'പങ്കാളികളോട് മാത്രമല്ല, മക്കളും മാതാപിതാക്കളും മനസ്സ് തുറന്ന് സംസാരിക്കണം, തെറ്റുകള്‍ പറ്റാം...'

ആമിർ ഖാനൊപ്പം ഇറ ഖാൻ, ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Instagram/ @khan.ira
ആമിർ ഖാനൊപ്പം ഇറ ഖാൻ, ഇറ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രം| ഫോട്ടോ: Instagram/ @khan.ira

താനും മകളുമൊരുമിച്ച് തെറാപ്പിക്കു പോകുന്നുണ്ട് എന്ന് ഈ അടുത്ത് ബോളിവുഡ് നടൻ ആമിർ ഖാൻ പറഞ്ഞിരുന്നു. മാതാപിതാക്കളുമായി ഒരു വ്യക്തിക്കുളള ബന്ധത്തിന് മാനസികാരോഗ്യത്തിൽ വലിയ പങ്കുണ്ടെന്ന ചർച്ചകൾക്ക് ഇത് വഴിവെച്ചു. മകളുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ബന്ധം ആരോഗ്യകരമാക്കുന്നതിനും രണ്ടു പേരും ചേർന്ന് തെറാപ്പിക്ക് പോകുന്നുണ്ടെന്നാണ് ആമിർ ഖാൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. വ്യക്തിബന്ധങ്ങൾ മികച്ചതാക്കാനുള്ള വഴികൾ പലപ്പോഴും ചർച്ചയാകാറുണ്ടെങ്കിലും മാതാപിതാക്കളും മക്കളും തമ്മിലുളള ബന്ധങ്ങളെ പലപ്പോഴും സമൂഹം വൈകാരികമായി മാത്രമാണ് പരിഗണിക്കാറുള്ളത്.

മാതാപിതാക്കളുമായി മക്കൾക്കുള്ള ബന്ധത്തിൽ വരുന്ന വിള്ളലുകൾ തനിയേ ശരിയാകുമെന്ന പൊതുധാരണ നിലവിലുണ്ട്. എന്നാൽ അത് അങ്ങനെയല്ലെന്നും എത്ര ബുദ്ധിമാനായലും ചില കാര്യങ്ങൾ പരിഹരിക്കാൻ സ്വയം കഴിഞ്ഞെന്നു വരില്ലെന്നും ആമിർ പറയുന്നു. മകൾ ഇറ ഖാൻ നേരിട്ട മാനസിക സംഘർഷങ്ങളെ നേരിടാൻ അച്ഛൻ എന്ന നിലയിൽ താൻ എടുത്ത മാറ്റങ്ങൾ പലപ്പോഴായി ആമിർ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോഴിതാ മാതാപിതാക്കളെ വ്യക്തികളായി മക്കൾ കാണാതിരിക്കുമ്പോൾ ഉണ്ടാകുന്ന സംഘർഷങ്ങളെ പറ്റി പറയുകയാണ് ഇറ ഖാൻ. ബോളിവുഡ് നടി അഹ്‌സാസ് ചെന്നയുമായുള്ള അഭിമുഖത്തിലാണ് ഇറ മനസ്സുതുറന്നത്.

ഒരാളുടെ വ്യക്തിബന്ധങ്ങളിൽ ഏറ്റവും തീവ്രമായത് മാതാപിതാക്കളുമായി പങ്കിടുന്നതാകും. അവരുടെ വാക്കുകൾക്ക് നമ്മൾ വളരെയധികം വില കൽപ്പിക്കുന്നതിനാൽ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ഓരോ പരാമർഷങ്ങൾക്കും നമ്മുടെ ഉള്ളിൽ ആഴത്തിൽ പതിഞ്ഞേക്കാം. തന്റെ ഉള്ളിലെ വേദനകളെ കാഠിന്യമാക്കാനും അതേ സമയം തന്നെ ഏറ്റവും ആനന്ദിത്തിലാക്കാനും കഴിയുന്നതാണ് മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അഭിപ്രായങ്ങളെന്നും ഇറ പറയുന്നുണ്ട്.

വളരെ മുമ്പേ തിരിച്ചറിയേണ്ടിയിരുന്ന പല കാര്യങ്ങളും വിഷാദത്തിലൂടെ കടന്നുപോയ കാലയളവിലാണ് മനസ്സിലാക്കുന്നത്. വൈവാഹിക ജീവിതം സമാധനപൂർണ്ണമാകാൻ പങ്കാളികൾ തമ്മിൽ അർത്ഥവത്തായ സംഭാഷണങ്ങൾ ഉണ്ടാകണമെന്നും ഇരു ഭാഗത്തുനിന്നും ഇതിനുള്ള പരിശ്രമമം ഉണ്ടാകണമെന്നും സമൂഹം നമ്മളെ ഓർമ്മിപ്പിക്കാറുണ്ട്. എന്നാൽ ഇതേ അധ്വാനം മാതാപിതാക്കളുമായി മക്കൾക്കുള്ള വൈകാരിക ബന്ധത്തിനും അനിവാര്യമാണ്. വ്യക്തിബന്ധങ്ങൾ ദൃഢമാകാൻ തുറന്നുള്ള സംസാരങ്ങൾ ആവശ്യമാണെന്ന് പറയുന്നത് മാതാപിതാക്കൾക്കും ബാധകമാണെന്നും ഇറ വ്യക്തമാക്കുന്നു.

ഇറയുടെ മാതാപിതാക്കൾ എത്തരത്തിലുള്ള വ്യക്തികളാണെന്ന ചോദ്യം തെറാപിസ്റ്റുമായുള്ള സംഭാഷണത്തിനിടെ വന്നപ്പോഴാണ് താൻ ഇതിനെ പറ്റി ചിന്തിക്കുന്നതെന്നും അവർ പറയുന്നുണ്ട്. വ്യക്തികളായി എനിക്കവരെ അറിയില്ല, എന്റെ മാതാപിക്കൾ എന്ന നിലയിൽ മാത്രമാണ് അവരെ ഞാൻ കണ്ടിട്ടുള്ളത് എന്നായിരുന്നു മറുപടി.

തെറ്റുകളും ശരികളും വ്യക്തി താത്പര്യങ്ങളും ഇഷ്ടക്കേടുകളും ഉള്ള വ്യക്തികളായി അവരെ കാണാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെങ്ങനെയാണ് അവരുമായി എനിക്കൊരു ബന്ധമുണ്ടാകുന്നത്. വ്യക്തികളായി മാതാപിതാക്കളെ കാണുന്നതിലെ ആകാംക്ഷയും ആശ്ചര്യവും ഇറ പങ്കുവെക്കുന്നുണ്ട്.

മറ്റ് ബന്ധങ്ങൾ പോലെ തിരഞ്ഞെടുപ്പകൾ സാധ്യമായ ഒന്നല്ല കുട്ടിയും മാതാപിതാക്കളുമായി ഉള്ളത്. അതുകൊണ്ടുതന്നെ ഈ ബന്ധങ്ങൾക്ക് മതിയായ വില രണ്ടു ഭാഗത്തുനിന്നും ഉണ്ടാകണമെന്നില്ല. ഇക്കാര്യം നമ്മളറിയാതെ തന്നെ ബന്ധത്തിന്റെ നിലവാരത്തെ ബാധിച്ചേക്കാം. ഏറ്റവും അധികം സമയം ചെലവഴിക്കുന്നത് മാതാപിതാക്കളോടൊപ്പം ആയതിനാൽ തന്നെ അവരുടെ ഭാഗത്തുനിന്നുണ്ടാകുന്ന ചെറിയ കാര്യങ്ങൾക്കുവരെ കുട്ടികളെ സ്വാധീനിച്ചേക്കാം. മാതാപിതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന അംഗീകാരങ്ങൾക്കും പ്രശംസകൾക്കുംമക്കൾ വലിയ വില കൽപ്പിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.

''മാതാപിതാക്കളുടെ പരിചരണം അനിവാര്യമായ കുട്ടിയിൽ നിന്ന് ഒരാൾ മുതിർന്നയാളായി ക്രമേണ മാറുന്നു. എന്നാൽ ഈ മാറ്റം ഉണ്ടാകുമ്പോൾ അച്ഛനമ്മമാരെ മാതാപിതാക്കൾ എന്നതിലുപരി വ്യക്തികളായി കാണാൻ മക്കൾക്ക് കഴിയേണ്ടതുണ്ട്. പക്ഷേ ഈ യാഥാർത്ഥ്യം പലരും തിരിച്ചറിയുന്നില്ല. ഏതൊരു വ്യക്തിയെ പോലെയും കുറ്റവും കുറവുമുള്ളവരാണ് മാതാപിതാക്കളെന്ന് മക്കൾ തിരിച്ചറിയാതെ പോകുന്നു. രക്ഷിതാക്കളെ എന്നും ബഹുമാനിക്കണമെന്നും അവർ പറയുന്നത് മാത്രമാണ് ശരിയെന്നുമാണ് സമൂഹം കുട്ടികളെ പഠിപ്പിക്കുന്നത്.''

മാനസിക പ്രശ്‌നങ്ങളെപ്പറ്റി തുറന്നു സംസാരിക്കുമ്പോൾ സമൂഹത്തിൽ നിന്ന് നേരിടേണ്ടി വന്ന ചോദ്യങ്ങളെ താൻ എങ്ങനെ നേരിട്ടുവെന്നും അഭിമുഖത്തിൽ ഇറ പറയുന്നുണ്ട്. വിഷാദമുണ്ടാകുമ്പോൾ ജോലിയിൽ നിന്നും വിദ്യാഭ്യാസത്തിൽ നിന്നുമൊക്കെ മാറി നിൽക്കാൻ കെൽപ്പുള്ള, സാമ്പത്തികമായി മുന്നോക്കം നിൽക്കുന്നവർക്ക് മാത്രമാണ് ഇത്തരത്തിലുള്ള മാനസിക സംഘർഷങ്ങൾ ഉണ്ടാകുകയുള്ളു എന്ന രീതിയിൽ പലരും കമന്റുകളായും പ്രതികരിച്ചിരുന്നു. എന്നാൽ മാനസികാരോഗ്യം സംരക്ഷിക്കാനായി പ്രവർത്തിക്കുന്ന സർക്കാർ സ്ഥാപനങ്ങളിൽ പോയാൽ സമൂഹത്തിന്റെ എല്ലാ തട്ടിലുമുള്ളവർ അവിടെ സഹായത്തിനായി എത്തുന്നതായി നമുക്ക് കാണാൻ കഴിയുമെന്നും ഇറ പറയുന്നു.

മാനസിക ബുദ്ധമുട്ടുകൾ നേരിടുന്നവർക്കായി അഗസ്തു ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയും ഇറ ഖാൻ നടത്തുന്നുണ്ട്. 

Content Highlights: Ira khan open ups about how therapy helped her to improve relationship with parents