ഭയപ്പെടുത്തരുത്, കുട്ടികളോട് വേണം സഹാനുഭൂതി, ഡോക്ടർമാരുടെ പെരുമാറ്റത്തിൽ ഇടപെട്ട് ബാലാവകാശ കമ്മിഷൻ

Representative Image| Photo: Canva.com
Representative Image| Photo: Canva.com

തിരുവനന്തപുരം: ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്ന കുട്ടികളെയും രക്ഷിതാക്കളെയും ഭയപ്പെടുത്തുന്ന രീതിയിൽ ഡോക്ടർമാർ പെരുമാറുന്നത് സാക്ഷരസമൂഹത്തിനു ചേർന്നതല്ലെന്ന് ബാലാവകാശ കമ്മിഷൻ.

പരിക്കുമായി എത്തുന്ന കുട്ടികൾക്ക് പരമാവധി വേഗത്തിൽ ചികിത്സ നൽകണമെന്നും അവരോട് സഹാനുഭൂതിയോടെ പെരുമാറണമെന്നും കമ്മിഷൻ നിർദേശിച്ചു. ആശുപത്രികൾ ബാലാവകാശ സൗഹൃദമാക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് ഡയറക്ടറോട് കമ്മിഷൻ അംഗം സിസിലി ജോസഫ് ഉത്തരവിൽ ആവശ്യപ്പെട്ടു.

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ 2024 ഒക്ടോബർ എട്ടിന്‌ രാത്രി പരിക്കുപറ്റി ചികിത്സയ്ക്ക് എത്തിയ രണ്ടു കുട്ടികളോട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ദേഷ്യത്തോടെ പെരുമാറിയെന്നും ആവശ്യമായ പരിചരണം നൽകിയില്ലെന്നുമുള്ള പരാതിയിലാണ് കമ്മിഷൻ ഉത്തരവ്.

ഹൈക്കോടതി അഭിഭാഷകനായ അഡ്വ. കുളത്തൂർ ജയ്‌സിങ്, പൊതുപ്രവർത്തകനായ യു.എ. റസാക്ക് എന്നിവരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി കമ്മിഷനെ സമീപിച്ചിരുന്നത്. പരാതിയിൽ ആരോഗ്യവകുപ്പിന്റെ വിശദീകരണം കമ്മിഷൻ തേടിയിരുന്നു.

മുറിവുപറ്റി തന്റെ മുന്നിൽ കരഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞിനോട് സഹാനുഭൂതിയില്ലാതെ ഡ്യൂട്ടി ഡോക്ടർ പെരുമാറിയത് മറ്റ് ഡോക്ടർമാർക്കും അപമാനകരമാണെന്നാണ് കമ്മിഷന്റെ വിലയിരുത്തൽ. പരിക്കുപറ്റി വരുന്ന കുട്ടികൾക്കു പരമാവധി വേഗത്തിൽ ചികിത്സനൽകുവാൻ ആവശ്യമായ നടപടികളും നിർദേശങ്ങളും ആരോഗ്യവകുപ്പ് ഡയറക്ടർ നൽകണം. കൂടുതൽ ബാലസൗഹൃദ സമീപനം സ്വീകരിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ എല്ലാ ഡോക്ടർമാർക്കും നിർദേശം നൽകണം.

രോഗികൾക്ക് സുരക്ഷ ഉറപ്പാക്കാൻ ദ്വിതീയ ആരോഗ്യ പരിപാലനകേന്ദ്രങ്ങളിൽ സിസിടിവി സ്ഥാപിക്കണമെന്നും രണ്ടുമാസത്തിനകം സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.
 

Content Highlights: The Kerala Child Rights Commission emphasizes compassionate treatment for children in hospitals