തോളിലെ രോഗാവസ്ഥകൾ അവഗണിക്കരുത്: അസ്ഥിരോഗ വിദഗ്ധർ

കൊച്ചി: തോളിലെ രോഗനിർണ്ണയം അത്യാധുനിക ശസ്ത്രക്രിയാ രീതികൾ എന്നിവ പഠന വിഷയമാക്കി ഓർത്തോപീഡിക് വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മളനം 'ഗോഡ്സ് ഓൺ കൺട്രി - ഷോൾഡർ കോഴ്സ് 2023' ഹോട്ടൽ ക്രൗൺ പ്ലാസയിൽ നടന്നു.
മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളജിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ആർത്രോസ്‌കോപ്പി സൊസൈറ്റി (ഐഎഎസ്), കേരള ഓർത്തോപീഡിക് അസോസിയേഷൻ (കെ ഒ എ), ഷോൾഡർ ആൻഡ് എൽബോ സൊസൈറ്റി ഓഫ് ഇന്ത്യ (എസ്ഇഎസ്ഐ), ആർത്രോസ്കോപ്പിക് സർജൻസ് ഓഫ് കേരള (എ എസ് ഐ കെ ) കൊച്ചിൻ ഓർത്തോപീഡിക് സൊസൈറ്റി ഓഫ് ഇന്ത്യ (സി ഒ എസ്) എന്നിവയുടെ പിന്തുണയോടെയാണ് സമ്മേളനം സംഘടിപ്പിച്ചത്.
പ്രമുഖ ഷോൾഡർ സർജനും എസ്.ഇ.എസ്.ഐ മുൻ ദേശീയ അധ്യക്ഷനുമായ ഡോ. ആശിഷ് ബബുൽക്കർ (മഹാരാഷ്ട്ര ) സമ്മേളനം ഉദ്ഘാടനം ചെയ്തു.
'ഏറ്റവും ഉപയോഗിക്കപ്പെടുന്ന ശരീരഭാഗങ്ങളിൽ ഒന്നായ തോളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങള്‍ ഗുരുതരമാകുന്നത് വരെ അവഗണിക്കപ്പെടുന്ന സാഹചര്യമുണ്ട്. പാരമ്പര്യം, തോളിന്റെ തെറ്റോ അമിതമോ ആയ ഉപയോഗം, അപകടം, സ്ട്രെസ് എന്നിവയാണ് പൊതുവായ രോഗകാരണങ്ങൾ', അദ്ദേഹം പറഞ്ഞു.
നേരത്തെയുള്ള രോഗനിർണയത്തിനും ചികിത്സയ്ക്കുമായി രോഗികൾ ഓർത്തോപീഡിക് സർജന്റെ സഹായം തേടണം. ഇതിനായി, ഏറ്റവും പുതിയ കീറിമുറക്കൽ ആവശ്യമില്ലാത്ത ശസ്ത്രക്രിയാ രീതികൾ സംബന്ധിച്ച് പൊതുവായ അവബോധം ജനങ്ങൾക്കുണ്ടാവണം, 'ഡോ. ആശിഷ് ബബുൽക്കർ പറഞ്ഞു.
മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ് സ്ട്രാറ്റജിക് പ്ലാനിങ്ങ് ആന്റ് മെഡിക്കൽ സർവീസസ് ഡയറക്ടർ ഡോ. സോജൻ ഐപ്പ് അധ്യക്ഷത വഹിച്ചു. കോഴ്സ് ഡിറക്ടറും ഓർഗനൈസിങ്ങ് ചെയർമാനുമായ ഡോ. സുജിത് ജോസ് (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ഓർത്തോപീഡിക്‌സ് മേധാവി ), ഡോ.അറുമുഖം (മുൻ പ്രസിഡന്റ്, ഐ.എ.എസ്.), ജോയ് പി ജേക്കബ്, സി ഇ ഒ, മലങ്കര ഓർത്തഡോക്സ് സിറിയൻ ചർച്ച് മെഡിക്കൽ കോളേജ്, ഡോ. വർഗീസ് പോൾ, ഡോ. പ്രതാപ് കുമാർ (പ്രസിഡന്റ് ,എസ്ഇഎസ്ഐ), ഡോ. ടാജൻ പി.ജെ (പ്രസിഡന്റ്, കെ.ഒ.എ.), ഡോ. ഡെന്നിസ് പി. ജോസ് (പ്രസിഡന്റ്, സി.ഒ.എസ്.), ഡോ. ഷില്ലർ ജോസ് (പ്രസിഡന്റ്, എ.എ.എസ്.കെ.), ഡോ. ബാബു ജോസഫ് (പ്രസിഡന്റ്, സെസ്ക്) എന്നിവർ ഉദ്ഘാടന സമ്മേളനത്തിൽ സംസാരിച്ചു.
ഷോൾഡർ അസ്ഥിരത (സ്ഥാനചലനം, വഴുതിപ്പോകൽ, അയവുള്ളതോ തൂങ്ങിക്കിടക്കുന്നതോ, മുതലായവ), റൊട്ടേറ്റർ കഫ് പരിക്കുകൾ, ഷോൾഡർ റീപ്ലേസ്‌മെന്റുകൾ എന്നിങ്ങനെ മൂന്ന് പ്രധാന വിഷയങ്ങളിലായി തത്സമയ ശസ്ത്രക്രിയകൾ, വർക്ക്ഷോപ്പുകൾ, പാനൽ ചർച്ചകൾ എന്നിവ ഉൾപ്പെട്ട ശാസ്‌ത്ര സെഷനുകളാണ് സമ്മേളനത്തിൽ നടന്നത്.
റൊട്ടേറ്റർ കഫ് പരിക്കുകൾ വളരെ സാധാരണമായിക്കൊണ്ടിരിക്കുകയാണെന്ന് ഓർഗനൈസിംഗ് ചെയർമാൻ ഡോ. സുജിത് ജോസ് പറഞ്ഞു. പേശികളും അസ്ഥിബന്ധങ്ങളും, ടെൻഡോണുകളും ചേർന്ന റൊട്ടേറ്റർ കഫ് ആണ് കൈ തോളുമായി ബന്ധിപ്പിച്ച് നിർത്തി അനായാസമായ ചലനങ്ങൾ സാധ്യമാക്കുന്നത്.
അമിതമായ ഉപയോഗം, പ്രായമാകൽ പരിക്കുകൾ എന്നിവ കൊണ്ട് ടെൻഡോണുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചലനത്തെ ബാധിക്കുന്ന പ്രശ്നങ്ങളും വേദനയും ഉണ്ടാവുന്നു. ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നതുവരെ ചികിത്സ വൈകിപ്പിക്കുന്ന പ്രവണത ഇല്ലാതാവണം,' ഡോ സുജിത് ജോസ് പറഞ്ഞു.
ആർത്രോസ്കോപ്പിയിലെ ഏറ്റവും പുതിയ മുന്നേറ്റങ്ങൾ, ഷോൾഡർ ആർത്രോപ്ലാസ്റ്റി ടെക്നിക്കുകളിൽ (ശസ്ത്രക്രിയാ പുനർനിർമ്മാണവും മാറ്റിസ്ഥാപിക്കലും), രോഗനിർണയത്തിനും കേടുപാടുകൾ പരിഹരിക്കുന്നതിനും ഉപയോഗിക്കുന്ന നൂതന നടപടിക്രമങ്ങൾ എന്നിവ ശാസ്ത്ര സെഷനുകൾ ചർച്ച ചെയ്തു.
തോളിൽ അസ്ഥിരത, റൊട്ടേറ്റർ കഫ് റിപ്പയർ എന്നിവയുടെ ചികിത്സയിലെ ഏറ്റവും പുതിയ നടപടിക്രമങ്ങളും സാങ്കേതിക വിദ്യകളും വിശദീകരിക്കുന്നതിന് ആദ്യ ദിവസം തത്സമയ ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ നടന്നു.
ഷോൾഡർ അസ്ഥിരതയെക്കുറിച്ചുള്ള ശാസ്ത്ര സെഷനുകൾ ക്ലിനിക്കൽ പരിശോധന, ഇമേജ് റീഡിംഗ്, അത്ലറ്റുകൾക്കുള്ള മാനേജ്മെന്റ് പ്രോട്ടോക്കോൾ, ചികിത്സയിലെ വെല്ലുവിളികൾ, ചികിത്സാ അൽഗോരിതം എന്നിവ ചർച്ച ചെയ്തു.
രണ്ടാം ദിവസം ഷോൾഡർ ആർത്രോപ്ലാസ്റ്റി, റൊട്ടേറ്റർ കഫ് റിപ്പയർ, അസ്ഥികളുടെ അസ്ഥിരത, മറ്റ് ബുദ്ധിമുട്ടുള്ള അസ്ഥിരതകൾ, വലിയ റൊട്ടേറ്റർ കഫ് ടിയർ റിപ്പയർ, തത്സമയ ആർത്രോസ്കോപ്പിക് ശസ്ത്രക്രിയകൾ, റിവേഴ്സ് ഷോൾഡർ ആർത്രോപ്ലാസ്റ്റി, വർക്ക്ഷോപ്പുകൾ എന്നിവ നടന്നു. യുഎസ്, ഓസ്‌ട്രേലിയ, ദുബായ്, തായ്‌ലൻഡ് എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര ഫാക്കൽറ്റികളാണ് പാനൽ ചർച്ചകൾക്ക് നേതൃത്വം നൽകിയത്.
അന്താരാഷ്ട്ര ഓർത്തോപീഡിക് ഫാക്കൽറ്റികളും നാൽപ്പതോളം ദേശീയ ഫാക്കൽറ്റികളും ഗവേഷകരും വിദഗ്ധരും ഉൾപ്പെടെ അഞ്ഞൂറോളം പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുത്തത്.
Content Highlights: international conference of orthopedic experts conducted in kochi