ആവശ്യത്തിന് ഉറങ്ങിയില്ലെങ്കിൽ അടുത്തദിവസം മൈഗ്രേൻ അറ്റാക്കിന് സാധ്യത കൂടുതൽ- പഠനം

Representative Image| Photo: Canva.com
Representative Image| Photo: Canva.com

മൈഗ്രേന്‍ അഥവാ ചെന്നിക്കുത്ത് ഓരോരുത്തരിലും ഓരോ തരം ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുക. അഞ്ചോ അതിൽക്കൂടുതലോ മണിക്കൂർ നീണ്ടുനിൽക്കുന്ന തലവേദന, നാലുമണിക്കൂർ മുതൽ മൂന്നുദിവസം വരെ നീണ്ടുനിൽക്കുന്ന തലവേദന‌, തലയുടെ ഒരുവശത്തെ വേദന, മിടിക്കുന്ന വേദന, സാധാരണയിൽക്കവിഞ്ഞ അനിയന്ത്രിതമായ വേദന, ചിട്ട മാറിയാലുണ്ടാകുന്ന വേദന, ഛർദി അല്ലെങ്കിൽ ശബ്ദത്തോടോ വെളിച്ചത്തോടോ ഉള്ള അസഹിഷ്ണുത തുടങ്ങിയവ മൈ​ഗ്രേനിന്റെ ലക്ഷണങ്ങളാണ്. പ്രധാനമായും തലയുടെ ഒരുവശത്തുള്ള ചെന്നിയിൽ അതികലശലായ കുത്തിനോവായി പ്രകടമാകുന്നതിനാൽ ചെന്നിക്കുത്തെന്ന പേരിലാണ് പ്രാദേശികമായി മൈ​ഗ്രേൻ അറിയപ്പെടുന്നത്. ഇപ്പോഴിതാ ഉറക്കം ശരിയാകാത്തതും മൈ​ഗ്രേനും തമ്മിലുള്ള ബന്ധത്തേക്കുറിച്ച് പഠനം നടത്തിയിരിക്കുകയാണ് ​ഗവേഷകർ. 

രാത്രി മതിയായി ഉറക്കം ലഭിക്കാത്തവരിൽ തൊട്ടടുത്ത ദിവസം രാവിലെ മൈ​ഗ്രേൻ അറ്റാക്ക് ഉണ്ടാകുന്നതിനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് ​ഗവേഷകർ പറയുന്നു. ന്യൂറോളജി ജേർണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജോർജ് വാഷിങ്ടൺ യൂണിവേഴ്സിറ്റി ഓഫ് മെഡിസിനിലെ ​ഗവേഷകരാണ് പഠനത്തിനു പിന്നിൽ. ഏഴുവയസ്സുമുതൽ 84 വയസ്സുവരെ പ്രായമുള്ളവരുടെ ആരോ​ഗ്യവിവരങ്ങൾ ശേഖരിച്ചാണ് പഠനം നടത്തിയത്. എത്ര സമയം ഉറങ്ങിയെന്നും ഉറക്കത്തിനിടെ എത്രപ്രാവശ്യം എഴുന്നേറ്റുവെന്നും ഉറക്കത്തിനിടയ്ക്ക് തടസ്സം നേരിട്ടുവോ എന്നുമെല്ലാം പരിശോധിച്ചിരുന്നു. ഒപ്പം മൈ​ഗ്രേൻ അറ്റാക്കുകൾ ഉണ്ടായ സമയവും രേഖപ്പെടുത്തുകയുണ്ടായി. തുടർന്നാണ് ഉറക്കം സുഖകരമല്ലാത്തവരിൽ അടുത്തദിവസം മൈ​ഗ്രേനിനുള്ള സാധ്യത കൂടുതലാണെന്ന് ​ഗവേഷകർ കണ്ടെത്തിയത്. 

ഉറക്കം കുറഞ്ഞത് ഊർജക്കുറവിലേക്ക് നയിക്കുകയും മൈ​ഗ്രേൻ അറ്റാക്കുകൾ വർധിപ്പിക്കുകയും ചെയ്തുവെന്ന് ​ഗവേഷകർ പറയുന്നു. ഇതേക്കുറിച്ച് കൂടുതൽ അവബോധം ഉണ്ടാകുന്നതിലൂടെ ഉറക്കത്തിൽ ചിട്ടപാലിക്കുകയും മൈ​ഗ്രേൻ അറ്റാക്കുകൾക്കുള്ള സാധ്യത കുറയുകയും ചെയ്തേക്കാമെന്നാണ് ​ഗവേഷകർ കരുതുന്നത്. മൈ​ഗ്രേൻ, ക്ലസ്റ്റർ ഹെഡ്എയ്ക്കുകൾ തുടങ്ങി സ്ഥിരമായി തലവേദനകൾ ഉള്ളവരിൽ മതിയായി ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് പ്രധാനമാണെന്നും ​ഗവേഷകർ പറയുന്നു. 

മൈ​ഗ്രേൻ തലവേദന പൂർണമായി മാറ്റാൻ കഴിയുമോ ?

മൈ​ഗ്രേൻ വളരെ സാധാരണയായി കാണുന്ന തലവേദനയാണ്. മൈ​ഗ്രേൻ പൂർണമായി മാറ്റാൻ കഴിയുമോ എന്ന് പലരും ചോദിക്കാറുണ്ട്. ന്യൂറോവാസ്കുലാർ തലവേദനയുടെ വിഭാ​ഗത്തിൽപ്പെടുന്ന തലവേദനയാണിത്. അത് പൂർണമായും മാറ്റാൻ കഴിയില്ല. ചികിത്സയുടെ ഉദ്ദേശം അത് നിയന്ത്രിച്ചുപോവുക എന്നതാണ്. എപ്പോഴും ട്രി​ഗർ ചെയ്യാനുള്ള കാരണമുണ്ടാകും. ഉറക്കമില്ലായ്മ, സമ്മർദം, സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, വെയിൽ കൊള്ളുക, കഠിനമായ ജോലി, വെള്ളം ആവശ്യത്തിന് കുടിക്കാതിരിക്കുക, ഫ്ലാഷ് കണ്ണിലേക്കടിക്കുക തുടങ്ങിയവയൊക്കെ കാരണമാകാം. അവ തടയുകയാണ് രോ​ഗനിയന്ത്രണത്തിൽ പ്രധാനം. 

മറ്റൊന്ന് രോ​ഗം എത്ര ഇടവേളയിലാണ് വരുന്നതെന്ന് പരിശോധിക്കലാണ്. അതികഠിനമായ വേദനയായിരിക്കും മൈ​ഗ്രേന്റേത്. അത് എപ്പോഴൊക്കെയാണ് വരുന്നതെന്ന് പരിശോധിക്കണം. ആഴ്ച്ചയിൽ എത്രതവണ വരുന്നുവെന്ന് പരിശോധിച്ചാൽ മൈ​ഗ്രേൻ വരാതിരിക്കാനുള്ള മരുന്ന് മൂന്നുമുതൽ ആറുമാസത്തോളം തുടർച്ചയായി കഴിക്കേണ്ടിവരും. ചിലരിൽ മാസത്തിൽ ഒന്നോരണ്ടോ തവണയായിരിക്കും വരിക. സ്ത്രീകളിലാണ് മൈ​ഗ്രേൻ വേദന കൂടുതലായി കാണപ്പെടുന്നത്. മാസത്തിൽ ഒന്നോരണ്ടോതവണ മാത്രം വരുന്നതാണെങ്കിൽ ആ സമയത്തുമാത്രം കഴിക്കുന്ന മറ്റൊരു വിഭാ​ഗം മരുന്നുണ്ട്. ഈ മൂന്നുരീതിയിലൂടെയാണ് രോ​ഗം നിയന്ത്രിക്കുന്നത്. 

ഏതാണ് ട്രി​ഗർ ചെയ്യുന്നതെന്ന് സ്വയം മനസ്സിലാക്കാൻ എന്തുചെയ്യണം? 

മൈ​ഗ്രേൻ അനുഭവിക്കുന്നയാൾ തന്നെ അതു കണ്ടുപിടിച്ചിരിക്കണം. വെയിലത്തു നിന്ന് ജോലി ചെയ്യുന്നവരിലും ഉറങ്ങിയില്ലെങ്കിലും വിശപ്പ് അനുഭവിക്കുമ്പോഴുമൊക്കെ വരാം. ചിലരിൽ കാപ്പികുടിച്ചാൽ മൈ​ഗ്രേൻ വരുമെങ്കിൽ ചിലർക്ക് അത് കഴിച്ചാൽ കുറയും. അതുപോലെ തന്നെയാണ് ചോക്ലേറ്റ് കഴിക്കുമ്പോഴും. 

തലവേദനകളിൽ ഏറ്റവും സാധാരണം മൈ​ഗ്രേയ്നാണോ?

തലവേദനകളിൽ ഏറ്റവും സാധാരണമായിട്ടുള്ളത് ടെൻഷൻ ഹെഡ്എയ്ക്കാണ്. എന്തെങ്കിലും സമ്മർദം പെട്ടെന്നുണ്ടാകുമ്പോൾ വരുന്നതാണിത്. തലയിൽ ഇറുകിപ്പിടിക്കുന്നതു പോലെ തോന്നുന്ന അവസ്ഥയാണിത്. എന്നാൽ മൈ​ഗ്രേയ്ന്റേത് ഒരുവശത്തുമാത്രം വിങ്ങുന്നതുപോലെയുള്ള കഠിനമായ വേദനയാണ്. പതുക്കെതുടങ്ങി കൂടിവരുന്ന വേദനയാണിത്. ഉറങ്ങിയാലും വേദനാസംഹാരി കഴിച്ചാലുമൊക്കെ പോകുന്നവയാണ് ടെൻഷൻ തലവേ​ദന. എന്നാൽ മൈ​ഗ്രേൻ തലവേദന അതിനുള്ള മരുന്നുകൾ കഴിച്ചാൽ മാത്രമേ പോകൂ. തലവേദനകളിൽ എൺപതു ശതമാനവും ടെൻഷൻ തലവേദനയും ബാക്കി പതിനഞ്ചു ശതമാനം മൈ​ഗ്രേൻ തലവേദനയുമായിരിക്കും. 

Content Highlights: how a poor nights sleep may trigger migraine headaches