കാലിഫോർണിയയിൽ ഇന്ത്യൻ യുവാവ് വാലി ഫീവർ ബാധിച്ച് മരിച്ചു; എന്താണ് ഈ രോഗം?

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കാലിഫോർണിയയിൽനിന്നുള്ള ഇന്ത്യൻ സ്വദേശി വാലി ഫീവർ ബാധിച്ച് മരിച്ചു. ടെക് പ്രൊഫഷണൽ കൂടിയായ ചിരഞ്ജീവി കൊല്ല എന്ന മുപ്പത്തിയേഴുകാരനാണ് വാലി ഫീവർ എന്ന അത്യപൂർവ അണുബാധ ബാധിച്ച് മരിച്ചത്. രോഗബാധ ചിരഞ്ജീവിയുടെ ശ്വാസകോശത്തെ സാരമായി തകരാറിലാക്കുകയും മരണത്തിലേക്ക് നയിക്കുകയുമായിരുന്നു. ഒരു മാസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന യുവാവ് ഇക്കഴിഞ്ഞ മേയ് അഞ്ചിനാണ് മരിച്ചത്.

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് യുവാവിൽ ആദ്യം പ്രകടമായത്. ‌പനിക്കും ചുമയ്ക്കും പിന്നാലെ ആരോഗ്യനില വഷളായപ്പോൾ, ഡോക്ടർമാർ ന്യുമോണിയ സംശയിക്കുകയും തുടർന്നുനടത്തിയ പരിശോധനയിൽ വാലി ഫീവർ സ്ഥിരീകരിക്കുകയുമായിരുന്നു.

കോസിഡിയോയിഡ്സ് എന്ന ഫംഗസ് മൂലമാണ് കോക്സിഡിയോയിഡോമൈക്കോസിസ് എന്നറിയപ്പെടുന്ന വാലി ഫീവർ ഉണ്ടാകുന്നത്. അമേരിക്കയിലെ കാലിഫോർണിയ, അരിസോണ എന്നിവിടങ്ങളിലുൾപ്പെടെയുള്ള വരണ്ടതും പൊടി നിറഞ്ഞതുമായ പ്രദേശങ്ങളിലെ മണ്ണിലാണ് ഈ ഫംഗസ് കൂടുതലായി കാണപ്പെടുന്നത്. കാറ്റ്, കൃഷി, നിർമ്മാണ പ്രവർത്തനങ്ങൾ എന്നിവ മൂലം മണ്ണിളകുമ്പോൾ വായുവിലേക്ക് വരുന്ന ഫംഗസ് ശ്വസിക്കുന്നതിലൂടെയാണ് രോഗബാധയുണ്ടാകുന്നത്.

സാധാരണ പനിക്ക് സമാനമായ ലക്ഷണങ്ങളാണ് പലപ്പോഴും പ്രകടമാകാറുള്ളത്. പനി, ചുമ, ക്ഷീണം, നെഞ്ച് വേദന, ശ്വാസതടസ്സം, സന്ധിവേദന തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങൾ. ചിലരിൽ ലക്ഷണങ്ങൾ തീരെ ഉണ്ടാകാതിരിക്കുകയോ ചികിത്സ കൂടാതെതന്നെ സുഖം പ്രാപിക്കുകയോ ചെയ്യും. എന്നാൽ, മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരോ രോഗപ്രതിരോധശേഷി കുറഞ്ഞവരോ ആണെങ്കിൽ അണുബാധ ഗുരുതരമാവുകയും ശ്വാസകോശങ്ങൾക്ക് പുറത്തേക്ക് പടരുകയും ചെയ്യാം.

ഗുരുതരമാകുന്ന കേസുകളിൽ ആശുപത്രിവാസവും ആറു മാസത്തിൽ കൂടുതൽ ചികിത്സയും ആവശ്യമായി വരാം.

Content Highlights: Fatal case of Valley Fever in a 37-year-old Indian tech professional in California., The infection is caused by the Coccidioides fungus found in dry, dusty soil