കഫ് സിറപ്പുകൾ യുക്തിസഹമായി ഉപയോഗിക്കണം, കുട്ടികൾക്ക് കരുതലോടെ നൽകണം -സംസ്ഥാനങ്ങളോട് കേന്ദ്രം

Representative Image| Photo: AI Generated
Representative Image| Photo: AI Generated

ന്യൂഡൽഹി: കഫ് സിറപ്പുകൾ കഴിച്ച് കുട്ടികൾ മരിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഉന്നതതല യോഗം ചേർന്നു.

കഫ് സിറപ്പുകൾ, പ്രത്യേകിച്ച് കുട്ടികൾക്ക് യുക്തിസഹമായി മാത്രമേ നൽകാവൂവെന്ന് സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. മരുന്നുനിർമാതാക്കൾക്കുള്ള പുതുക്കിയ ഷെഡ്യൂൾ- എം നിലവാര മാനദണ്ഡങ്ങൾ പാലിക്കണമെന്നും നിർദേശിച്ചു. കേന്ദ്ര ആരോഗ്യവകുപ്പ് സെക്രട്ടറി പുണ്യ സലീല ശ്രീവാസ്തവയുടെ അധ്യക്ഷതയിൽചേർന്ന യോഗത്തിൽ ബന്ധപ്പെട്ട വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ചുമയിൽ അധികവും സ്വയംഭേദമാകുന്നതും മരുന്ന് ആവശ്യമില്ലാത്തതുമാണെന്ന് കേന്ദ്ര ആരോഗ്യസെക്രട്ടറി ചൂണ്ടിക്കാട്ടി.

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിച്ചതായ റിപ്പോർട്ടുകളെത്തുടർന്ന് മധ്യപ്രദേശിലെ ചിന്ദ്വാരയിലും മഹാരാഷ്ട്രയിലെ നാഗ്പുരിലും കേന്ദ്രത്തിന്റെ ഉന്നതതല വിദഗ്ധസംഘം സന്ദർശനം നടത്തി.

കുട്ടികൾ കഴിച്ച കഫ് സിറപ്പുകളുടെ 19 സാംപിളുകൾ ശേഖരിച്ച് പത്തെണ്ണം പരിശോധിച്ചതിൽ ഒൻപതും നിലവാരമാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട്. അതേസമയം, കോൾഡ്രിഫ് സിറപ്പിൽ അനുവദനീയമായ അളവിലധികം ഡിഇജി എന്ന രാസവസ്തു അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന്, അവരുടെ നിർമാണ ലൈസൻസ് റദ്ദാക്കാൻ ശുപാർശചെയ്തതിനുപുറമേ ക്രിമിനൽ നടപടിക്രമങ്ങളും ആരംഭിച്ചു.

ചുമമരുന്ന്: കർശനനിർദേശവുമായി ഡ്രഗ്‌സ് കൺട്രോളർ

തിരുവനന്തപുരം/ന്യൂഡൽഹി: മധ്യപ്രദേശിൽ ചുമമരുന്ന് കഴിച്ച കുട്ടികൾ മരിച്ച പശ്ചാത്തലത്തിൽ കർശന നിയന്ത്രണവുമായി ഡ്രഗ്‌സ് കൺട്രോളർ. അഞ്ചു വയസ്സിനുമുകളിലുള്ള കുട്ടികൾക്ക് ചുമയ്ക്കോ ജലദോഷത്തിനോ ഉള്ള മരുന്നോ ഒന്നിലധികം മരുന്ന് ചേരുവ ചേർന്ന ഫോർമുലേഷനുകളോ ഉപയോഗിക്കേണ്ടിവന്നാൽ ഡോക്ടർ നിർദേശിച്ച അളവിലും കാലയളവിലും കൃത്യമായി ഉപയോഗിക്കാൻ നിർദേശം നൽകണം. ജിഎംപി സർട്ടിഫിക്കേഷനുള്ള വിതരണക്കാരുടെ ഉത്‌പന്നങ്ങളെ വിൽപ്പന നടത്തുന്നുള്ളൂവെന്ന് ഉറപ്പാക്കണം.

കോൾഡ്രിഫ് എന്ന ചുമമരുന്ന് കഴിച്ച കുട്ടികൾക്കാണ് ജീവൻ നഷ്ടമായത്. ഇതിന് കാരണമായ എസ്ആർ 13 എന്ന ബാച്ച് കേരളത്തിൽ വിതരണം ചെയ്തിട്ടില്ലെന്ന്‌ ഡ്രഗ്‌സ് കൺട്രോൾവിഭാഗം വ്യക്തമാക്കി. ഇതിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി സർക്കാർ ആശുപത്രികൾ വിതരണം ചെയ്യുന്നില്ലെന്ന് ആരോഗ്യവകുപ്പും വ്യക്തമാക്കി.

Content Highlights: Following child deaths linked to cough syrups, India`s Health Ministry holds high-level meeting, issuing directives for stricter quality control and rational use of medicines for children.