വയറുചാടുന്നത് അപകടം, ഹൃദയത്തെ മാത്രമല്ല, മസ്തിഷ്കാരോഗ്യത്തെയും ബാധിക്കും; കുറയ്ക്കാൻ ചെയ്യേണ്ടത്

വണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്ന മിക്കയാളുകളും ആദ്യം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ശരീരഭാഗം വയറാണ്. അടിവയറിൽ കൊഴുപ്പടിയുന്നത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാറുണ്ട്. രക്തസമ്മർദം, ഹൃദ്രോഗം, പ്രമേഹം, ചിലയിനം കാൻസറുകൾ തുടങ്ങിയവയ്ക്കൊക്കെ വയറിലെ കൊഴുപ്പ് കാരണമാകാറുണ്ട്. എന്നാൽ ഇതുമാത്രമല്ല വയറുചാടുന്നത് മസ്തിഷ്കാരോഗ്യത്തെയും ബാധിക്കുമെന്നു പറയുകയാണ് ഹൈദ്രാബാദിൽ നിന്നുള്ള ന്യറോളജിസ്റ്റായ ഡോ. സുധീർ കുമാർ.
എക്സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇതേക്കുറിച്ച് വിശദമാക്കിയിരിക്കുന്നത്. വയറിൽ കൊഴുപ്പടിയുന്നത് പ്രമേഹത്തിനും ഹൃദ്രോഗത്തിനും കാരണമാകുമെന്ന് പലർക്കും അറിയാമെങ്കിലും അവ ഓർമക്കുറവിനും ഡിമെൻഷ്യക്കും കാരണമാകുന്നുണ്ടെന്ന് പഠനങ്ങൾ പറയുന്നുവെന്ന് ഡോ.സുധീർ കുറിച്ചു.
ചർമത്തിനു തൊട്ടുതാഴെയുള്ള സബ്ക്യുട്ടേനിയസ് ഫാറ്റ് എന്നറിയപ്പെടുന്ന കൊഴുപ്പും ആന്തരികാവയവങ്ങളെ ചുറ്റിക്കിടക്കുന്ന കൊഴുപ്പായ വിസറൽ ഫാറ്റും വ്യത്യസ്തമാണെന്ന് അദ്ദേഹം പറയുന്നു. വിസറൽ ഫാറ്റ് അപകടകാരിയാണ്. വയറിലുണ്ടാകുന്ന ഇത്തരം കൊഴുപ്പ് വൈജ്ഞാനിക അപചയം, ഡിമെൻഷ്യ, ഓർമശേഷി നഷ്ടപ്പെടുക തുടങ്ങിയവയ്ക്ക് കാരണമാകുമെന്ന് അദ്ദേഹം പറയുന്നു.
വയറിലെ കൊഴുപ്പും മസ്തിഷ്കാരോഗ്യവും എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നുവെന്നും അദ്ദേഹം വിശദമാക്കുന്നുണ്ട്. വയറിൽ കൊഴുപ്പടിയുന്നതുമൂലം വിട്ടുമാറാത്ത വീക്കം, ഇൻസുലിൻ പ്രതിരോധം, ഉയർന്ന രക്തസമ്മർദ്ദം, ചെറിയ രക്തക്കുഴലുകൾക്കുണ്ടാകുന്ന കേടുപാടുകൾ, തലച്ചോറിനെ ബാധിക്കുന്ന ഹോർമോൺ മാറ്റങ്ങൾ തുടങ്ങിയവയാണ് മസ്തിഷ്കാരോഗ്യത്തെയും തകരാറിലാക്കുന്നത്.
വിസറൽ ഫാറ്റ് കൂടുന്നത് ശാരീരിക പ്രവർത്തനങ്ങൾ മന്ദഗതിയിലാവാനും വിവരങ്ങൾ സ്വാംശീകരിക്കുന്നതിന്റെ വേഗത കുറയ്ക്കാനും ശ്രദ്ധ കുറയ്ക്കാനുമൊക്കെ കാരണമാകും. ഡിമെൻഷ്യ സ്ഥിരീകരിക്കുന്നതിനു കാലങ്ങൾക്കുമുമ്പുതന്നെ ഈ ലക്ഷണങ്ങൾ ആരംഭിക്കുകയും ചെയ്യും.
ജീവിതശൈലിയിൽ ചില മാറ്റങ്ങൾ വരുത്തുന്നതിലൂടെ വിസറൽ ഫാറ്റ് കുറയ്ക്കാനാകുമെന്നും ഡോ.സുധീർ കുമാർ പറയുന്നു. ദിവസവും എയ്റോബിക് വ്യായാമം ചെയ്യുക, സ്ട്രെങ്ത് ട്രെയിനിങ് ശീലമാക്കുക, മെഡിറ്ററേനിയൻ ഡയറ്റിലേക്കു മാറുക, പ്രോട്ടീനും ഫൈബറും ആവശ്യത്തിനു കഴിക്കുക, ഏഴുമുതൽ ഒമ്പതുമണിക്കൂർ വരെ ഉറങ്ങുക, ശരീരഭാരം ആരോഗ്യകരമായി നിലനിർത്തുക എന്നിവയിലൂടെ വിസറൽ ഫാറ്റ് ഫലപ്രദമായി കുറയ്ക്കാനാവുമെന്നാണ് അദ്ദേഹം പറയുന്നത്.
പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, പ്രീ-ഡയബറ്റിസ്, ഫാറ്റി ലിവർ തുടങ്ങിയവ ഉള്ളവരാണെങ്കിൽ വിസറൽ ഫാറ്റ് കുറയ്ക്കുന്നത് മസ്തിഷ്കാരോഗ്യം കാക്കുന്നതിൽ പ്രധാനമാണെന്ന് അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വയറിൽ കൊഴുപ്പടിയുന്നത് തടയാനുള്ള ചില മാർഗങ്ങൾ
- ശാരീരിക പ്രവർത്തനങ്ങൾ വർധിപ്പിക്കുക എന്നതാണ് അതിൽ പ്രധാനം. വയറിലെ കൊഴുപ്പിനെ കേന്ദ്രീകരിച്ചുള്ള വ്യായാമമുറകൾ ഉൾപ്പെടെ ശീലമാക്കാം. കലോറി കുറച്ച് ശരീരമാകെയുള്ള കൊഴുപ്പ് കുറയ്ക്കുന്നതും ഗുണംചെയ്യും.
- നാരുകൾ ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയും വേണം. പഴങ്ങൾ, പച്ചക്കറികൾ, പയർവർഗങ്ങൾ, ഹെൽത്തി ഫാറ്റുകൾ തുടങ്ങിയവ ഡയറ്റിൽ ഉൾക്കൊള്ളിക്കാം. സംസ്കരിച്ച ഭക്ഷണങ്ങളും മധുരവിഭവങ്ങളും സാച്ചുറേറ്റഡ് ഫാറ്റുമൊക്കെ കുറയ്ക്കാം.
- അമിതമദ്യപാനവും വയറിൽ കൊഴുപ്പടിയുന്നതിന് കാരണമാകാം. അതിനാൽ മദ്യപാനത്തിൽ നിയന്ത്രണം വരുത്തേണ്ടതും പ്രധാനമാണ്.
- ഉറക്കം കുറയുന്നതും പ്രധാനഘടകമാണ്. ഉറക്കക്കുറവ് ഹോർമോൺ നിലയിൽ മാറ്റംവരുത്തുകയും ഇത് വിശപ്പ് വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. ഇതിലൂടെ ഭക്ഷണം കൂടുതൽ കഴിക്കുകയും വയറിൽ കൊഴുപ്പടിയുകയും ചെയ്യും. ദിവസവും ഏഴുമുതൽ എട്ടുമണിക്കൂറോളം കൃത്യമായി ഉറങ്ങാൻ ശ്രമിക്കാം.
- ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെതന്നെ ഗുണംചെയ്യുന്നതാണ് വെള്ളംനന്നായി കുടിക്കുന്നത്. ഇത് വിശപ്പിനെ നിയന്ത്രിക്കുകയും മെറ്റബോളിസം വർധിപ്പിക്കുകയും ചെയ്യും. ഇതുവഴി വണ്ണംകുറയ്ക്കാനാവും.
- മധുരപാനീയങ്ങൾക്കും വയറിൽ കൊഴുപ്പടിയുന്നതിൽ പ്രധാനപങ്കുണ്ട്. ഇവയും പരമാവധി കുറയ്ക്കണം.
- ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക. ഉയർന്ന പ്രോട്ടീൻ ശരീരത്തിലെത്തുമ്പോൾ ഭാരനിയന്ത്രണത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് പ്രോട്ടീൻ. വയറുനിറഞ്ഞ പ്രതീതി ലഭിക്കാൻ സഹായിക്കുന്ന വിശപ്പ് കുറയ്ക്കുന്ന ഹോർമോൺ ശരീരത്തിൽ ഉത്‌പാദിപ്പിക്കപ്പെടുന്നു. ഇതുമൂലം വിശപ്പ് കുറയുന്നു.
- എയ്റോബിക് വ്യായാമങ്ങൾ (കാർഡിയോ വ്യായാമങ്ങൾ) ചെയ്യുന്നത് ആരോഗ്യത്തെ മെച്ചപ്പെടുത്തും. അമിത കലോറി എരിച്ചുകളയുകയും ചെയ്യും. ഇത് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. എയ്റോബിക് വ്യായാമങ്ങൾ ചെയ്യുന്നത് വയറിലെ കൊഴുപ്പും അമിതഭാരവും കുറയുന്നതിന് സഹായിക്കും.
Content Highlights: Visceral fat is linked to cognitive decline, memory loss, and dementia., Inflammation and insulin resistance caused by belly fat damage brain health., Aerobic exercise and strength training are critical for fat reduction.