53-ലും യുവാക്കളെ വെല്ലുന്ന ഫിറ്റ്നെസ്; എന്താണ് ജോൺ എബ്രഹാമിന്റെ ഡയറ്റ്? ആ രഹസ്യം എന്ത്?

#Lifestyle Desk
ജോൺ എബ്രഹാം | Photo: PTI
ജോൺ എബ്രഹാം | Photo: PTI

ഫിറ്റ്‌നെസിലും ഡയറ്റിലും അതീവ ശ്രദ്ധ പുലർത്തുന്നവരാണ് സിനിമ താരങ്ങൾ. ബോളിവുഡിൽ ഫിറ്റ്‌നെസ് കാര്യത്തിൽ പേരുകേട്ട നടനാണ് ജോൺ എബ്രഹാം. സ്ഥിരതയുള്ള ഫിറ്റ്‌നെസ് ജീവിതമാണ് അദ്ദേഹം നയിക്കുന്നത്. ഇപ്പോഴിതാ, അടുത്തിടെ 53 തികഞ്ഞെ ജോണിന്റെ ദിനചര്യയാണ് ആരാധകർ വീണ്ടും ചർച്ചയാക്കുന്നത്. ഒരിക്കൽ ജോൺ തന്നെ തന്റെ വെബ്സൈറ്റിൽ ഭക്ഷണക്രമവും ഫിറ്റ്നെസ് ദിനചര്യയും പങ്കുവെച്ചിരുന്നു.

ഭക്ഷണക്രമം

ഫിറ്റ്നെസ് ഭക്ഷണക്രമത്തിൽ നിന്നാണ് ആരംഭിക്കുന്നതെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് ജോൺ. 60 ശതമാനം ഭക്ഷണക്രമവും 40 ശതമാനം വ്യായാമത്തേയും ആശ്രയിച്ചാണ് ആരോഗ്യകരമായ ശരീരം നിലനിൽക്കുന്നത്. എത്ര തിരക്കിലാണെങ്കിലും ജോൺ പ്രഭാതഭക്ഷണം ഒഴിവാക്കാറില്ല. പ്രോട്ടീനിനായി മുട്ട, പഴങ്ങൾ എന്നിവയാണ് പ്രഭാതഭക്ഷണം. മെറ്റബോളിസം ആരോഗ്യകരമായി നിലനിർത്താൻ പോഷകസമൃദ്ധമായ ലഘുഭക്ഷണങ്ങളും നടൻ കഴിക്കാറുണ്ട്.

ഫിറ്റ്നസ് നിലനിർത്താൻ വിലകൂടിയ ഡയറ്റ് പ്ലാനുകളുടെ ആവശ്യമില്ലെന്ന് ജോൺ പറയുന്നു. കലോറി എണ്ണുന്നതിന് പകരം ഭക്ഷണത്തിന്റെ പോഷകമൂല്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. അതായത്, മധുരം കഴിക്കുന്നതിന് പകരം പഴങ്ങൾ കഴിക്കാം. കാർബോഹൈഡ്രേറ്റ് പൂർണ്ണമായും ജോൺ ഒഴിവാക്കാറില്ല. എന്നാൽ, അവ അത്താഴത്തിന് കഴിക്കാറില്ല. കാർബോഹൈഡ്രേറ്റ് നേരത്തെ കഴിക്കുന്നത് ഊർജ്ജം നൽകുകയും വയറു നിറഞ്ഞിരിക്കാൻ സഹായിക്കുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.

ഇഷ്ടഭക്ഷണങ്ങൾ കഴിക്കാറുണ്ടെങ്കിലും അവ എത്രത്തോളം കഴിക്കണമെന്ന് അദ്ദേഹത്തിനറിയാം. ലൊക്കേഷനിൽ വെച്ച് ഗുലാബ് ജാമൂനും സമോസയും ഒഴിവാക്കാറുണ്ട്. ചോക്ലേറ്റ് ഇഷ്ടമാണെങ്കിലും മിതമായി മാത്രമേ കഴിക്കാറുള്ളൂ. ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിലും ശ്രദ്ധിക്കാറുണ്ട്.

വ്യായാമം മറക്കരുത്

കഥാപാത്രങ്ങൾക്ക് അനുസരിച്ച് വ്യായാമത്തിലും ജോൺ മാറ്റങ്ങൾ വരുത്താറുണ്ട്. എന്നാൽ, എല്ലാ ദിവസവും ഏതെങ്കിലും തരത്തിലൊരു വ്യായാമത്തിൽ ഏർപ്പെടാറുണ്ട്. സാവധാനത്തിൽ മാത്രമേ ഫലങ്ങൾ ലഭിക്കൂ എന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് അദ്ദേഹം. വേഗത്തിൽ ശരീരഭാരം വർധിപ്പിക്കുന്നതോ കുറയ്ക്കുന്നതോ മെറ്റബോളിസത്തെ ബാധിച്ചേക്കും.

വിരസത ഒഴിവാക്കുന്നതിനായി ജോൺ പലപ്പോഴും വ്യായാമങ്ങളെ ഔട്ട്‌ഡോർ സ്പോർട്സുമായി കൂട്ടിച്ചേർക്കുന്നു. ലെഗ് ഡേ ഒഴിവാക്കരുതെന്ന് മുന്നറിയിപ്പും താരം നൽകുന്നുണ്ട്. കൊഴുപ്പ് എരിയിച്ചുകളയാൻ കാർഡിയോ ആവശ്യമാണ്. എന്നാൽ, ശരീരത്തിലെ കൊഴുപ്പ് വല്ലാതെ കുറയുന്നത് പ്രതിരോധശേഷിയെ ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

ഉറക്കം പ്രധാനം

ജോണിന്റെ ദിനചര്യയിൽ ഉറക്കം വളരെ പ്രധാനമാണ്. ഓരോ രാത്രിയും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഉറങ്ങാൻ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ജിമ്മിലല്ല പേശികൾ വളരുന്നത്. മറിച്ച്, വിശ്രമിക്കുമ്പോഴാണ്. ഉറക്കം കുറയുന്നത് ആരോഗ്യത്തെയും ശരീരഘടനയെയും ബാധിക്കുന്നുവെന്നും അദ്ദേഹം പറയുന്നു.

Content Highlights: Discover John Abraham`s fitness and diet secrets. Learn how he stays fit at 53 with his balanced approach to food and exercise. Get inspired!