തണ്ണീർമുക്കത്ത് പത്തുവയസ്സുകാരന് അമീബിക് മസ്‌തിഷ്കജ്വരം, ഉറവിടം വ്യക്തമല്ല

#സ്വന്തം ലേഖകൻ
Representative Image| Photo: Canva.com
Representative Image| Photo: Canva.com

ചേർത്തല: തണ്ണീർമുക്കം വാരനാട് സ്വദേശിയായ പത്തുവയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. കുട്ടി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടനില തര ണംചെയ്തതായി ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

മാതാപിതാക്കൾക്കൊപ്പം വിദേശത്തായിരുന്ന കുട്ടി, രണ്ടുമാസം മുൻപാണ് നാട്ടിലെത്തിയത്. അതിനുശേഷം പള്ളിപ്പുറത്തുള്ള അമ്മയുടെ വീട്ടിലും വാരനാട്ടുള്ള വീട്ടിലും മാറിമാറി താമസിച്ചിരുന്നു. ഇതുമൂലമാണ് ഉറവിടം വ്യ ക്തമാകാത്തത്.

ഏതാനും ദിവസം മുൻപ് അവശനായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. രോഗലക്ഷണം കണ്ടതോടെ കോട്ടയം മെഡിക്കൽ കോളേജിലേക്കു മാറ്റി. ശനിയാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. റിസോർട്ടിലെ നീന്തൽക്കുളത്തിൽ നിന്നാണോ രോഗബാധയുണ്ടായതെന്നും പരിശോധിക്കുന്നുണ്ട്.

സംഭവത്തിന്റെ പശ്ചാത്തലത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദേശം നൽകി. കുട്ടി താമസിച്ച തണ്ണീർമുക്കത്തും പള്ളിപ്പുറത്തും പ്ര ത്യേക ജാഗ്രതാനിർദേശവുമുണ്ട്.

ജില്ലയിൽ ജാഗ്രത

ആലപ്പുഴ: തണ്ണീർമുക്കം സ്വദേശിയായ 10 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതോടെ ആലപ്പുഴയിൽ ആരോഗ്യവകുപ്പിന്റെ ജാഗ്രതാനിർദേശം. വൃത്തിയില്ലാത്ത കുളങ്ങൾ, ജലാശയങ്ങൾ, അടിത്തട്ട് ഇളക്കിമറിച്ച വെള്ളക്കെട്ടുകൾ, ക്ലോറിനേഷൻ നടത്താത്ത സ്വിമ്മിങ് പൂളുകൾ എന്നിവയിൽ കുളിക്കുകയോ നീന്തുകയോ മുങ്ങാംകുഴി ഇടുകയോ മുഖംകഴുകുകയോ ചെയ്യരുതെന്നാണ് മുന്നറിയിപ്പ്.

മലിനമായ ജലത്തിൽ രോഗകാരിയായ നെഗ്ലേറിയ ഫൗളേരി അക്കാന്തമീബ ഉണ്ടാകാൻ സാധ്യതയുണ്ട്. മൂക്കിൽനിന്നു നാഡികൾവഴി തലച്ചോറിലെത്തും. ശരീരത്തിൽ പ്രവേശിച്ച് അഞ്ചുമുതൽ 12 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങളുണ്ടാകും. സാധാരണ മസ്തിഷ്കജ്വരത്തിന്റെ ലക്ഷണങ്ങളാണുണ്ടാകുന്നതെങ്കിലും രോഗകാരണം അമീബയാണെങ്കിൽ അസുഖം പെട്ടെന്നു മൂർച്ഛിക്കും. മരണത്തിനും കാരണമാകും. നേരത്തേ പൂച്ചാക്കലും ആലപ്പുഴയിലും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണമുണ്ടായിട്ടുണ്ട്.

ഉഷ്ണമേഖലാപ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകളിലും അമീബയുടെ സാന്നിധ്യമുണ്ടാകാം. അതിനാൽ, മുങ്ങിക്കുളിക്കുന്നവർ മൂക്കിൽ വെള്ളംകയറാതിരിക്കാനായി വിരലുകൾ ഉപയോഗിച്ച് മൂക്ക് അടച്ചുപിടിക്കണം. നോസ് പ്ളഗുകൾ ഉപയോഗിക്കുകയും മൂക്കിലൂടെ വെള്ളംകടക്കാത്തരീതിയിൽ തല ഉയർത്തിപ്പിടിക്കുകയോ ചെയ്യുക.

നീന്തൽപ്പരിശീലനകേന്ദ്രങ്ങളിലെ നീന്തൽക്കുളങ്ങൾ ക്ലോറിനേറ്റ് ചെയ്യണം. നീന്തൽപ്പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം. വാട്ടർ തീം പാർക്കുകൾ, ബയോ റിസർവുകൾ തുടങ്ങി വിനോദസഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കുമ്പോൾ സുരക്ഷ ഉറപ്പാക്കണം.

വിദ്യാർഥികൾ ചെറുകുളങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിലും കുളിക്കാനും കളിക്കാനും ഇറങ്ങുന്നില്ലെന്ന് അധ്യാപകരും രക്ഷാകർത്താക്കളും ഉറപ്പാക്കണം. വീടുകളിലെയും സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിലെയും ജലസ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ നിർദേശിച്ചു.

Content Highlights: Kerala reports a case of amoebic meningitis in a 10-year-old. Health alert issued for Cherthala