രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് മൊബൈലും ടാബ്‌ലെറ്റും വേണ്ട; ഉറക്കം തടസ്സപ്പെടുമെന്ന് പഠനം

#Health Desk
Representative Image| Photo: Canva.com
Representative Image| Photo: Canva.com

കുട്ടികളുടെ കരച്ചിലടക്കാനും ശാന്തരാക്കാനുമൊക്കെ മൊബൈൽ ഫോണും ടാബ്‌ലെറ്റുമൊക്കെ നൽകുന്ന മാതാപിതാക്കളുണ്ട്. ഡിജിറ്റൽ ഡിവൈസുകളുടെ അമിതോപയോഗം കുട്ടികളുടെ വളർച്ചയെ ബാധിക്കുമെന്ന് വ്യക്തമാക്കുകയാണ് യു.കെ.യിൽ നിന്നുള്ള പഠനം. നാല് സർവകലാശാലകളിലെ ഗവേഷകരാണ് പഠനം നടത്തിയത്. രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളിലെ അമിതമായ സ്ക്രീൻ ഉപയോഗം ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് പഠനം കണ്ടെത്തി. കുട്ടികളിൽ നേരത്തേ ഡിജിറ്റൽ ഡിവൈസ് എത്തുന്നത് മാതാപിതാക്കളുമായുള്ള ആത്മബന്ധം കുറയ്ക്കുകയും ഭാഷാശേഷി വൈകുകയും സമപ്രായക്കാരുമായി കളികളിൽ ഏർപ്പെടുന്നത് കുറയ്ക്കുകയും ചെയ്യുമെന്ന് പഠനം പറയുന്നു. ഇത്തരം കുട്ടികളിൽ ഉറക്കം കുറയുകയും ചെറുപ്രായത്തിൽ തന്നെ അമിതവണ്ണത്തിനുള്ള സാധ്യത കൂടുകയും ചെയ്യും. കാഴ്ചസംബന്ധമായ തകരാറുകളും പിന്നാലെയുണ്ടാവും.

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികളിൽ ഒരു കാരണവശാലും പതിവായി സ്ക്രീൻ ഉപയോഗം അനുവദിക്കരുതെന്ന് ഗവേഷകർ പറയുന്നു. വല്ലപ്പോഴും ഫോൺ ഉപയോഗിക്കുന്നത് പൂർണമായും തടയാൻ ഈ ഡിജിറ്റൽ യുഗത്തിൽ കഴിയില്ലെന്നതാണ് വാസ്തവമെന്നും എന്നാൽ, അമിതമാവാതിരിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും ഗവേഷകർ വ്യക്തമാക്കുന്നു.

വീഡിയോ കോളുകളിലൂടെയും ഡിജിറ്റൽ ഡിവൈസുകളുടെ സഹായത്തോടെയും പഠിപ്പിക്കുന്ന രീതികളിൽ മാറ്റം വരുത്തേണ്ടതുണ്ടെന്ന് ഗവേഷകർ വാദിക്കുന്നു. അല്ലാത്തപക്ഷം സ്ക്രീൻ ഉപയാേഗം ദോഷകരമല്ലെന്ന ചിന്ത മാതാപിതാക്കളിലും വരും.

ജീവിതത്തിലെ ആദ്യത്തെ 1,001 ദിവസങ്ങൾ മനുഷ്യ വികാസത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണെന്നും മാതാപിതാക്കൾക്ക് കുറ്റപ്പെടുത്തലിനേക്കാൾ പിന്തുണയാണ് ആവശ്യമാണെന്നും ഗവേഷകർ കൂട്ടിച്ചേർക്കുന്നു.

രണ്ടുവയസ്സിൽത്താഴെയുള്ള കുഞ്ഞുങ്ങളെ ഒരുകാരണവശാലും ടെലിവിഷനോ ഡിജിറ്റൽ മീഡിയയോ കാണിക്കരുതെന്ന് അടുത്തിടെ സ്വീഡൻ കർശന നിർദേശം പുറത്തിറക്കിയിരുന്നു. സ്കൂൾസമയത്തിനുപുറമേ സ്വീഡനിലെ കൗമാരക്കാർ ശരാശരി ആറുമണിക്കൂർവരെ ഒരുദിവസം സ്ക്രീനിനുമുന്നിൽ സമയം ചെലവിടുന്നുണ്ടെന്ന്‌ കണ്ടെത്തിയതിനെത്തുടർന്നായിരുന്നു നടപടി.

കുഞ്ഞുപ്രായത്തിൽ തന്നെ മൊബൈൽ ഫോണിന് ആകൃഷ്ടരാകുന്ന കുട്ടികളിൽ പിൽക്കാലത്ത് മാനസിക പ്രശ്നങ്ങൾ കണ്ടെത്തുന്നുണ്ടെന്ന് നേരത്തേ അമേരിക്ക ആസ്ഥാനമായുള്ള സാപിയൻ ലാബ്സ് നടത്തിയ പഠനത്തിലും വ്യക്തമാക്കിയിരുന്നു. പത്തുവയസ്സിന് മുമ്പേ മൊബൈൽ ഫോൺ ഉപയോഗിക്കുന്ന പെൺകുട്ടികളിൽ പ്രായപൂർത്തിയാകുമ്പോൾ മാനസിക പ്രശ്നം അനുഭവിക്കുന്നവർ 60-70% ആണെന്നാണ് പ്രസ്തുത പഠനം പറയുന്നത്. ഇതേ അവസ്ഥയിലൂടെ കടന്നുപോകുന്ന ആൺകുട്ടികളിൽ 45-50% സമാന പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ട്. അതിനാൽ കുട്ടികളെ ഒരിടത്ത് അടക്കിയിരുത്താൻ മൊബൈൽ ഫോൺ നൽകിപ്പോരുന്ന ശീലം മാതാപിതാക്കൾ നിർത്തണമെന്നാണ് പഠനത്തിൽ പറയുന്നത്.

മൊബൈൽ ഫോണുകളിൽ ഏറെസമയം ചെലവഴിക്കുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും നട്ടെല്ലിന് പ്രശ്നമുണ്ടാകാമെന്ന് മറ്റൊരു പഠനത്തിലും പുറത്തുവന്നിരുന്നു. ഒരു ദിവസം മൂന്നുമണിക്കൂറിൽ കൂടുതൽ മൊബൈലിൽ സമയം ചെലവഴിക്കുന്ന കുട്ടികളിൽ പുറംവേദന പോലുള്ള പ്രശ്നങ്ങൾ കൂടുതലായി കണ്ടുവരുന്നുണ്ടെന്നാണ് പഠനത്തിൽ കണ്ടെത്തിയത്. സയന്റിഫിക് ജേർണലായ ഹെൽത്ത്കെയറിലാണ് പ്രസ്തുത പഠനം പ്രസിദ്ധീകരിച്ചത്.

കുട്ടികൾ കരയുമ്പോഴോ, ഭക്ഷണം കഴിക്കുമ്പോഴോ, കാറിൽ ഇരിക്കുമ്പോഴോ ഒക്കെ മൊബൈൽ ഫോൺ കൊടുക്കുന്ന ശീലം നിർത്തണം. പകരം അവരെ മറ്റുപല ഹോബികളിലും ഔട്ട്ഡോർ പ്രവർത്തനങ്ങളിലും സജീവരാക്കുകയാണ് വേണ്ടതെന്ന് വിദഗ്ധർ പറയുന്നു.

Content Highlights: Excessive screen time for children under two leads to developmental delays and health issues., Early digital device exposure reduces parent-child bonding and language skills., Long-term risks include obesity, sleep deprivation, and vision problems