ജൂനിയർ ഡോക്ടറുടെ ശമ്പളം 40,000; യുവ ഡോക്ടർമാർ കേരളം വിടുന്നു

കോട്ടയം: കേരളത്തിൽ പഠിച്ചിറങ്ങി അധികകാലം സംസ്ഥാനത്ത് സേവനമനുഷ്ഠിക്കുംമുമ്പേ 70 ശതമാനം യുവ ഡോക്ടർമാരും സംസ്ഥാനം വിടാൻ ആഗ്രഹിക്കുന്നതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ സർവേ റിപ്പോർട്ട്. മെച്ചപ്പെട്ട വേതനവും തൊഴിൽ സുരക്ഷിതത്വവും ഉറപ്പാക്കിയില്ലെങ്കിൽ വരും വർഷങ്ങളിൽ സംസ്ഥാനത്ത് ഡോക്ടർമാരുടെ കടുത്ത ക്ഷാമമുണ്ടാകുമെന്ന മുന്നറിയിപ്പും സർവേ തരുന്നു.
തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഇ.എൻ.ടി. കൺസൾട്ടന്റ് ഡോ. സുൽഫി നൂഹുവിന്റെ േനതൃത്വത്തിലുള്ള സമിതിയാണ് ഐ.എം.എ.യ്ക്കുവേണ്ടി സംസ്ഥാനത്തെ 4,000 ഡോക്ടർമാർക്കിടയിൽ സർവേ നടത്തിയത്. ആരോഗ്യസംരക്ഷണത്തിനായി കൂടുതൽ പണം ചെലവഴിക്കുന്ന കേരളത്തിൽ ജൂനിയർ ഡോക്ടർമാരിൽ പകുതിയോളം കടുത്ത സാമ്പത്തിക ചൂഷണത്തിന് ഇരയാകുന്നു. കുറഞ്ഞ ശമ്പളം, മോശം തൊഴിൽ സാഹചര്യം, നിർബന്ധിത ബോണ്ട്, കോർപ്പറേറ്റ് ആശുപത്രികളുടെ ചൂഷണം എന്നിവയാണ് നാടുവിടാൻ ഡോക്ടർമാരെ പ്രേരിപ്പിക്കുന്നത്.
തുടരാൻ താത്പര്യം 31.8 ശതമാനത്തിനുമാത്രം
സർവേയിൽ പങ്കെടുത്തവരിൽ 58.7 ശതമാനം പേർ വിദേശത്തേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നു. 7.6 ശതമാനം പേർ ഇതര സംസ്ഥാനങ്ങളിലേക്കും. കേരളത്തിൽ തുടരാൻ ആഗ്രഹിക്കുന്നത് 31.8 ശതമാനം ഡോക്ടർമാർ മാത്രം.
തങ്ങൾക്ക് അർഹമായ വേതനം ലഭിക്കുന്നില്ലെന്ന് 82 ശതമാനം ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. നിലവിലെ ശമ്പളത്തിൽ പൂർണ തൃപ്തർ വെറും 10.3 ശതമാനം മാത്രമാണ്. 28.8 ശതമാനവും കടുത്ത അതൃപ്തിയിലാണ്. സർവേയിൽ പങ്കെടുത്തവരിൽ 45 ശതമാനം പേരുടെ പ്രതിമാസ വരുമാനം 50,000 രൂപയിൽ താഴെയാണ്. 6.7 ശതമാനം പേർക്ക് 30,000 രൂപയിൽ താഴെ മാത്രം. കഠിനമായ അധ്വാനവും നീണ്ട ജോലി സമയവുമായിട്ടും ശരാശരി ശമ്പളം 35,000-40,000 രൂപയിൽ ഒതുങ്ങുന്നു.
ട്രെയിനികളുടെ ദുരിതം
പി.ജി.റെസിഡെന്റ് ഡോക്ടർമാരുടെ അവസ്ഥയാണ് ഏറെ ദയനീയം. റെസിഡെന്റ് ഡോക്ടർമാരിൽ 30.5 ശതമാനത്തിനും യാതൊരു സ്‌റ്റൈപെൻഡും ലഭിക്കുന്നില്ല. 20.3 ശതമാനം പേർക്ക് പതിനായിരം രൂപയിൽ താഴെയാണ് കിട്ടുന്നത്.
ഐ.എം.എ.യുടെ നിർദേശങ്ങൾ
ആഴ്ചയിൽ 48 മണിക്കൂർ ജോലി ചെയ്യുന്ന ഒരു എം.ബി.ബി.എസ്. ഡോക്ടർക്ക് കുറഞ്ഞത് 80,000 രൂപ അടിസ്ഥാന ശമ്പളം ഉറപ്പാക്കണം.
വാർഷിക വർധന, സുരക്ഷിതജോലി സാഹചര്യം, നിശ്ചിത സമയപരിധിക്ക് മുകളിൽ ജോലി ചെയ്യുന്നവർക്ക് ഓവർടൈം അലവൻസ് എന്നിവ സർക്കാർ ഉറപ്പാക്കണം.
സർക്കാർ ആശുപത്രികളിൽ 1960-കളിലെ സ്റ്റാഫ് പാറ്റേണാണ് നിലവിലുള്ളത്. അത് അടിയന്തരമായി പുതുക്കണം.
Content Highlights: 70% of young doctors are considering leaving Kerala for better opportunities., 45% of doctors earn less than 50,000 INR per month despite long hours., Lack of stipends for PG residents and outdated 1960s staff patterns cited as major issues., IMA recommends a minimum base salary of 80,000 INR for MBBS doctors working 48 hours/week.