ഒരു മാസംകൊണ്ട് ഹണി സിങ് കുറച്ചത് 18 കിലോ, അമ്പരപ്പിക്കുന്ന മാറ്റം; എന്താണ് താരം പരീക്ഷിച്ച ഡയറ്റ്?

ഇന്ത്യൻ യൂത്തിന്റെ സെൻസേഷനായിരുന്നു ഒരുകാലത്ത് യോയോ ഹണി സിങ്. ഒന്നിനുപിറകെ ഒന്നായി ഹിറ്റുകൾ. പരമ്പരാഗത സംഗീതം ആസ്വദിച്ചവരിൽ പലരും ഹണി സിങ്ങിനെ വിമർശിച്ചെങ്കിലും ചെറുപ്പക്കാർ അദ്ദേഹത്തെ ചേർത്തുപിടിച്ചു. ഇപ്പോഴിതാ, ഗായകൻ പങ്കുവെച്ച ഒരു ഇൻസ്റ്റഗ്രാം പോസ്റ്റ് അദ്ദേഹത്തിന്റെ ആരോഗ്യപരമായ ആശങ്കകൾക്ക് വഴിവെച്ചിരിക്കുകയാണ്. അദ്ദേഹത്തിന് സുഖമില്ലെന്നും വലിയ തോതിൽ ശരീരഭാരം കുറഞ്ഞുവെന്നും ചിലർ അഭിപ്രായപ്പെട്ടപ്പോൾ താൻ ആരോഗ്യവാനാണെന്ന് വെളിപ്പെടുത്തി ഹണി സിങ് നേരിട്ട് രംഗത്തെത്തി.
ഹണി സിങിന് എന്തോ സംഭവിച്ചെന്നു സൂചിപ്പിച്ച് ഒരു ആരാധകൻ വീഡിയോ പങ്കുവെച്ചു. അദ്ദേഹത്തിന്റെ മൂക്കിന് എന്തോ പ്രശ്നമുണ്ടെന്നു തോന്നുന്നുവെന്നും, ആളുകൾക്കറിയാത്ത ഒരു സംഭവം അദ്ദേഹത്തിന്റെ ജീവിതത്തിൽ നടന്നിട്ടുണ്ടെന്നുമാണ് വീഡിയോയിൽ പറയുന്നത്. എന്നാൽ, ഒന്നും സംഭവിച്ചിട്ടില്ലെന്നു വ്യക്തമാക്കിക്കൊണ്ട് ചിരിക്കുന്ന ഇമോജിയോടൊപ്പം ഹണി സിങ് വീഡിയോയ്ക്ക് കീഴിൽ കമന്റിട്ടു. താൻ കഠിനമായി വർക്ക്ഔട്ട് ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വീഡിയോ വൈറലായതോടെ, അദ്ദേഹത്തിന്റെ ഡയറ്റും മാറ്റവും വീണ്ടും ചർച്ചയായിരിക്കുകയാണ്.
ഒരുമാസം കൊണ്ട് ഹണി സിങ് 18 കിലോ കുറച്ചതായി അദ്ദേഹത്തിന്റെ ട്രെയിനർ അരുൺ കുമാർ അവകാശപ്പെട്ടിരുന്നു. വെറും ഒരുമാസംകൊണ്ട് 95 കിലോയിൽനിന്ന് 77 കിലോയിലേക്ക് ഹണി സിങ് എത്തി. ചിട്ടയായ ഭക്ഷണക്രമവും കഠിനമായ വ്യായാമവുമായിരുന്നു അദ്ദേഹത്തിന്റെ ഈ രൂപമാറ്റത്തിന് പിന്നിൽ. ചിക്കൻ, പച്ചക്കറികൾ തുടങ്ങിയ ഭക്ഷണങ്ങളിൽ നിന്ന് ദിവസവും ഏകദേശം 60 ഗ്രാം പ്രോട്ടീൻ ലഭിക്കുന്ന ഭക്ഷണരീതി ആയിരുന്നു അദ്ദേഹം പിന്തുടർന്നിരുന്നത്.
ശരീരം ഡിട്ടോക്സ് ചെയ്യുന്നതിനും മെറ്റബോളിസം വർധിപ്പിക്കാനും ആരോഗ്യകരമായ ഒരു ഗ്രീൻ ജ്യൂസ് കുടിച്ചുകൊണ്ടായിരുന്നു ഹണി സിങ് ദിവസം ആരംഭിച്ചത്. ബീറ്റ്റൂട്ട്, നെല്ലിക്ക, വെള്ളരിക്ക, കാരറ്റ്, മല്ലിയില എന്നിവ ഉൾപ്പെടുന്നതായിരുന്നു ഈ ഡ്രിങ്ക്. ഉച്ചഭക്ഷണത്തിന് ചോറും പുഴുങ്ങിയ ചിക്കനും കഴിക്കും. വൈകീട്ട് ലഘുഭക്ഷണമായി വെജിറ്റബിൾ സൂപ്പോ പുഴുങ്ങിയ ചിക്കനോ ആണ് പതിവ്. പച്ചക്കറികളോ സൂപ്പോ ആണ് അത്താഴമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ഭക്ഷണക്രമത്തില് മാറ്റം വരുത്തുക.)
Content Highlights: Yo Yo Honey Singh's Dramatic 18 kg Weight Loss: Diet and Fitness Journey Revealed