പെൺമക്കൾക്കായുള്ള പിറന്നാൾ സമ്മാനം; ഗർഭാശയഗള അർബുദം തടയാൻ എച്ച്.പി.വി. വാക്സിൻ

കണ്ണൂർ: പെൺമക്കളുടെ ആരോഗ്യകരമായ ഭാവിക്ക് വാക്സിൻ നൽകാൻ എന്തിനാണ് മടി. ഭാവിയിൽ ഗർഭാശയഗള അർബുദം തടയാൻ ചെറിയ കരുതൽ മാത്രം മതി. സംശയം മാറ്റിവെച്ച് ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) വാക്സിൻ നിർബന്ധമായും എടുക്കുകയെന്നതാണ് ആ കരുതൽ. 14-നും 15-വയസ്സിനുമിടയിലുള്ള പെൺകുട്ടികൾക്ക് സൗജന്യമായാണ് ഗർഭാശയഗള അർബുദത്തെ തടയാനുള്ള എച്ച്.പി.വി. വാക്സിൻ നൽകുന്നത്.
വിപണിയിൽ 4000-5000 രൂപവരെ വിലയുള്ള വാക്സിനാണിത്. പ്രഥമികാരോഗ്യകേന്ദ്രം മുതൽ ജില്ലയിലെ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ സൗജന്യമായി ലഭിക്കും. എച്ച്.പി.വി. വാക്സിൻ ബുക്ക് ചെയ്യാനായി U-WIN പോർട്ടലിൽ രജിസ്റ്റർചെയ്യണം.
വാക്സിൻ നൽകിയത് 58 ശതമാനം മാത്രം
ഈ വർഷം ഫെബ്രുവരി 28-നാണ് വാക്സിനേഷൻ തുടങ്ങിയത്. മേയിൽ അവസാനിപ്പിക്കേണ്ട വാക്സിനേഷൻ രണ്ടുതവണയായി ഡിസംബർ 31 വരെ നീട്ടി. ആദ്യഘട്ടത്തിൽ 14-ാം പിറന്നാൾ ആഘോഷിച്ച പെൺകുട്ടികൾക്കാണ് വാക്സിൻ നൽകുന്നത്. നിലവിൽ ജില്ലയിലെ 58 ശതമാനം പേർ മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. സെപ്റ്റംബർ പകുതിവരെ ഇത് 56.65 ശതമാനം ആയിരുന്നു. ഗാർഡാസിൽ എന്ന പ്രതിരോധ വാക്സിനാണ് വിതരണം ചെയ്യുന്നത്.
വാക്സിന് പാർശ്വഫലങ്ങളുണ്ടോ എന്നതാണ് പലരുടെയും പേടി. എന്നാൽ വാക്സിൻ എടുക്കുന്നതുകാരണം ദീർഘകാല പാർശ്വഫലങ്ങൾ ഒന്നുമില്ലെന്നാണ് പഠനങ്ങൾ തെളിയിക്കുന്നതെന്നാണ് ആരോഗ്യവിദഗ്‌ധർ പറയുന്നത്. സാധാരണ വാക്സിനുകൾ ചില കുട്ടികളിൽ അവരുടെ ശാരീരിക പ്രത്യേകതകൾ കാരണം പനി, വേദന, തൊലിപ്പുറത്ത് തടിച്ചുവരൽ എന്നിവയുണ്ടാക്കുന്നതുപോലുയുള്ള താത്‌കാലിക പാർശ്വഫലങ്ങൾ കണ്ടേക്കാം. 14-ാം വയസ്സിൽ പെൺകുട്ടികൾക്ക് നൽകാവുന്ന പിറന്നാൾ സമ്മാനമാണ് വാക്സിൻ എന്നാണ് ഡോക്ടർമാർ പറയുന്നത്. സെപ്റ്റംബർ പകുതിവരെ കേരളത്തിൽ 64 ശതമാനം പേർ മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകിയത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ മേൽനോട്ടത്തിൽ ആർ.സി.എച്ച്. ഓഫീസർക്കാണ് പദ്ധതിയുടെ ചുമതല.
വാക്സിനൊപ്പം ബോധവത്കരണവും
ആരോഗ്യപ്രവർത്തകരാണ് വാക്സിൻ നൽകേണ്ട കുട്ടികളുടെ പട്ടിക തയ്യാറാക്കുന്നത്. സ്കൂളുകളിൽ ആരോഗ്യവകുപ്പിന്റെ ബോധവത്കരണ ക്ലാസ് നടത്തുന്നുണ്ട്. കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും ഇതുസംബന്ധിച്ച് ബോധവത്കരണം നൽകും. രക്ഷിതാക്കൾ സമ്മതപത്രം നൽകുന്ന കുട്ടികൾക്ക് സ്കൂളുകളിലെത്തിയും വാക്സിൻ നൽകുന്നുണ്ട്. ഗർഭാശയത്തിന്റെ താഴ്ഭാഗത്തെ (സെർവിക്സ്) ബാധിക്കുന്ന അർബുദമാണ് ഗർഭാശയഗള അർബുദം. സ്തനാർബുദം കഴിഞ്ഞാൽ ഇന്ത്യയിൽ സ്ത്രീകളിൽ രണ്ടാമതായി കൂടുതൽ കാണപ്പെടുന്ന അർബുദമാണിത്. 99.7 ശതമാനം ഗർഭാശയഗള അർബുദവും ഹ്യൂമൻ പാപ്പിലോമ വൈറസ് (എച്ച്.പി.വി.) മൂലമുണ്ടാകുന്നതാണ്. വൈറസിന് 200-ഓളം വകഭേദങ്ങളുണ്ടെങ്കിലും 17 എണ്ണമാണ് അർബുദത്തിന് കാരണമാകുന്നത്. രാജ്യത്ത് ഗർഭായഗള അർബുദത്തിന്റെ 83 ശതമാനവും എച്ച്.പി.വി. 16, 18 വകദേദങ്ങൾ മൂലമാണ്. ഇതിനെ പ്രതിരോധിക്കുന്നതാണ് ഇപ്പോൾ നൽകുന്ന വാക്സിൻ.
Content Highlights: Learn how the hpv vaccine is essential for preventing cervical cancer, especially for girls aged 14-15, with free access in health centers.