തെരുവുനായ ആക്രമണം; സംസ്ഥാനത്ത് 10 വർഷത്തിനിടെ മരിച്ചത് 118 പേർ, 12 കുട്ടികൾ

കോതമംഗലം: സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് കഴിഞ്ഞ 10 വർഷത്തിനിടെ മരിച്ചത് 12 കുട്ടികൾ. പത്തുവയസ്സിൽ താഴെയുള്ളവരാണിവർ. 10-നും 20-നും ഇടയിൽ പ്രായമുള്ള ഒൻപതുപേരും ഈ കാലയളവിൽ മരിച്ചു. പേവിഷബാധയേറ്റ് പത്ത് വർഷത്തിനിടെ സംസ്ഥാനത്താകെ മരിച്ചത് 118 പേരാണ്. ഇതിൽ 28 പേർ പേവിഷബാധയേറ്റ വളർത്തുനായയുടെ കടിയേറ്റാണ് മരിച്ചത്. 2025 നവംബർ 20 വരെ മരിച്ചവരുടെ വിവരങ്ങളാണ് ആരോഗ്യവകുപ്പ് വിവരാവകാശപ്രകാരം നൽകിയ മറുപടിയിലുള്ളത്.
തെരുവുനായയുടെ കടിയേറ്റ് കേരളത്തിൽ ഏറ്റവും കൂടുതൽ പേർ മരിച്ചത് കൊല്ലത്താണ്-21 പേർ. കുറവ് കാസർകോടും-ഒരാൾ.
മറ്റു ജില്ലകളിൽ മരിച്ചവർ: തിരുവനന്തപുരം-16, പാലക്കാട്- 13, ആലപ്പുഴ-12, തൃശ്ശൂർ-11, എറണാകുളം-9, കോഴിക്കോട്- 9, പത്തനംതിട്ട-7, കണ്ണൂർ-7, മലപ്പുറം-4, ഇടുക്കി-3, വയനാട്-3, കോട്ടയം-2.
നഷ്ടപരിഹാരമില്ല
കടിയേറ്റ് മരിച്ചതിന്റെ ഇരട്ടിയിലധികം വരും പരിക്കേറ്റവർ. പരിക്കേറ്റവർക്ക് തദ്ദേശ സ്ഥാപനങ്ങളിൽനിന്നോ ദുരിതാശ്വാസ നിധിയിൽനിന്നോ ചികിത്സാച്ചെലവിനുൾപ്പെടെ നഷ്ടപരിഹാരം നൽകുന്നില്ലെന്നാണ് ഫാർമേഴ്സ് അവയർനെസ് റിവൈവൽ മൂവ്‌മെന്റ് ജനറൽ സെക്രട്ടറി സിജുമോൻ ഫ്രാൻസിസിന് ലഭിച്ച വിവരാവകാശ മറുപടിയിൽ പറയുന്നത്. സുപ്രീംകോടതി നിർദേശിച്ചപ്രകാരം രൂപവത്കരിച്ച ജസ്റ്റിസ് സിരിജഗൻ കമ്മിറ്റിയാണ് ചികിത്സയ്ക്കായി നഷ്ടപരിഹാരം കൊടുക്കാൻ തദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകിയത്. കമ്മിറ്റിയുടെ പ്രവർത്തനം പിന്നീട് നിലച്ചു.
പകരം കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ കീഴിൽ എല്ലാ ജില്ലകളിലും ഡിസ്ട്രിക്ട് സ്ട്രേ ഡോഗ് വിക്ടിം കമ്മിറ്റി രൂപവത്കരിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചെങ്കിലും ഇതുവരെയും പ്രവർത്തനം ആരംഭിച്ചിട്ടില്ല.
Content Highlights: Kerala faces 118 rabies deaths in 10 years, including 12 children under 10 from stray dog bites