സ്ത്രീകളിൽ പിടിവിടാതെ അനീമിയ; ഇരുമ്പ് കുറയുന്നതുമാത്രമല്ല പ്രശ്നം, അണുബാധയും വീക്കവും വിളർച്ചയ്ക്ക് കാരണം

അനീമിയയ്ക്കെതിരെ രാജ്യത്ത് വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. എന്നാൽ പലതും വേണ്ടത്ര ഫലംകാണുന്നില്ലെന്നു വ്യക്തമാക്കുകയാണ് ഐ.സി.എം.ആറിന്റെ( Indian Council of Medical Research) പുതിയ കണ്ടെത്തൽ. മുൻ ദേശീയ സർവേകളിൽ റിപ്പോർട്ട് ചെയ്തതിനേക്കാൾ ഇന്ത്യയിലെ വിളർച്ചയുടെ തോത് കുറഞ്ഞെങ്കിലും പ്രായപൂർത്തിയായ സ്ത്രീകളിൽ പകുതിയിലധികവും കൗമാരക്കാരായ പെൺകുട്ടികളിൽ പകുതിയോളം പേരും ഇപ്പോഴും വിളർച്ചയുടെ പിടിയിലാണെന്നാണ് പുതിയ സർവേ വ്യക്തമാക്കുന്നത്. പൊതുവേ അയേണിന്റെ കുറവാണ് വിളർച്ചയിലേക്ക് വഴിവെക്കാറുള്ളതെങ്കിലും അതുമാത്രം കണക്കാക്കിയാൽപ്പോരെന്നു കൂടി പറഞ്ഞുവെക്കുകയാണ് സർവേ.
രാജ്യത്തെ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള 183 ജില്ലകളിലെ 81,000 വീടുകൾ കേന്ദ്രീകരിച്ചാണ് സർവേ നടത്തിയത്. 1.7ലക്ഷം ബ്ലഡ് സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കി. തുടർന്നാണ് പ്രത്യുത്പാദന പ്രായത്തിലുള്ള സ്ത്രീകളിൽ-55.9% , കൗമാരക്കാരിൽ-46.3 %, 12-59 മാസം വരെ പ്രായമുള്ള കുട്ടികളിൽ- 41.8%, ഗർഭിണികൾ- 43.6% എന്നിങ്ങനെ വിളർച്ചയുടെ തോത് കണ്ടെത്തിയത്. മുലയൂട്ടുന്ന സ്ത്രീകളിൽ വിളർച്ചയുടെ തോത് 58.1% ആയിരുന്നു.
ഇരുമ്പിന്റെ കുറവുമാത്രമല്ല മറ്റുചില കാരണങ്ങൾ കൂടി വിളർച്ചയിലേക്കു നയിക്കുന്നുണ്ട്. അതിലൊന്ന് അണുബാധയാണ്. മലേറിയ, ട്യൂബർക്കുലോസിസ്, വിട്ടുമാറാത്ത അണുബാധകൾ തുടങ്ങിയവ ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തെ തടസ്സപ്പെടുത്തുകയും വിളർച്ചയ്ക്കു കാരണമാവുകയും ചെയ്യും. ഇതുകൂടാതെ വിട്ടുമാറാത്ത വീക്കവും വൃക്കരോഗങ്ങളും അനീമിയയിലേക്കു നയിക്കാറുണ്ട്. പാരമ്പര്യമായി ലഭിക്കുന്ന രക്തസംബന്ധമായ രോഗങ്ങളും ആർത്തവകാലത്തെ അമിതരക്തസ്രാവവും വിളർച്ചയ്ക്കു കാരണമാകാം. വിളർച്ചയ്ക്ക് കാരണം ഇരുമ്പ് കുറയുന്നതുമാത്രമാണോ മറ്റെന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാണോ എന്നത് പരിശോധിക്കേണ്ടത് പ്രധാനമാണെന്നു വ്യക്തമാക്കുകയാണ് പുതിയ കണ്ടെത്തൽ.
അനീമിയയെക്കുറിച്ച് അറിയാം
കോശങ്ങളിലേക്ക് ഓക്സിജൻ എത്തിക്കുന്നതും തിരിച്ച് കാർബൺഡയോക്സൈഡിനെ ശ്വാസകോശങ്ങളിലേക്ക് എത്തിക്കുന്നതുമായ സുപ്രധാന ധർമം ശരീരത്തിൽ നിർവഹിക്കുന്നത് രക്തത്തിലെ ഹീമോഗ്ലോബിൻ എന്ന ഘടകമാണ്.
ഹീമോഗ്ലോബിന്റെയും ചുവന്ന രക്താണുക്കളുടെയും അളവിൽ ഗണ്യമായ കുറവുണ്ടാവുന്നതാണ് വിളർച്ച എന്ന രോഗാവസ്ഥയ്ക്കിടയാക്കുന്നത്. ഗുരുതരമായ രോഗങ്ങളുടെ മുന്നോടിയായും വിളർച്ച വരാം. ഹീമോഗ്ലോബിന്റെ കുറവുമൂലം കോശങ്ങൾക്ക് ഓക്സിജൻ കിട്ടാതെവരുന്നത് ശരീരത്തിന്റെ മൊത്തം പ്രവർത്തനങ്ങളെയും ബാധിക്കും. ചെറിയ ആയാസങ്ങൾപോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്.
പുരുഷന്മാരിൽ ഹീമോഗ്ലോബിന്റെ നില 13gm/dlലും കുറവാണെങ്കിൽ വിളർച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളിൽ 12gm/dlലും ഗർഭകാലത്ത് 11.5gm/dlലും കുറയുന്നത് വിളർച്ചയുടെ സൂചനയാണ്. മുലപ്പാലിനുപകരം പശുവിൻപാൽമാത്രം കുടിച്ചുവളരുന്ന കുട്ടികളിലും വിളർച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ചില കാരണങ്ങളാൽ ആഹാരത്തിൽനിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള ശേഷി ചിലർക്ക് കുറവാകും. ഇതും വിളർച്ചയ്ക്ക് ഇടയാക്കാറുണ്ട്. കൊക്കപ്പുഴുബാധ വിളർച്ചയ്ക്കിടയാക്കുന്ന മറ്റൊരു ഘടകമാണ്.
വിളർച്ചയുടെ കാരണങ്ങൾ
ആർത്തവം, ആർത്തവസമയത്തെ അമിത രക്തസ്രാവം, പ്രസവസമയത്തെ രക്തനഷ്ടം, ഇരുമ്പ്, ഫോളിക് ആസിഡ് തുടങ്ങിയവ അടങ്ങിയ ഭക്ഷണം കഴിക്കാതിരിക്കൽ, വിരബാധ, രക്തസ്രാവമുണ്ടാക്കുന്ന വ്രണങ്ങൾ, ദീർഘകാല രോഗങ്ങൾ.
ഹീമോഗ്ലോബിൻ അളവ്
രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് പരിശോധിച്ചാണ് വിളർച്ച കണ്ടെത്തുന്നത്. ഹീമോഗ്ലോബിൻ സ്ത്രീകളിൽ വേണ്ടത് 12 മുതൽ 15 ഗ്രാം വരെ. പുരുഷന്മാരിൽ 13 മുതൽ 17 വരെ.
കുട്ടികളിൽ 11 മുതൽ 16 ഗ്രാം വരെ. ഗർഭിണികളിൽ കുറഞ്ഞത് 11 ഗ്രാം വരെ. ഇതിൽ കുറവാണ് ഹീമോഗ്ലോബിനെങ്കിൽ വിളർച്ച ഉള്ളതായി കണക്കാക്കാം.
ഇലക്കറികൾ നല്ലതാണ്
ഇരുമ്പുസത്തും വൈറ്റമിനുകളും കൂടുതൽ അടങ്ങിയ മുരിങ്ങയില, ചീര, പയർ ഇല, അഗത്തിച്ചീര തുടങ്ങിയ പച്ചക്കറി, തവിടോട് കൂടിയ ധാന്യങ്ങൾ, മുളപ്പിച്ച കടല, പയറുവർഗങ്ങൾ എന്നിവയിൽ ഇരുമ്പ് സത്തും വൈറ്റമിനുകളും കൂടുതലുണ്ട്. മാംസം, മത്സ്യം, കോഴി, കരൾ തുടങ്ങിയവയിലും ഇരുമ്പ് കൂടുതലുണ്ട്.
ശ്രദ്ധിക്കേണ്ടത്
ഭക്ഷണത്തിന് ശേഷം ഒരു മണിക്കൂറിനുള്ളിൽ ചായയും കാപ്പിയും ഒഴിവാക്കുക. ഇത് ഇരുമ്പിന്റെ ആഗിരണം കുറയ്ക്കും. വൈറ്റമിൻ സി അടങ്ങിയ ഭക്ഷണപദാർഥങ്ങൾ എല്ലാ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.
വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ
ഹൃദയമിടിപ്പ് കൂടുക, തളർച്ച, ക്ഷീണം, നെഞ്ചിടിപ്പ്, കൺപോളകൾ വിങ്ങുക, ദേഷ്യം, കിതപ്പ്, ശ്വാസംമുട്ടൽ, തണുപ്പ് സഹിക്കാൻ വയ്യാതാവുക, മുടികൊഴിച്ചിൽ, തലകറക്കം, ആഹാരത്തോട് വെറുപ്പ്, വിളറിയ വെളുപ്പുനിറം, പ്രത്യേകിച്ച് കണ്ണിനുതാഴെയുള്ള ശ്ലേഷ്മസ്തരത്തിലും ചർമത്തിലും നാക്കിലും, ഏകാഗ്രതക്കുറവ്, പകലുറക്കം കൂടുക, ഇരുമ്പിന്റെ അഭാവംമൂലമുണ്ടാകുന്ന വിളർച്ചയുടെ പ്രത്യേകതരം രോഗലക്ഷണമായ കല്ല്, കട്ട, അരി, പേപ്പർ, പെയിന്റ്, തടി, തലമുടി ഇവ കഴിക്കാൻ തോന്നുക, കാലിൽ രൂപപ്പെടുന്ന നീര്, ആന്തരിക രക്തസ്രാവത്തിന്റെ മുഖ്യലക്ഷണമായ മലം കറുത്തനിറത്തിൽ പോകുക എന്നിവയാണ് വിളർച്ചയുടെ പ്രധാന ലക്ഷണങ്ങൾ.
എങ്ങനെ തടയാം?
- ഇരുമ്പുസത്തും വൈറ്റമിനുകളും അടങ്ങിയ ഭക്ഷണം ദിവസവും കഴിക്കുക.
- ഗർഭകാലത്ത് അയൺ ഫോളിക് ആസിഡ് ഗുളിക കഴിക്കുക.
- കൗമാരപ്രായക്കാർ അയൺ ഫോളിക് ആസിഡ് ഗുളിക ആഴ്ചയിൽ ഒന്നുവീതം ഭക്ഷണത്തിനുശേഷം കഴിക്കുക.
- ആറുമാസത്തിലൊരിക്കൽ വിരശല്യത്തിനെതിരേയുള്ള ഗുളിക കഴിക്കുക.
- വീടിന് പുറത്തിറങ്ങുമ്പോൾ പാദരക്ഷ ഉപയോഗിക്കുക.
- ടോയ്ലറ്റിൽ പോയശേഷം കൈകൾ സോപ്പുപയോഗിച്ച് കഴുകുക.
Content Highlights: Explore the latest findings from the ICMR anemia survey, highlighting significant health trends and challenges faced by women across various regions.