ്രശ്നങ്ങള്‍ തടയുന്നതിനും പരിപാടികളുണ്ട്. മാനസികപ്രശ്നങ്ങള്‍ കണ്ടെത്താന്‍ വര്‍ഷാവര്‍ഷം സ്‌ക്രീനിങ് നടത്തും.

Content Highlights: kerala govt launches new programme for physical and mental well being of health workers