എന്റെ മുന്നിൽ വരരുത്, ഞാൻ കരയാൻ തുടങ്ങുമെന്ന് അരുന്ധതിയോട് പറഞ്ഞിരുന്നു- ഉത്കണ്ഠയെ നേരിട്ടതിനേക്കുറിച്ച് ജെമീമ

ജെമീമ റോഡ്രി​ഗസ്, ജെമീമ അരുന്ധതി റെഡ്ഡിക്കൊപ്പം
ജെമീമ റോഡ്രി​ഗസ്, ജെമീമ അരുന്ധതി റെഡ്ഡിക്കൊപ്പം

ഓസ്ട്രേലിയയ്ക്കെതിരായ വനിതാ ഏകദിന ലോകകപ്പ് സെമിയിൽ ഗെയിം ചെയ്ഞ്ചറായി മാറിയ ഇന്ത്യയുടെ ജെമീമ റോഡ്രിഗസിന് അഭിനന്ദനപ്രവാഹമാണ്. വ്യാഴാഴ്ച മുംബൈ ഡി.വൈ പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സെഞ്ചുറി തികയ്ക്കുക മാത്രമല്ല ഇന്ത്യയെ ലോകകപ്പ് ഫൈനൽ ടിക്കറ്റെന്ന സ്വപ്നത്തിലേക്ക് കൂടിയാണ് ജെമീമ നയിച്ചത്. മാച്ചിൽ 134 ബോളിൽ നിന്ന് 127 നോട്ടൗട്ട് എന്ന മിന്നും സ്കോറാണ് ജെമീമ നേടിയത്. വിജയത്തിനു പിന്നാലെ വികാരനിർഭരയായി പ്രതികരിച്ച ജെമീമ തന്റെ മാനസികാരോഗ്യത്തേക്കുറിച്ചുള്ള അനുഭവങ്ങളും പങ്കുവെച്ചു. ഉത്കണ്ഠയോട് പൊരുതിയിരുന്നയാളാണ് താനെന്നാണ് ജെമീമ പറഞ്ഞത്. ജെമീമയുടെ തുറന്നുപറച്ചിലിനെ പ്രശംസിച്ച് ബോളിവുഡ് നടി ദീപിക പദുക്കോണും സാമൂഹികമാധ്യമത്തിൽ പ്രതികരണവുമായെത്തി.

തന്നെപ്പോലെ ഈ അവസ്ഥയിലൂടെ കടന്നുപോകുന്നവർ ഉണ്ടാകാം. എന്നാൽ, തുറന്നുപറയാൻ അവർ ഇഷ്ടപ്പെടുന്നുണ്ടാവില്ല. അതിനാലാണ് ഇപ്പോൾ ഇതേക്കുറിച്ച് സംസാരിക്കുന്നതെന്ന്  പറഞ്ഞാണ് ജെമീമ  താൻ ഉത്കണ്ഠയിലൂടെ കടന്നുപോയ അനുഭവം തുറന്നു പറഞ്ഞത്.

ടൂർണമെന്റിന് മുമ്പ് കടുത്ത ഉത്കണ്ഠയിലൂടെയാണ് കടന്നുപോയതെന്നും അമ്മയെ വിളിച്ച് കരയുമായിരുന്നെന്നും ജെമീമ പറഞ്ഞു. മുഴുവൻ സമയവും കരഞ്ഞ് വിഷമം തീർക്കും, കാരണം ഉത്കണ്ഠയിലൂടെ കടന്നുപാകുമ്പോൾ മരവിപ്പാണ് അനുഭവപ്പെടുക. എന്ത് ചെയ്യണമെന്ന് മനസ്സിലാകില്ല. ഈ സമയത്തും അമ്മയും അച്ഛനുമാണ് ഏറ്റവുമധികം പിന്തുണച്ചതെന്നും ജെമീമ പറഞ്ഞു.

ക്രിക്കറ്ററായ അരുന്ധതി റെഡ്ഡിക്ക് മുന്നിൽ എന്നും കരയുമായിരുന്നുവെന്നും ജെമീമ പറഞ്ഞു. പിന്നീട് നീ എന്റെ മുമ്പിൽ വരേണ്ട, ഞാൻ കരയാൻ തുടങ്ങും എന്ന് തമാശയോടെ പറഞ്ഞിരുന്നുവെന്നും ജെമീമ ഓർക്കുന്നു. പക്ഷേ ഓരോ ദിവസവും അരുന്ധതി എന്റെ അവസ്ഥ അന്വേഷിച്ചിരുന്നു. സ്മൃതി മന്ദാനയും സഹയിച്ചു. ഞാൻ എന്തിലൂടെയാണ് കടന്നുപോകുന്നതെന്ന് സ്മൃതിക്കും അറിയാമായിരുന്നു. ഇന്നലെയും സ്മൃതി വന്നു, അധികമൊന്നും പറഞ്ഞില്ല, പക്ഷേ അവളുടെ സാന്നിധ്യം എനിക്ക് പ്രധാനമാണെന്ന് അവൾക്ക് അറിയമായിരുന്നു. രാധാ യാദവും തനിക്ക് കരുതലായി കൂടെയുണ്ടായിരുന്നുവെന്നും കുടുംബം എന്ന് വിളിക്കാനാവുന്ന സുഹൃത്തുക്കൾ ഉള്ളതിൽ താൻ അനുഗ്രഹിക്കപ്പെട്ടവളാണെന്നും ജെമീമ പറഞ്ഞു.

ഉത്കണ്ഠയേക്കുറിച്ച് തുറന്നുപറഞ്ഞ ജെമീമയ്ക്ക് നന്ദി പറഞ്ഞുകൊണ്ടാണ് ദീപിക ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നിങ്ങളുടെ കഥ പങ്കുവെച്ചതിന് നന്ദി എന്നാണ് ദീപിക കുറിച്ചത്. വിഷാദരോഗത്തിലൂടെ കടന്നുപോയതിനേക്കുറിച്ചും മാനസികാരോഗ്യ പ്രശ്നങ്ങളെ കൈകാര്യം ചെയ്യേണ്ടതിനേക്കുറിച്ചും നിരന്തരം സംസാരിക്കുന്നയാളാണ് ദീപിക.

ഉത്കണ്ഠാരോഗം

തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. ഉത്കണഠാരോഗികൾ പൊതുവായ ചില ലക്ഷണങ്ങൾ പ്രകടിപ്പിക്കാറുണ്ട്.

  • അമിതമായ നെഞ്ചിടിപ്പ്
  • കൈകാലുകളുടെ വിറയൽ
  • ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം
  • കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം

പാനിക് ഡിസോർഡർ എന്ന അവസ്ഥ വ്യാപകമായി കാണുന്ന ഉത്കണ്ഠാ രോഗങ്ങളിൽ ഒന്നാണ്. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ പൊടുന്നനെയുണ്ടാകുന്ന പരവേശമാണിത്. നെഞ്ചിടിപ്പ്, കൈകാലുകൾ മരവിക്കുക, നെഞ്ചിൽ ഭാരം അനുഭവപ്പെടുക എന്നിവയാണ് ലക്ഷണങ്ങൾ. 15-20 മിനിറ്റ് നേരം നീണ്ടുനിൽക്കാം. ഗൗരവതരമല്ലെങ്കിലും ഹൃദ്രോഗം ഉൾപ്പെടെയുള്ള പ്രശ്നമുള്ളവരിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ വൈദ്യസഹായം തേടണം. ഇ.സി.ജി ഉൾപ്പെടെയുള്ള പരിശോധനകൾ ചെയ്യാവുന്നതാണ്.

ഒറ്റയ്ക്ക് യാത്ര ചെയ്യാനുള്ള ഭയമായ അഗോറഫോബിയ, കൗമാരക്കാർക്കിടയിൽ സോഷ്യൽഫോബിയ, ഉയർന്ന പ്രദേശങ്ങളോടുള്ള ഭയമായ അക്രോഫോബിയ, എതിർലിംഗത്തോട് ഇടപഴകുന്നതിനുള്ള അങ്കലാപ്പ് തുടങ്ങിയവയെല്ലാം പൊതുവായി കാണാറുള്ള ഉത്കണ്ഠാരോഗങ്ങളാണ്.

എന്നാൽ ചില ഉത്കണ്ഠകൾ രോഗലക്ഷണങ്ങളായിത്തന്നെ പുറത്തുവരാറുണ്ട്. വയറുമായി ബന്ധപ്പെട്ട ഇറിറ്റബിൾ ബവൽ സിൻഡ്രം അത്തരത്തിലുള്ളതാണ്. ഈ രോഗാവസ്ഥയുള്ളവർക്ക് തുടർച്ചയായി മലവിസർജനം ചെയ്യണമെന്ന് തോന്നും. എവിടേക്കെങ്കിലും തിരക്കിട്ട് പോകാനിറങ്ങുമ്പോഴായിരിക്കും ഇത്. പലരും ഇത് ഉദരരോഗമായി തെറ്റിദ്ധരിച്ച് ഉദരരോഗ വിദഗ്ധരെ കാണാറുണ്ട്. എന്നാൽ പരിശോധനകളിൽ പ്രശ്നങ്ങളൊന്നും കാണുകയുമില്ല.

ചികിത്സയുണ്ട്

  • കൃത്യമായ രോഗനിർണയവും ചികിത്സയവും വഴി ഉത്കണ്ഠാരോഗങ്ങളെ മറികട്ടാം. മരുന്നുപയോഗിച്ചുള്ള ചികിത്സയ്ക്കൊപ്പം ജീവിതശൈലിയിൽ മാറ്റങ്ങൾ വരുത്തുന്നതും ഫലപ്രമാണ്.
  • തീവ്രത കുറഞ്ഞ ഉത്കണ്ഠാ പ്രശ്നങ്ങൾക്ക് റിലാക്സേഷൻ വ്യായാമങ്ങൾ ഉൾപ്പെടെയുള്ള മനഃശാസ്ത്ര ചികിത്സകൾ മതിയാകും.
  • ഉത്കണ്ഠ നിയന്ത്രിക്കാനുള്ള കൗൺസലിങ്ങും തെറാപ്പികളും ഇപ്പോൾ ലഭ്യമാണ്.
  • മനസ്സിന്റെ വൈകാരിക അവസ്ഥ ക്രമീകരിക്കാൻ സഹായിക്കുന്ന മരുന്നുകളും ചിലർക്ക് നിർദേശിക്കാറുണ്ട്.
  • തീവ്രമായ ഉത്കണ്ഠാ പ്രശ്നമുള്ളവർക്ക് മരുന്നുകളാണ് ഫലപ്രദം. തലച്ചോറിലെ രാസവസ്തുവിന്റെ അളവിലെ വ്യതിയാനം നിയന്ത്രിക്കുന്ന മരുന്നുകളാണ് അവ.

Content Highlights: Jemimah Rodrigues shared her struggles with anxiety.