റോബോട്ടിക്സും പുതിയ ഇംപ്ലാന്റുകളും; സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ കൂടുതൽ കൃത്യതയിലേക്ക്

കൊച്ചി: റോബോട്ടിക്സ്, സെറാമിക്സ് ഉൾപ്പെടെയുള്ള പുതിയ ഇംപ്ലാന്റ് വസ്തുക്കൾ, നൂതന ശസ്ത്രക്രിയാ രീതികൾ, ബയോളജിക്സ് എന്നിവ സന്ധിമാറ്റിവയ്ക്കൽ ചികിത്സയിൽ കൊണ്ടുവരുന്ന മാറ്റങ്ങൾ ചർച്ച ചെയ്ത് രണ്ടാമത് പ്ലസ് ഓർത്തോ സമ്മിറ്റ് ദേശീയ സമ്മേളനത്തിന് കൊച്ചി ഗ്രാൻഡ് ഹയാത്തിൽ തുടക്കമായി. ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ജോയിന്റ് റീപ്ലേസ്മെന്റ് വിദഗ്ധർ പങ്കെടുക്കുന്ന ദ്വിദിന സമ്മേളനം ഇടുപ്പ്, കാൽമുട്ട് സന്ധികളുടെ ചികിത്സ കൂടുതൽ കൃത്യവും രോഗിക്ക് അനുയോജ്യവുമാക്കുന്നതിനുള്ള പുതിയ മാർഗങ്ങൾ വിലയിരുത്തും.
പ്രമുഖ കാൽമുട്ട് ശസ്ത്രക്രിയ വിദഗ്ധൻ ഡോ. വിജയ മോഹൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സന്ധിമാറ്റിവെയ്ക്കൽ ശസ്ത്രക്രിയയിൽ രോഗിയുടെ സ്വന്തം അസ്ഥി പരമാവധി സംരക്ഷിക്കുന്നതിനാണ് ഇപ്പോൾ കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ മാറ്റിവച്ച സന്ധിക്ക് ചുറ്റും പിന്നീട് ഒടിവുണ്ടാകുന്ന ചില രോഗികളിൽ പുനസ്ഥാപന രീതികളും കൃത്യമായ ശസ്ത്രക്രിയാ ആസൂത്രണവും ഉപയോഗിച്ച് നിലവിലുള്ള ഇംപ്ലാന്റ് നിലനിർത്താനാകും. വലിയ പുനർനിർമാണ ശസ്ത്രക്രിയ ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേടുവന്ന സന്ധി മാറ്റിവയ്ക്കുക എന്നതിൽ മാത്രം ഒതുങ്ങുന്നതല്ല ഇന്നത്തെ ജോയിന്റ് റീപ്ലേസ്മെന്റെന്നും ഡോ. വിജയ മോഹൻ പറഞ്ഞു. സന്ധിയുടെ പ്രവർത്തനം കൃത്യമായി വീണ്ടെടുക്കുക, രോഗിയുടെ അസ്ഥി പരമാവധി സംരക്ഷിക്കുക, ഇംപ്ലാന്റിന്റെ ആയുസ്സ് വർധിപ്പിക്കുക എന്നിവയ്ക്കാണ് പ്രാധാന്യം. നാവിഗേഷൻ, മെച്ചപ്പെട്ട ഇംപ്ലാന്റുകൾ എന്നിവ ശസ്ത്രക്രിയയുടെ കൃത്യത വർധിപ്പിക്കുന്നുണ്ടെങ്കിലും രോഗിക്ക് ലഭിക്കുന്ന മെച്ചപ്പെട്ട ഫലമാണ് സാങ്കേതികവിദ്യയുടെ യഥാർഥ അളവുകോലെന്നും അദ്ദേഹം പറഞ്ഞു.
കൃത്രിമ സന്ധികളുമായി ദീർഘകാലം ജീവിക്കുന്നവരുടെ എണ്ണം കൂടുന്നതോടെ റിവിഷൻ ശസ്ത്രക്രിയകൾ സുപ്രധാനവും അതേസമയം സങ്കീർണ്ണതയേറിയതുമായി മാറുകയാണെന്ന് എമിരിറ്റസ് കോ-ചെയർമാൻ ഡോ. ഗുരവ റെഡ്ഡി പറഞ്ഞു.
നേരത്തെ നടത്തിയ കാൽമുട്ട് അല്ലെങ്കിൽ ഇടുപ്പ് സന്ധിമാറ്റിവയ്ക്കൽ പ്രശ്നങ്ങൾ സൃഷ്‌ടിക്കുന്ന രോഗികളിൽ അസ്ഥിയുടെ വലിയ നഷ്ടം, സന്ധിയുടെ അസ്ഥിരത, ഇംപ്ലാന്റിന് ചുറ്റുമുള്ള ഒടിവുകൾ തുടങ്ങിയ സങ്കീർണ പ്രശ്നങ്ങൾ പരിഹരിക്കേണ്ടിവരും. പുതിയ പുനർനിർമാണ രീതികളും ഇംപ്ലാന്റുകളും ഇത്തരം രോഗികൾക്കും കൂടുതൽ ചികിത്സാ സാധ്യതകൾ നൽകുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
കസ്റ്റമൈസ്ഡ് ഓർത്തോബയോളജിക്സ്, നാവിഗേഷൻ, പുതിയ ഇംപ്ലാന്റ് വസ്തുക്കൾ എന്നിവ ഓരോ രോഗിയുടെയും വ്യക്തിഗത ചികിത്സയ്ക്ക് വഴിയൊരുക്കുന്നതായി അന്താരാഷ്ട്ര ഫാക്കൽറ്റിയായ പ്രൊഫ. മൈക്കൽ വാഗ്നർ പറഞ്ഞു. സാങ്കേതികവിദ്യ എത്ര പുതിയത് എന്നതിലല്ല, രോഗിയുടെ സന്ധിയുടെ പ്രവർത്തനവും ഇംപ്ലാന്റിന്റെ ദീർഘകാല നിലനിൽപ്പും ജീവിതനിലവാരവും താങ്ങാവുന്ന ചെലവിൽ മെച്ചപ്പെടുത്താൻ അതിന് കഴിയുന്നുണ്ടോ എന്നതാണ് യഥാർത്ഥ അളവുകോലെന്ന് അദ്ദേഹം പറഞ്ഞു.
സയന്റിഫിക് സെഷനുകളിൽ സങ്കീർണമായ കാൽമുട്ട് സന്ധിമാറ്റിവയ്ക്കൽ, ചികിത്സയിലെ കൃത്യത, റിവിഷൻ ശസ്ത്രക്രിയയിലെ അസ്ഥിനഷ്ടം, നിലവിലുള്ള ഇംപ്ലാന്റിന് ചുറ്റുമുണ്ടാകുന്ന ഒടിവുകളുടെ ചികിത്സ എന്നിവ ചർച്ച ചെയ്തു. സങ്കീർണമായ കൈമുട്ട്, തോളെല്ല് ശസ്ത്രക്രിയകളും ഷോൾഡർ റീപ്ലേസ്മെന്റിലെ പുതിയ സമീപനങ്ങളും വിദഗ്ധർ വിലയിരുത്തി.
ഞായറാഴ്ച ബയോളജിക്സ്, കാർട്ടിലേജ് പുനരുദ്ധാരണം, ഇടുപ്പ് സന്ധിയുടെ പ്രാഥമിക-റിവിഷൻ ശസ്ത്രക്രിയകൾ, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ജോയിന്റ് റീപ്ലേസ്മെന്റ്, പുതിയ ഇംപ്ലാന്റ് വസ്തുക്കൾ എന്നിവ ചർച്ച ചെയ്യും. കാൽമുട്ട്, ഇടുപ്പ് സന്ധിമാറ്റിവയ്ക്കലിലെ നാവിഗേഷൻ, ഷോർട്ട്-സ്റ്റെം ഹിപ് ഇംപ്ലാന്റുകൾ, സെറാമിക്സ്, കൃത്രിമ സന്ധികൾക്ക് ചുറ്റുമുള്ള സങ്കീർണ ഒടിവുകൾ എന്നിവയ്ക്കും പ്രത്യേക സെഷനുകളുണ്ട്.
ജർമനി, ഇറ്റലി, സാൻ മറീനോ, ശ്രീലങ്ക എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഫാക്കൽറ്റിക്കൊപ്പം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അൻപതിലധികം വിദഗ്ധർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
Content Highlights: The second national Plus Ortho Summit began at Grand Hyatt Kochi, bringing together top national and international joint replacement experts to discuss advanced robotic techniques, ceramic implants, and personalized orthobiologic solutions.