എന്തായിരുന്നു ഇർഫാൻ ഖാനെ ബാധിച്ച ന്യൂറോ എൻഡോക്രൈൻ ട്യൂമർ?; അപൂർവ രോഗത്തിന്റെ ലക്ഷണങ്ങളും ചികിത്സയും അറിയാം

#ഹെല്‍ത്ത് ഡെസ്‌ക്

ആരാധകരെ ഒന്നടങ്കം സങ്കടത്തിലാഴ്ത്തുന്നതായിരുന്നു നടൻ ഇർഫാൻ ഖാന്റെ മരണം. അർബുദവുമായുള്ള പോരാട്ടത്തിനൊടുവിൽ 2020 ഏപ്രിൽ 29-ന് തന്റെ 53-ാം വയസ്സിലാണ് ഇർഫാൻ വിടവാങ്ങുന്നത്. 2018-ൽ തന്നെ അദ്ദേഹം തന്റെ രോഗവിവരം പരസ്യമാക്കിയിരുന്നുവെങ്കിലും വിശദാംശങ്ങൾ വെളിപ്പെടുത്തിയിരുന്നില്ല. രോഗവിവരം പരസ്യമാക്കി രണ്ട് വർഷത്തിന് ശേഷമാണ് അദ്ദേഹം മരിക്കുന്നത്.

എന്താണ് ന്യൂറോ എൻഡോക്രൈൻ ട്യൂമർ (NET)?

ശരീരത്തിലുടനീളം വ്യാപിച്ചുകിടക്കുന്നതും ഹോർമോൺ ഉത്പാദിപ്പിക്കുന്നതുമായ ന്യൂറോ എൻഡോക്രൈൻ കോശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ഒരുതരം അർബുദമാണിത്. ഇർഫാന്റെ നില വളരെ ഗുരുതരമായിരുന്നു. കീമോതെറാപ്പി ഉൾപ്പെടെയുള്ള ചികിത്സകൾക്കിടയിലും രോഗം മൂർച്ഛിക്കുകയായിരുന്നു.

ഈ കോശങ്ങൾ ശ്വാസകോശം, ദഹനവ്യവസ്ഥ, പാൻക്രിയാസ് തുടങ്ങിയ അവയവങ്ങളിൽ വ്യാപിച്ചുകിടക്കുന്നു. ന്യൂറോ എൻഡോക്രൈൻ ട്യൂമറുകൾ (NETs) അപകടകരമല്ലാത്തതോ അർബുദ സ്വഭാവമുള്ളതോ ആകാം. വളരെ അപൂർവമാണിത്. ട്യൂമറിൻ്റെ ഗ്രേഡും സ്ഥാനവും അനുസരിച്ച് ഇവ വളരെ സാവധാനത്തിലോ വേഗത്തിലോ വളരാം. രോഗലക്ഷണങ്ങൾ അവ്യക്തമായതിനാലോ ഇല്ലാത്തതിനാലോ പലപ്പോഴും രോഗനിർണയം വൈകുന്നത് വലിയ പ്രശ്നമാണ്.

ലക്ഷണങ്ങൾ

NET-കൾ വളരെ അപൂർവ്വമായി മാത്രം സംഭവിക്കുന്നതിനാൽ, കൃത്യസമയത്തുള്ള രോഗനിർണയത്തിന് ആദ്യകാല ലക്ഷണങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. രോഗലക്ഷണങ്ങൾ ട്യൂമറിന്റെ സ്ഥാനത്തെയും ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള കഴിവിനെയും ആശ്രയിച്ച് വളരെ വ്യത്യാസപ്പെട്ടിരിക്കാം.

  • പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ ശരീരഭാരം കുറയുന്നത്.
  • എത്ര വിശ്രമിച്ചാലും ക്ഷീണം.
  • ചർമത്തിന് താഴെയോ ഏതെങ്കിലും അവയവത്തിലോ വളരുന്ന മുഴ.
  • മുഖത്തും ശരീരത്തിലും ചുവപ്പ് പടരുക, വയറിളക്കം, ശ്വാസംമുട്ടൽ, ഹൃദയമിടിപ്പിലുണ്ടാകുന്ന വ്യത്യാസം.
  • ട്യൂമർ സ്ഥിതിചെയ്യുന്നത് ശ്വാസകോശത്തിലാണെങ്കിൽ ചുമ, ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട് എന്നിവ അനുഭവപ്പെടാം.
  • ദഹനനാളത്തിലാണെങ്കിൽ മലവിസർജ്ജനത്തിലെ മാറ്റങ്ങൾ, രക്തസ്രാവം എന്നിവയാകും ലക്ഷണങ്ങൾ.

ചികിത്സ

NET-കളെ സംബന്ധിച്ച് അങ്ങിനെ ഒരൊറ്റ പ്രതിരോധ മാർഗമില്ല. അസാധാരണമായ ലക്ഷണങ്ങളിൽ ശ്രദ്ധവേണം. വിട്ടുമാറാത്തതും പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലാതെ വരുന്നതുമായ ലക്ഷണങ്ങൾക്ക് വിശദമായ പരിശോധന ആവശ്യമാണ്. കുടുംബത്തിൽ മുമ്പ് ആർക്കെങ്കിലും എൻഡോക്രൈൻ ട്യൂമറുകളുണ്ടായിട്ടുണ്ടെങ്കിൽ സ്ക്രീനിങ്ങ് ആവശ്യമാണ്.

മറ്റ് ചികിത്സ ട്യൂമറിന്റെ തരം, സ്ഥാനം, ഗ്രേഡ്, ഘട്ടം എന്നിവയെ ആശ്രയിച്ചിരിക്കുന്നു.

  • പ്രാരംഭ ഘട്ടത്തിലുള്ളതും ഒരു ഭാഗത്തുമാത്രം ഒതുങ്ങിനിൽക്കുന്നതുമായ NET-കൾക്ക് ശസ്ത്രക്രിയയാണ് പ്രധാന ചികിത്സ.
  • രോഗം മൂർച്ഛിച്ച അവസ്ഥയിൽ somatostatin analogues, targeted therapies, radiopharmaceuticals എന്നിവ ചികിത്സയിൽ ഉൾപ്പെടുന്നു.

(ഈ ലേഖനം പൊതുവായ വിവരങ്ങൾക്കായാണ്. ഇത് വൈദ്യോപദേശത്തിനോ രോഗനിർണ്ണയത്തിനോ ചികിത്സയ്ക്കോ പകരമല്ല. ആരോഗ്യ പ്രശ്നങ്ങൾക്കോ ജീവിതശൈലി മാറ്റങ്ങൾക്കോ എപ്പോഴും ആരോഗ്യ വിദഗ്ധന്റെ ഉപദേശം തേടുക)

Content Highlights: Learn about Neuroendocrine Tumors (NETs) like the one affecting Irrfan Khan. Understand rare symptoms, diagnosis challenges, and treatment options. Get crucial health information.