ആസ്ത്മ ഇൻഹേലറുകൾ കാർബൺ ബഹിർഗമനത്തിന് കാരണമാകുന്നു; 5.3 ലക്ഷം കാറുകളുടെ മലിനീകരണത്തിന് സമം- പഠനം

എ.ഐ. നിർമിത ചിത്രം
എ.ഐ. നിർമിത ചിത്രം

ആസ്ത്മ, ക്രോണിക് ഒബ്‌സ്ട്രക്റ്റീവ് പൾമണറി ഡിസീസ് (സിഒപിഡി) എന്നിവ ചികിത്സിക്കാൻ ഉപയോഗിക്കുന്ന ഇൻഹേലറുകൾ കാർബൺ ബഹിർഗമനത്തിന് കാരണമാകുമെന്ന് പഠനം. യു‌സി‌എൽ‌എ ഹെൽത്ത് പുറത്തുവിട്ട പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. JAMA-യിൽ പ്രസിദ്ധീകരിച്ച ഈ ഗവേഷണം, യുഎസിലെ ഇൻഹേലറുകളുടെ പാരിസ്ഥിതിക ആഘാതം വിലയിരുത്തുന്ന ഏറ്റവും വലിയ ഗവേഷണങ്ങളിൽ ഒന്നാണ്.

കഴിഞ്ഞ ദശാബ്ദത്തിൽ ഓരോ വർഷവും ഇൻഹേലറുകൾ 20 ലക്ഷം മെട്രിക് ടണ്ണിലധികം കാർബൺ പുറന്തള്ളിയതായി പഠനത്തിൽ കണ്ടെത്തി. ഇത് ഏകദേശം 5,30,000 പെട്രോൾ കാറുകളുടെ വാർഷിക ബഹിർഗമനത്തിന് തുല്യമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2014 മുതൽ 2024 വരെയുള്ള ഡാറ്റ ഗവേഷകർ വിശകലനം ചെയ്തു. ആസ്ത്മ, സിഒപിഡി ചികിത്സകൾക്കായി അംഗീകരിച്ച മൂന്ന് തരം ഇൻഹേലറുകൾ ഇതിൽ ഉൾപ്പെടുന്നു.

മീറ്റേർഡ് ഡോസ് ഇൻഹേലറുകളാണ് (എംഡിഐ) പരിസ്ഥിതിക്ക് ഏറ്റവും ഹാനികരമെന്നാണ് കണ്ടെത്തൽ. ആകെ ബഹിർഗമനത്തിന്റെ 98 ശതമാനത്തിനും കാരണം ഇവയാണ്. ഈ ഇൻഹേലറുകൾ hydrofluoroalkane (എച്ച്എഫ്എ) പ്രൊപ്പല്ലന്റുകൾ ഉപയോഗിക്കുന്നു. ഇവ മുൻപ് എയറോസോൾ സ്പ്രേകളിൽ ഉപയോഗിച്ചിരുന്നതും ശക്തമായ ഹരിതഗൃഹ വാതകങ്ങളുമാണ്(greenhouse gases).

ഇതിന് വിപരീതമായി, ഡ്രൈ പൗഡർ ഇൻഹേലറുകളും സോഫ്റ്റ് മിസ്റ്റ് ഇൻഹേലറുകളും പ്രൊപ്പല്ലന്റുകളെ ആശ്രയിക്കുന്നില്ല. അവയുടെ കാർബൺ പുറന്തള്ളൽ വളരെ കുറവുമാണ്. വൈദ്യശാസ്ത്രപരമായി ഉചിതമാണെങ്കിൽ, ബഹിർഗമനം കുറഞ്ഞ ഈ ബദലുകളിലേക്ക് മാറുന്നത് ശ്വാസകോശ സംബന്ധമായ ചികിത്സകളുടെ പാരിസ്ഥിതിക ആഘാതം കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷകർ നിർദ്ദേശിക്കുന്നു.